Thursday, January 8, 2009

ഗവിയെപ്പറ്റി അറിയാത്ത ചില കാര്യങ്ങള്‍


ഗവിയെപ്പറ്റി അറിയാത്ത ചില കാര്യങ്ങള്‍
സന്ദീപ്‌ വെള്ളാരംകുന്ന്‌, ബിജു കുര്യന്‍

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നിങ്ങള്‍ക്ക്‌ ഈ നൂറ്റാണ്ടിന്റെ തിരക്കും ബഹളവും മടുത്തുവോ? കാലത്തിനു പിന്നിലൊരിടത്ത്‌, തിരക്കും പിരിമുറുക്കങ്ങളും പരിഷ്‌കാരത്തിന്റെ കടുംവര്‍ണങ്ങളുമില്ലാത്ത ഒരിടത്ത്‌, പ്രകൃതിയുടെ സ്വസ്ഥതയില്‍, ഒരിടവേള കിട്ടിയിരുന്നെങ്കില്‍ എന്നു നിങ്ങള്‍ ആഹ്രഹിക്കാറുണ്ടോ? ഒരു പക്ഷേ നിങ്ങള്‍ അന്വേഷിക്കുന്ന സ്ഥലം ഗവി ആയിരിക്കണം.
നമ്മുടെ നൂറ്റാണ്ട്‌ ഇനിയും കടന്നു ചെന്നിട്ടില്ലാത്ത സ്ഥലമാണു നമ്മുടെ നാട്ടില്‍ത്തന്നെയുള്ള ഈ ഗ്രാമം. നമ്മുടെ നാട്ടിലോ എന്ന്‌ അത്ഭുതം കൂറേണ്ട. ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ അതിര്‍്‌ത്തിയിലാണു ഗവി. ചുറ്റുപാടുകളിലൂടെ പാഞ്ഞുപോയ കാലം ഗവി കണ്ടില്ലെന്നു തോന്നുന്നു. കാല്‍ നൂറ്റാണ്ടിലേറെയായി മുഖ്യധാര യില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന ഈ ഗ്രാമത്തിന്‌ അതിനും വളരെ മുമ്പേ വളര്‍ച്ച അവസാനിച്ചുവെന്നു പറയാം.
വാഹനങ്ങള്‍ പായുന്ന റോഡില്‍ നിന്ന്‌ ഇരുപതോ മുപ്പതോ കിലോമീറ്റര്‍ അകലെ. പക്ഷേ അവിടെയെത്തിയാല്‍ പ്രാചീനമായ ഒരു ജീവിത രംഗത്ത്‌ എത്തിയതുപോലെ നിങ്ങള്‍ക്കു തോന്നും. ആധുനികതയുടെ യാതൊരു മുദ്രയും പതിഞ്ഞിട്ടില്ലാത്ത ഗ്രാമം.
വാഹനങ്ങളുടെ ശബ്‌ദ കോലാഹലമോ മൊബൈല്‍ഫോണുകളുടെ റിംഗ്‌ ടോണോ ഫോണ്‍ ബെല്ലോ ഇവിടെ നിങ്ങള്‍ക്കു കേള്‍ക്കാനാവില്ല. രണ്ടുമാസങ്ങള്‍ക്കു മുന്‍പായിരുന്നെങ്കില്‍ വൈദ്യുത വിളക്കും നിങ്ങളിവിടെ കാണുകയില്ലായിരുന്നു. കാഷ്‌്‌മീരിനെയും, കന്യാകുമാരിയെയും, സിംലയെ യും വെല്ലുന്ന പ്രകൃതി ലാവണ്യം ഗവിയുടെ പ്രത്യേകതയാണ്‌. ടൂറിസ്റ്റുകളെ ഇതു ഹഠാദാകര്‍ഷിക്കുമെന്നതിനു സംശയമില്ല.വണ്ടിപ്പെരിയാറില്‍ നിന്ന്‌ ഗെവി, കൊച്ചുപമ്പ റൂട്ടിലുണ്ടായിരുന്ന ഏക സ്വകാര്യ ബസ്‌ കുറെക്കാലമായി ഇല്ല.അടുത്തിടെ ഗവിയിലൂടെ ഒരു കെ.എസ്‌ ആര്‍.ടിസി ബസ്‌്‌ പത്തനംതിട്ട വഴി കുമളിക്കു സര്‍വീസ്‌ നടത്തുന്നുണ്ട്‌.
ടൂറിസത്തിന്റെ വീക്ഷണ കോണില്‍ ഗവിയുടെ ഗവിയുടെ ഈ തനിമ അതിന്റേതായ രീതിയില്‍ത്തന്നെ നിലനില്‍ക്കണമെന്ന തോന്നലാണ്‌ പൊതുവേ ഉള്ളത്‌. അതിന്റെ ഫലമോ? ഗവിയിലെ നിവാസികളായ തോട്ടം തൊഴിലാളികള്‍ കാലങ്ങള്‍ക്കു പിന്നിലാണ്‌ ഇപ്പോഴും. രണ്ടുമാസം മുമ്പുവരെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം മാത്രമായിരുന്നു ഗവിയിലുണ്ടായിരുന്നത്‌. പത്തുകിലോമീറ്റര്‍ അപ്പുറത്ത്‌ വൈദ്യുതി സബ്‌ സ്റ്റേഷനുണ്ടായിട്ടും ഒരു അവിടെ വൈദ്യുതി എത്താന്‍ കാല്‍നൂറ്റാണ്ടു കാത്തിരിക്കേണ്ടി വന്നു. കാരണമുണ്ട്‌ - ഗവി ഒരു വോട്ടുബാങ്കല്ല, നാട്ടിലെ മാറ്റങ്ങള്‍ തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന തിരിച്ചറിവില്‍ മുറവിളി കൂട്ടാനും, കൊടിപിടിക്കാനും അവിടെത്തെ പാവപ്പെട്ട തൊഴിലാളികള്‍ ശ്രമിച്ചിട്ടില്ല. ഗവിയിലെ കുട്ടികള്‍ക്ക്‌ അധ്യയനം നടത്താന്‍ ഒരു തമിഴ്‌ മീഡിയം സ്‌കൂളുണ്ട്‌. ഏഴാംക്ലാസുവരെ ഇവിടെ പഠിക്കാം. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കാന്‍ വണ്ടിപ്പെരിയാറില്‍ പോകണം. കാട്ടുപാതയിലൂടെ ഇത്രദൂരം എങ്ങനെ കുട്ടികള്‍ പഠിക്കാന്‍ പോകും? ആരു തിരക്കാന്‍ ! വണ്ടിപ്പെരിയാറിലേക്കുള്ള ബസുകൂടി നിലച്ചതോടെ കുട്ടികളുടെ പഠനം നിലച്ചു.
മലയാളം മീഡിയം സ്‌കൂളുകള്‍ക്കു കുട്ടികളെ കിട്ടാതായതോടെ നാട്ടിലെ ചില പള്ളിക്കൂടങ്ങളില്‍ ഗവിയിലെ കുട്ടികളുടെ പേരുകള്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. പക്ഷേ ഈ കുട്ടികള്‍ക്ക്‌ ആ സ്‌കൂളുകളില്‍ എത്താന്‍ കഴിയാറില്ല. അത്യാവശ്യമുള്ളപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ വാഹനവുമായെത്തി കുട്ടികളെ കൊണ്ടുപോയി ഹാജര്‍ വയ്‌പിക്കും. നാട്ടിലുള്ളവരുടെ ജോലിസംരക്ഷിക്കാന്‍ അങ്ങനെ ഗവിയിലെ കുട്ടികളുടെ പേരുകള്‍ ഉപയോഗിക്കപ്പെടുന്നു. ഒരു റേഷന്‍കട, അനുബന്ധമായി മുറുക്കാന്‍ കട, പോസ്റ്റ്‌ ഓഫീസ്‌, ആശുപത്രി എന്നിവ ഗവിയിലുണ്ട്‌. വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായതാണവ. പിന്നീട്‌ ഒന്നും ഉണ്ടായിട്ടില്ല.
പഞ്ചായത്ത്‌, വില്ലേജ്‌ ഓഫീസുകളില്‍ എന്തിനെങ്കിലും പോകണമെങ്കില്‍ രണ്ടുദിവസം യാത്ര നടത്തേണ്ട ഒരു ജനതയെ കേരളത്തില്‍ മറ്റെവിടെയെങ്കിലും കാണാനാകുമോ? സീതത്തോട്ടിലാണ്‌ ഗവി നിവാസികളുടെ ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌. വില്ലേജ്‌ ഓഫീസും സീതത്തോട്‌ - ചിറ്റാറില്‍. വണ്ടിപ്പെരിയാര്‍ വഴി റാന്നിയിലെത്തി, അവിടെനിന്നു സീതത്തോട്ടില്‍ എത്തുവാന്‍ നൂറുരൂപയിലധികം വണ്ടിക്കൂലിയായി ചെലവാകും. അങ്ങനെ ആധുനിക സൗകര്യങ്ങളെല്ലാം അകന്നുകിടക്കുന്ന ഗവിയിലേക്കുള്ള പാത ദുര്‍ഘടമാണ്‌. എന്നാല്‍ ഈ യാത്രയ്‌ക്കിടയില്‍ കണ്‍മുന്നില്‍ കാണുന്നതെല്ലാം നമുക്ക്‌ അസാധാരണ കാഴ്‌ചകളാകുന്നു. കിലോമീറ്ററുകളോളം പടര്‍ന്നു കിടക്കുന്ന വനത്തിന്റെ അഗാധമായ വന്യതയും ആനയും, പോത്തും, കാട്ടുപന്നിയും മാനുകളുമുള്‍പ്പെടെയുള്ള മൃഗങ്ങളുടെ സാന്നിധ്യവും ഇവിടേക്കുള്ള യാത്ര എക്കാലവും സഞ്ചാരികള്‍ക്ക്‌ അവിസ്‌മരണീയമാക്കും.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്കന്‍ പ്രസിഡന്റ്‌ സിരിമാവോ ബന്ദാരനായകയും തമ്മില്‍ 1977 ല്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ശ്രീലങ്കന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിച്ച സ്ഥലമാണ്‌ ഗവി. കേരളാ സ്റ്റേറ്റ്‌ ഫോറസ്റ്റ്‌ ഡെവലപ്‌മെന്റ്‌ œകോര്‍പറേഷന്റെ കീഴിലാണ്‌ ഈ തൊഴിലാളികളെ പുനരധിവസിപ്പിച്ചത്‌. ഏലംകൃഷി നടത്തി തൊഴിലാളികള്‍ക്ക്‌ ജോലി നല്‌കുകയെന്നതായിരുന്നു പ്രാഥമിക നടപടി. ഇതനുസരിച്ച്‌ 913 ഹെക്‌ടര്‍ സ്ഥലത്താണ്‌ തുടക്കത്തില്‍ ഏലംകൃഷി ചെയ്‌തത്‌. 174 കുടുംബങ്ങളെയാണ്‌ ഇത്തരത്തിലുള്ള കരാര്‍ പ്രകാരം പുനരധിവസിപ്പിച്ചത്‌.
പിന്നീട്‌ ഏലംകൃഷിയില്‍ നിന്നു കാര്യമായ വരുമാനം ലഭിക്കാതായപ്പോള്‍ 1996 ല്‍ ഇക്കോഡെവലപ്‌മെന്റ്‌ പദ്ധതി പ്രകാരം പ്രദേശവാസികളുടെകൂടി സഹകരണത്തോടെ ഗവിയില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുകയായിരുന്നു. നാല്‌പതു കോടി രൂപമുടക്കിയാണ്‌ ഗവിയില്‍ ഇത്തരത്തില്‍ ടൂറിസം പദ്ധതി നടപ്പിലാക്കിയത്‌. തദ്ദേശീയരായ ശ്രീലങ്കന്‍ വംശജരെ ഗൈഡുകളായും മറ്റും നിയമിച്ചുകൊണ്ടാണ്‌ ടൂറിസം പദ്ധതിയുടെ നടത്തിപ്പ്‌. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനം തൊഴിലാളികളുടെ ക്ഷേമത്തിനായാണ്‌ മാറ്റിവച്ചിരിക്കുന്നതെന്ന്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. സഞ്ചാരികള്‍ ധാരാളം എത്താറുണ്ടെങ്കിലും നാടിന്റെ അടിസ്ഥാന വികസനത്തില്‍ ഉണ്ടായ മാന്ദ്യം ഗവിയെ പലകാര്യങ്ങളിലും പിന്നില്‍ നിര്‍ത്തുന്നു. നഷ്‌ടത്തിന്റെ കണക്കുകള്‍ മാത്രമുണ്ടായിരുന്ന വനം വികസന കോര്‍പ്പറേഷന്‍ ടൂറിസം മേഖലയില്‍ കാലെടുത്തുവയ്‌ക്കാന്‍ ആദ്യം ഒന്ന്‌ അറച്ചതാണ്‌. ഇന്നും പദ്ധതി പൂര്‍ണമായിട്ടില്ല. സമ്പന്നര്‍ക്കുവേണ്ടിയുള്ള ടൂറിസത്തിലാണ്‌ അധികൃതര്‍ക്കു താത്‌പര്യമെന്നു തോന്നുന്നു. സാധാരണക്കാര്‍ക്കും, ആഭ്യന്തര സഞ്ചാരികള്‍ക്കും ഗവിയിലെ സൗകര്യങ്ങള്‍ പലതും അപ്രാപ്യമാണ്‌. കുടിക്കാന്‍ വെള്ളം പോലും കിട്ടാതെ ഇത്തരം സഞ്ചാരികള്‍ വലയാറുണ്ട്‌.
ഗവിയിലെത്താന്‍ പ്രധാനമായും രണ്ടു യാത്രാപാതകളാണുള്ളത്‌. ഇടുക്കി ജില്ലയില്‍ നിന്നാണെങ്കില്‍ വണ്ടിപ്പെരിയാര്‍ വള്ളക്കടവു വഴി വനത്തിലൂടെയുള്ള പാതയിലൂടെ യാത്രചെയ്യണം. തേക്കടിയില്‍ നിന്നു 40 കിലോമീറ്ററാണ്‌ ഇവിടേ്‌ക്കുള്ള ദൂരം. മറ്റൊന്ന്‌ പത്തനംതിട്ട ആങ്ങമൂഴി വഴിയാണ്‌. നാല്‌പത്താറു കിലോമീറ്ററാണ്‌ ഇതുവഴി ഗവിയിലേക്കുള്ള ദൂരം. തേക്കടിയില്‍ നിന്നു പുറപ്പെട്ട്‌ വണ്ടിപ്പെരിയാര്‍ വള്ളക്കടവു കഴിഞ്ഞാല്‍ പിന്നീടു ഗവിയിലേക്കുള്ള യാത്രാപാതയിലെ 20 കിലോമീറ്റര്‍ ദൂരം കൊടുങ്കാട്ടിലൂടെയാണ്‌ വന്യമൃഗങ്ങളും വഴിത്താരയാക്കാറുള്ള പൊട്ടിപ്പൊളിഞ്ഞ ടാര്‍റോഡിലൂടെ ആടിക്കുലുങ്ങി വേണം യാത്രചെയ്യാന്‍. പാതയിലുടനീളം കാട്ടാനക്കൂട്ടങ്ങളെയും കാട്ടുപന്നി, മാന്‍ മ്ലാവ്‌ തുടങ്ങിയ മൃഗങ്ങളെയും കാണാനാവും. ഗവിയിലേക്കു വിദേശികളുള്‍പ്പെടെയുള്ള വിനോദസഞ്ചാരികളുടെ നിത്യസന്ദര്‍ശനമുള്ളതിനാല്‍ വന്യമൃഗങ്ങള്‍ക്കു സഞ്ചാരികള്‍ പരിചിതരായിത്തീര്‍ന്നിരിക്കുന്നു. വള്ളക്കടവുമുതലുള്ള യാത്ര വനത്തിലൂടെയായതിനാല്‍ യാത്രയില്‍ ആധുനിക സൗകര്യങ്ങളൊന്നും തന്നെ ലഭ്യമാകില്ല. യാത്രക്കാര്‍ക്കു ഭക്ഷണപാനീയങ്ങള്‍ ലഭിക്കുന്ന അവസാനത്തെ പോയിന്റാണ്‌ വള്ളക്കടവ്‌. ഇനിയുള്ള നീണ്ട ഇരുപതു കിലോമീറ്റര്‍ യാത്രയില്‍ വനത്തിന്റെ കാഴ്‌ചകള്‍ അനുഭൂതിയാക്കാം.ഗവിയിലെത്തിയാല്‍ പിന്നീട്‌ നമുക്ക്‌ ആധുനിക ലോകത്തിന്റെ സൗകര്യങ്ങളെല്ലാം അന്യമാകുകയാണ്‌. വാര്‍ത്താവിനിമയ സംവിധാനമായുള്ളത്‌ തപാല്‍ മാത്രം. ഗവിയിലെത്തുന്ന സഞ്ചാരികള്‍ക്ക്‌ താമസിക്കാനായി വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ്‌ഹൗസില്‍ മുറികള്‍ ലഭിക്കും. മൂന്നു നേരം ഭക്ഷണം ഉല്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇക്കോഡെവലപ്‌മെന്റ്‌ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്‌. ഇതുകൂടാതെ വനത്തിനുള്ളില്‍ പ്രത്യേകസ്ഥലത്ത്‌ ടെന്റടിച്ചു താമസിക്കുന്നതിനുള്ള സൗകര്യവുമുണ്ട്‌. ചുറ്റും ട്രഞ്ചുകള്‍ കുഴിച്ചു വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നുരക്ഷ ഉറപ്പുവരുത്തിയിട്ടുള്ള ഇവിടെയും ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭിക്കും. ഈ രണ്ടു വിധത്തിലുമുള്ള സൗകര്യങ്ങള്‍ ആസ്വദിച്ചു കഴിയണമെങ്കില്‍ കനത്ത തുക നല്‌കേണ്ടിവരുമെന്നു മാത്രം. ഗവിയിലെ ചെറിയ തടാകത്തില്‍ ബോട്ടിംഗ്‌ നടത്തിയും ഇവിടെ പ്രത്യേകം തയാറാക്കിയിട്ടുള്ള പൂന്തോട്ടത്തില്‍ ചുറ്റി സഞ്ചരിച്ചുമൊക്കെ സഞ്ചാരികള്‍ക്ക്‌ പ്രകൃതിയുടെ സഹവാസാനുഭൂതി ആവോളം നുകരാനാവും.
നിരവധി ജലവൈദ്യുത പദ്ധതികളുടെ സാന്നിധ്യം സഞ്ചാരികള്‍ക്കു കാവ്‌ചകള്‍ക്കു വിരുന്നാവും. മൂഴിയാര്‍ മുതല്‍ ശബരിഗിരി വരെയുള്ള നിരവധി ജലവൈദ്യുത പദ്ധതികലാണു ഗവിയിലെ സഞ്ചാരികളുടെ കണ്ണുകള്‍ക്കു വിരുന്നാവുന്നത്‌. നോക്കെത്താ ദൂരത്തോളം പെരുമ്പാമ്പിനെപ്പോലെ നീണ്ടു പരന്നുകിടക്കുന്ന പെന്‍സ്റ്റോക്ക്‌ പൈപ്പുകളും ജലസംഭരണികളും പുതുമ നിറഞ്ഞ കാഴ്‌ചകളാവും സഞ്ചാരികള്‍ക്കും.
ചിത്രങ്ങള്‍: ജേക്കബ്‌ തപോവനം

4 comments:

Social work said...

sandeep,
excellent article, well written, informative... congarts to u....

i hav visitd gavi once. i would like to know whether all inhabitants are from srilanka? do they have voting rights? if u knw, pls do write..

once again, thanks for ur excellent post.

Social work said...

i have visited gavi last week.
the tourism project is in full swing now.

there are some other places of interest in that route.
the urani lake is one of them.

ഷിനോ .. said...

i have visited this place ..actually from chittar to vallakkadavu through gavi...
unforgettable experience ..!!!!
thanks for this excellent post

Unknown said...

സന്ദീപ്‌... ആദ്യം തന്നെ ഗവിയെപ്പറ്റി വിജ്ഞാനപ്രദമായ നല്ല ഒരു പോസ്റ്റിട്ടതിന്‌ നന്ദി പറയുന്നു. കഴിഞ്ഞ കുറേ നാളുകളായി ഗവിയെക്കുറിച്ച്‌ ഒരുപാട്‌ കേട്ടിട്ടുണ്ട്‌. ഗവിയിൽ താമസസൗകര്യം മുൻ കൂട്ടി ബുക്ക്‌ ചെയ്യുവാനുള്ള സംവിധാനം ഉണ്ടോ? താമസത്തിന്‌ എകദേശം എത്ര ചിലവ്‌ പ്രതീക്ഷിക്കാം? അതുപോലെ തന്നെ പ്രവേശന ഫീസ്‌ വല്ലതുമുണ്ടോ? ആളുകൾക്കും വാഹനങ്ങൽക്കും... ഇതിനേക്കുറിച്ചൊക്കെ എന്തെങ്കിലും അറിവുണ്ടെങ്കിൽ ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്ന് അറിയിച്ചാൽ വളരെ ഉപകാരം. എന്റെ ഇമെയിൽ വിലാസം : sunilkgopinath@gmail.com. ഞാൻ ഫെബ്രുവരിയിൽ നാട്ടിൽ വരുമ്പോൽ ഗവിയിൽ പോകുവാനായി പ്ലാൻ ചെയ്യുന്നുണ്ട്‌.