Wednesday, May 27, 2009

നെല്ലിയാമ്പതി



പാവപ്പെട്ടവന്റെ ഊട്ടി എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലമാണ്‌ നെല്ലിയാമ്പതി. പാലക്കാട്‌ ജില്ലയിലുള്‍പ്പെടുന്ന ഈ പ്രദേശം മഞ്ഞിന്റെ പുതപ്പുമായാണ്‌ മിക്കസമയങ്ങളിലും ദൃശ്യമാകുക. പാലക്കാടു നിന്നും എഴുപതോളം കിലോമീറ്റര്‍ അകലെയായാണ്‌ നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്‌. തേയില ,കാപ്പിത്തോട്ടങ്ങളും വനമേഖലയും,പച്ചപുതച്ച മലനിരകളുമാണ്‌ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്‌.മികച്ച രീതിയില്‍ പരിപാലിക്കുന്ന നിരവധി തേയിലത്തോട്ടങ്ങള്‍ നെല്ലിയാമ്പതിയിലുണ്ട്‌. നെല്ലിയാമ്പതിയിലുള്ള മാമ്പാറ,കേശവന്‍പാറ എന്നിവിടങ്ങളില്‍ നിന്നാല്‍ പാലക്കാട്‌ പൊള്ളാച്ചി നഗരങ്ങളുടെ വിദൂരദൃശ്യം കാണാനാവും.പാലക്കാട്‌ ജില്ല ചൂടുകൂടിയ സ്ഥലമാണെങ്കിലും എപ്പോഴും തണുപ്പു നിറഞ്ഞു നില്‍ക്കുന്ന സ്‌ഥലം കൂടിയാണ്‌ നെല്ലിയാമ്പതി.
ഏ ത ാണ്ട്‌ ഹൈറേഞ്ചിലേതുപോലുള്ള കാലാവസ്ഥയാണ്‌ ഇവിടെയും അനുഭവപ്പെടുന്നത്‌.അപൂര്‍വ സസ്യങ്ങളുടെയും പുഷ്‌പങ്ങളുടെയും സംഗമകേന്ദ്രംകൂടിയാണ്‌ നെല്ലിയാമ്പതി മലനിരകള്‍. നെല്ലിയാമ്പതി മലനിരകളില്‍ ഏറ്റവും ഉയരത്തിലുള്ളത്‌ 1572-ലധികം മീറ്റര്‍ ഉയരത്തിലുള്ള പാദഗിരി കൊടുമുടിയാണ്‌.ഇതിനടുത്തായുള്ള സീതാര്‍കുണ്ട്‌ എന്ന സ്ഥലത്ത്‌ വനവാസകാലത്ത്‌ രാമനും ലക്ഷ്‌മണനും സീതയും താമസിച്ചിരുന്നുവെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. നെല്ലിയാമ്പതിയിലെ വനമേഖലയില്‍ നിന്ന്‌ ആന ,മാന്‍ ഉള്‍പ്പെടയുള്ള നിരവധി വന്യമൃഗങ്ങളെ കാണാനാവും.നെന്‍മാറയില്‍ നിന്നാണ്‌ നെല്ലിയാമ്പതിയിലേക്കു പോകുന്നത്‌. നിരവധി ഹെയര്‍പിന്‍ വളവുകളും മലനിരകളും താഴ്‌വാരങ്ങളും നെല്ലിയാമ്പതിയിലേക്കുള്ള യാത്രതന്നെ അവിസ്‌മരണീയമാക്കുന്നു.ഇതോടൊപ്പം ഓറഞ്ചു തോട്ടങ്ങളുള്ള പ്രദേശംകൂടിയാണ്‌ നെല്ലിയാമ്പതി . നെല്ലിയാമ്പതിയിലേക്കുള്ള യാത്രാ മധ്യേയാണ്‌ പോത്തുണ്ടി ഡാം. നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരികളുടെ ഒരു ഇടത്താവളംകൂടിയാണ്‌ പോത്തുണ്ടി ഡാം.
നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വാരത്തിലായാണ്‌ പോത്തുണ്ടി ഡാം നിര്‍മിച്ചിരിക്കുന്നത്‌. നെന്മാറയിലും പരിസര പ്രദേശങ്ങളിലും നെല്‍ക്കൃഷിക്കും മറ്റും ജലസേചനത്തിനായി വെള്ളമെത്തിക്കുന്നത്‌ പോത്തുണ്ടി ഡാമില്‍ നിന്നാണ്‌. കെ.എസ്‌. ആര്‍.ടി.സി ബസുകള്‍ നെല്ലിയാമ്പതിയിലേക്ക്‌ സര്‍വീസുകള്‍ നടത്തുന്നുണ്ട്‌. ഇതോടൊപ്പം ജീപ്പുകളും യാത്രാമാര്‍ഗമാണ്‌. ഏറ്റവും അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ പാലക്കാടാണ്‌. അടുത്തുള്ള വിമാനത്താവളം അന്‍പതുകിലോമീറ്റര്‍ അകലെയുള്ള കോയമ്പത്തൂര്‍ വിമാനത്താവളമാണ്‌.

Saturday, May 16, 2009

രാമക്കല്‍മേട്‌


ഇടുക്കി ജില്ലയിലുള്‍പ്പെടുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്‌ രാമക്കല്‍ മേട്‌.തേക്കടിക്കടുത്തുള്ള കുമളിയില്‍ നിന്നു നാല്‍പ്പത്തഞ്ചു കിലോമീറ്ററും കട്ടപ്പനയില്‍ നിന്ന്‌ 25 കിലോമീറ്ററുമാണ്‌ രാമക്കല്‍മേട്ടിലേക്കുള്ള ദൂരം. കുമളിയില്‍ നിന്നു മൂന്നാറിലേക്കുള്ള പാതയിലാണ്‌ രാമക്കല്‍മേടിന്റെ സ്ഥാനം. കേരളത്തില്‍ ഏറ്റവും ശക്ത മായി കാറ്റുവീശുന്ന സ്ഥലം എന്ന പേരിലാണ്‌ പുറംലോകത്തു രാമക്കല്‍മേടിനെക്കുറിച്ചുള്ള പ്രസിദ്ധി. ഇപ്പോള്‍ വിനോദ സഞ്ചാരകേന്ദ്രമെന്നതിലുപരി കാറ്റില്‍ നിന്നു വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന സ്ഥലം എന്ന നിലയിലാണ്‌ രാമക്കല്‍മേടിന്റെ ഖ്യാതി.
നിരവധി സ്വകാര്യ സംരഭകരാണ്‌ ഇപ്പോള്‍ രാമക്കല്‍ മേട്ടില്‍ കാറ്റാടിയില്‍ നിന്നു വൈദ്യുതി ഉത്‌പാദിപ്പിക്കു ന്നത്‌.
വെസ്റ്റാസ്‌ എന്ന സ്വകാര്യ കമ്പനിയാണ്‌ വിവിധ സംരംഭകര്‍ക്കായി ഇവിടെ കാറ്റാടികള്‍ നിര്‍മിച്ചു നല്‌കിയത്‌. ഇത്തരത്തില്‍ ഇവിടെ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാന വൈദ്യുതി ബോര്‍ഡിനു വില്‍ക്കുകയാണു ചെയ്യുന്നത്‌. സമുദ്രനിരപ്പില്‍നിന്ന്‌ 3630 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന രാമക്കല്‍മേട്‌ എന്ന സ്ഥലത്തിന്റെ ഉത്‌പത്തിയെക്കുറിച്ച്‌ ഒരു ഐതിഹ്യമുണ്ട്‌. രാമായണവുമായി ബന്ധപ്പെട്ടതാണിത്‌.
ത്രേതായുഗത്തില്‍ രാവണനാല്‍ അപഹരിക്കപ്പെട്ട സീതയെത്തേടിയലഞ്ഞ ശ്രീരാമന്‍ രാമക്കല്‍മേട്ടിലെ ത്തിയെന്നും അവിടെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കല്ലില്‍ ഇരുന്ന്‌ നാലുഭാഗത്തേക്കും കണ്ണോടിച്ച്‌ സീതയെ ഓര്‍ത്തു വിലപിച്ചുവെന്നുമാണ്‌ രാമക്കല്‍മേടിനെക്കുറിച്ചുള്ള ഐതിഹ്യം. ശ്രീരാമന്‍ ഇരുന്നതായി പറയപ്പെടുന്ന പാറ രാമക്കല്ല്‌ എന്ന പേരിലും ശ്രീരാമന്‍ സീതയെത്തേടിയല ഞ്ഞ കുന്ന്‌ രാമക്കല്‍മേട്‌ എന്നപേരിലും അറിയപ്പെടുന്നു.
രാമക്കല്‍മേടിനു താഴെയുള്ള പാണ്‌ഡവന്‍പാറയില്‍ 500- ലധികം വര്‍ഷം പഴക്കമുള്ള മറ്റൊരു ക്ഷേത്രവുമുണ്ട്‌.
രാമക്കല്ലിനു നേരേ എതി ര്‍ദിശയില്‍ ഇടുക്കി പദ്ധതിയുടെ ആവിര്‍ഭാവത്തിനു മാര്‍ഗദര്‍ശികളായ കുറവന്റെയും കുറത്തിയുടെയും സ്‌മാ രകമായി അടുത്തകാലത്ത്‌ ഒരു ശില്‌പവും രാമക്കല്‍ മേടിന്റെ മുകളില്‍ സ്ഥാപി ച്ചിട്ടുണ്ട്‌.
37 അടി ഉയരമുണ്ടിതിന്‌. ഇരട്ടശില്‌പങ്ങളില്‍ കേരളത്തില്‍ ഏറ്റവും വലുതാണിത്‌. ഇരുപത്‌ അടിയോളം ഉയരമുള്ള കല്‍മണ്‌ഡപ ത്തിലിരുന്ന്‌ കുഞ്ഞിനെ മുലയൂട്ടുന്ന കുറത്തിയുടെ സമീപം കൈയില്‍ പോരുകോഴിയുമായിരിക്കുന്ന കുറവനും അവരുടെ കടിഞ്ഞൂല്‍ പുത്രനുമടങ്ങിയ കുടുംബം - ഇതാണു ശില്‌പത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്‌.
രാമക്കല്‍മേടിനു മുകളില്‍ നിന്നാല്‍ തമിഴ്‌നാടിന്റെ നയനാനന്ദകരമായ കാഴ്‌ച സാധ്യമാണ്‌.കമ്പം,തേനി ,ഗൂഡല്ലൂര്‍ ഉത്തമപാളയം,മധുര, തുടങ്ങിയ പ്രദേശങ്ങള്‍ ഇവിടെ നിന്നാല്‍ കാണാനാവും. നൂറുകണക്കിനു സഞ്ചാരികളാണ്‌ ഇപ്പോള്‍ രാമക്കല്‍മേട്ടിലെ കാറ്റാടിപ്പാടവും ശില്‍പ്പവും കാണാനായി ഇവിടെയെത്തുന്നത്‌.

Saturday, May 9, 2009

പത്തനംതിട്ട


വിവിധ സ്ഥലങ്ങളിലേക്കുള്ള ഒരു ഇടത്താവളം എന്ന നിലയിലാണ്‌ പത്തനംതിട്ട അറിയപ്പെടുന്നത്‌ .ആദ്യം കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു പത്തനംതിട്ട .പിന്നീട്‌ 1982 ലാണ്‌ ജില്ല രൂപീകൃതമായത്‌.സാമൂഹികമായും സാംസ്‌കാരികമായും ഉന്നതി പ്രാപിച്ച നഗരമെന്നും പത്തനംതിട്ടയെ വിശേഷിപ്പിക്കാറുണ്ട്‌.ശബരിമല,മഞ്ഞനിക്കര,ചെറുകോല്‍പ്പുഴ,മാരാമണ്‍,നിലയ്‌ക്കല്‍, നിരണം തുടങ്ങിയ നിരവധി തീര്‍ഥാടനകേന്ദ്രങ്ങളിലേയ്‌ക്കുള്ള ഇടത്താവളം കൂടിയാണ്‌ പത്തനംതിട്ട.നഗരത്തിനു ചുറ്റുമുള്ള റിംഗ്‌ റോഡുകളാണ്‌ പത്തനംതിട്ടയുടെ മറ്റൊരു പ്രത്യേകത.1990-കളിലാണ്‌ നഗരവും പരിസര പ്രദേശങ്ങളും കൂടുതല്‍ വികാസം പ്രാപിച്ചത്‌. മതസൗഹാര്‍ദത്തിന്റെ ഉത്തമകേന്ദ്രം കൂടിയായ പത്തനംതിട്ടയില്‍ വിവിധ മതങ്ങളുടെ പ്രശസ്‌തങ്ങളായ നിരവധി ആരാധനാലയങ്ങളുണ്ട്‌.ആറന്മുള വള്ളകളിയും ആറന്മുളക്കണ്ണാടിയും പത്തനംതിട്ടയുടെ പെരുമ വര്‍ധിപ്പിക്കുന്നു.
തമിഴ്‌നാടുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്ഥലം കൂടിയാണ്‌ പത്തനംതിട്ട.നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നിരവധി തമിഴര്‍ താമസിക്കുന്നുണ്ട്‌.അതുകൊണ്ടുതന്നെ പത്തനംതിട്ട നഗരവും പരിസരപ്രദേശങ്ങളും ഒരു തമിഴ്‌സംസ്‌കാരം കാത്തുസൂക്ഷിക്കുന്നുണ്ട്‌.
റബറാണ്‌ ജില്ലയിലെ പ്രധാന കാര്‍ഷികവിള.പരമ്പരാഗതമായി മലഞ്ചരക്കു കച്ചവട കേന്ദ്രമായിരുന്നു പത്തനംതിട്ടയും പരിസരപ്രദേശങ്ങളും.പറക്കോടുള്ള മലഞ്ചരക്കു ചന്ത ഇതിനൊരു ഉദാഹരണമാണ്‌ .നിരവധി ചന്തകളും നാടന്‍ വാണിഭ കേന്ദ്രങ്ങളും ജില്ലയിലുടനീളമുണ്ടായിരുന്നു. ഇതിന്റെ സ്‌മരണ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഓമല്ലൂര്‍,തെള്ളിയൂര്‍ക്കാവ്‌ വയല്‍വാണിഭങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്‌.പമ്പ,അച്ചന്‍കോവില്‍,മണിമല,കല്ലട എന്നീ നദികള്‍ പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുന്നു.
ടൂറിസം സാധ്യതയുള്ള നിരവധി ഉയര്‍ന്ന പ്രദേശങ്ങള്‍ നഗരത്തിനടുത്തുതന്നെയുണ്ട്‌.ആനപ്പാറ ,മണ്ണാറമല, മാക്കാംകുന്ന്‌ തുടങ്ങിയവ നഗരത്തിന്‌ ഏറെ അകലെയല്ലാതെ സ്ഥിതിചെയ്യുന്നു.50 വര്‍ഷത്തിലധികം പഴക്കമുള്ള കാതോലിക്കേറ്റ്‌ കോളജ്‌ പത്തനംതിട്ടയുടെ സാമൂഹിക സാംസ്‌കാരിക ജീവിതവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതാണ്‌.മുന്‍പ്‌ പത്തനംതിട്ടയുടെ കുറേ ഭാഗങ്ങള്‍ ഇടുക്കി ലോക്‌സഭാ മണ്‌ഡലത്തിന്റെ ഭാഗമായിരുന്നു. ഈ തിരഞ്ഞെടുപ്പു മുതല്‍ പത്തനംതിട്ട ലോക്‌സഭാ മണ്‌ഡലം രൂപീകൃതമായി.
ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപമുള്ളതും ജില്ലയില്‍ നിന്നാണ്‌.ജില്ലയുടെ പകുതിയോളം ഭാഗം വനപ്രദേശമാണ്‌.
നിരവധി പ്രമുഖര്‍ക്കാണ്‌ പത്തനംതിട്ട ജന്മം നല്‌കിയിട്ടുള്ളത്‌.സരസ കവി മൂലൂര്‍ പത്മനാഭപ്പണിക്കര്‍,പുത്തന്‍കാവ്‌ മാത്തന്‍തരകന്‍, കവി കടമ്മനിട്ട രാമകൃഷണന്‍ തുടങ്ങിയവര്‍ നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നവരാണ്‌.അടൂര്‍ ഗോപാലകൃഷ്‌ണന്‍,,സംവിധായകരായ ബ്ലെസി,ശിവപ്രസാദ്‌,നടിമാരായ കവിയൂര്‍ പൊന്നമ്മ,മീരാജാസ്‌മിന്‍,നയന്‍താര,കവിയൂര്‍ രേണുക,അടൂര്‍ ഭവാനി,അടൂര്‍ പങ്കജം തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധി പ്രശസ്‌തര്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരാണ്‌.

Monday, May 4, 2009

മുന്നറിയിപ്പുകള്‍ക്കു പുല്ലുവില;

കഴിഞ്ഞ പതിനെട്ടിന്‌ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥികള്‍ മണിമലയാറിന്റെ തീരത്തുകൂടി നടന്നു പോകുന്നതുകണ്ട നാട്ടുകാരിലൊരാള്‍ അവര്‍ക്കു മുന്നറിയിപ്പു നല്‍കിയതാണ്‌. ``മക്കളെ ആറ്റിലിറങ്ങരുത്‌.
അവിടെ മുഴുവന്‍ കയങ്ങളും മണല്‍ക്കുഴികളുമാണ്‌.'' എന്നാല്‍ യുവാക്കളുടെ സംഘം അത്‌ അത്ര കാര്യമാക്കിയില്ല. അവര്‍ ഉല്ലാസത്തിമിര്‍പ്പിലായിരുന്നു. ആറ്റുതീരത്തെ സുഖകരമായ കാറ്റിന്റെ ശീതളിമ ആസ്വദിച്ച്‌ ചിരിച്ചുല്ലസിച്ച്‌ അവര്‍ യാത്ര തുടര്‍ന്നു. കുറച്ചകലെ പൊന്തക്കാടുകള്‍ നിറഞ്ഞ സ്ഥലത്ത്‌്‌ കളകളാരവം മുഴക്കുന്ന വെള്ളം അവരെ മാടിവിളിച്ചു. അവര്‍ വെള്ളത്തിലേക്കിറങ്ങി. എന്നാല്‍, ആ സന്തോഷം നിലവിളിയിലേക്കു വഴിമാറാന്‍ അധിക സമയം വേണ്ടി വന്നില്ല.
വെള്ളത്തിലിറങ്ങിയ സംഘത്തിലൊരാള്‍ കാലെടുത്തുവച്ചത്‌ മണല്‍ക്കുഴികള്‍ നിറഞ്ഞ കയത്തില്‍. കൂട്ടുകാരന്‍ മുങ്ങിത്താഴുന്നതു കണ്ട രണ്ടു സുഹൃത്തുക്കള്‍ കയത്തിലേക്ക്‌ എടുത്തുചാടി. മണല്‍ക്കുഴികളിലെ ചുഴികള്‍ അവരെ ആഴങ്ങളിലേക്കു വലിച്ചെടുത്തു. ശ്വാസം കിട്ടാതെ ആറിന്റെ അടിത്തട്ടില്‍ മൂവര്‍ക്കും ജീവന്‍ നഷ്‌ടപ്പെട്ടു.
നമ്മുടെ നാട്ടിലുണ്ടായിട്ടുള്ള ഭൂരിഭാഗം മുങ്ങിമരണങ്ങളും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതുകൊണ്ടോ അശ്രദ്ധ മൂലമോ സംഭവിക്കുന്നതാണ്‌. ചെറുപ്പത്തിന്റെ ചോരത്തിളപ്പും ആവേശവുമാണ്‌ മിക്കവരെയും അപകടങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നത്‌.
വില്ലനാകുന്ന മദ്യം
യുവാക്കളുടെ കൂട്ടം ചേര്‍ന്നുള്ള വിനോദ സഞ്ചാര യാത്രകളാണ്‌ പലപ്പോഴും മുങ്ങിമരണങ്ങളില്‍ കലാശിക്കുന്നത്‌. ഇതില്‍ മദ്യത്തിനും ഒരുപരിധി വരെ പങ്കുണ്ട്‌. മദ്യപിച്ച ശേഷം വെള്ളത്തിലിറങ്ങുന്നവര്‍ മുന്നറിയിപ്പുകള്‍ വകവയ്‌ക്കാറില്ല. ഒഴുക്കിനെപ്പറ്റിയോ അപകടങ്ങളെപ്പറ്റിയോ അവര്‍ക്ക്‌ കാര്യമായ ബോധവുമുണ്ടാവില്ല. മിക്ക അപകടങ്ങള്‍ക്കും കാരണമിതാണെന്ന്‌ പോലീസ്‌ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മദ്യപിച്ച ഒരാളുടെ തലച്ചോര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കില്ല. ശരീരത്തിലെ പേശികളുടെ പ്രവര്‍ത്തനവും സങ്കോചിക്കും. അയാള്‍ക്ക്‌ നീന്തി രക്ഷപെടാനുമാവില്ല. വെള്ളത്തിലിറങ്ങാന്‍ പേടിയുള്ളവര്‍ പോലും മദ്യപിച്ചുകഴിഞ്ഞാല്‍ വെള്ളത്തിലിറങ്ങാനുള്ള പ്രവണത കാണിക്കും. ഇത്‌ അപകടത്തിന്‌ കാരണമാകുകയും ചെയ്യും.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ്‌ പ്രഫസര്‍ ഡോ. ബി പത്മകുമാറിന്റെ അഭിപ്രായത്തില്‍ മുങ്ങിമരണം രണ്ടു വിധത്തിലാണ്‌ സംഭവിക്കുന്നത്‌. ഡ്രൈ സിങ്കിംഗ്‌ ഡെത്ത്‌, വെറ്റ്‌ സിങ്കിംഗ്‌ ഡെത്ത്‌ എന്നിവയാണവ. വെള്ളത്തില്‍വീഴുന്നയാള്‍ വെള്ളം കുടി ച്ചുത ന്നെ മരിക്കമെന്നില്ല. വെള്ളത്തില്‍വീഴുമ്പോഴുള്ള ഭയംമൂലം ശ്വാസകോശത്തിലെയും തൊണ്ടയിലെയും മാംസ പേശികള്‍ സങ്കോചിച്ചും മരണം സംഭവിക്കാം. ഇതിനെയാണ്‌ ഡ്രൈ സിങ്കിംഗ്‌ ഡെത്ത്‌ എന്നുപറയുന്നത്‌. ഇങ്ങനെ മരിക്കുന്നവരുടെ ശ്വാസകോശത്തില്‍ വെള്ളം കയറിയി ട്ടുണ്ടാ കില്ല. വെള്ളം കുടിച്ചുള്ള മരണത്തിനെയാണ്‌ വെറ്റ്‌ സിങ്കിംഗ്‌ ഡെത്ത്‌ എന്നു പറയുന്നത്‌.
ഇതോടൊപ്പം അപസ്‌മാരം പോലെയുള്ള അസുഖങ്ങളുള്ളവര്‍ വെള്ളത്തിലിറങ്ങിയാല്‍ മുങ്ങിമരിക്കാനുള്ള സാധ്യത വളരെയേറെയാണെന്നും ഡോ.പത്മകുമാര്‍ ചൂണ്ടിക്കാട്ടി.
മുന്നറിയിപ്പുകളുടെ അഭാവം
നമ്മുടെ സംസ്ഥാനത്തെ മിക്ക നദികളിലും വെള്ളച്ചാട്ടങ്ങളിലും നിരവധി അപകടക്കെണികള്‍ ഒളിഞ്ഞിരിപ്പുണ്ട്‌. എന്നാല്‍, ഇത്തരം സ്ഥലങ്ങളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലൂടെ അപകടസൂചന നല്‍കാന്‍ കഴിയും. ജലസ്രോതസുകളുടെ സംരക്ഷണവും സുരക്ഷിതത്വവും അതാതു പ്രദേശത്തെ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയായതിനാല്‍ ഇക്കാര്യം പഞ്ചായത്തുകള്‍ക്ക്‌ വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതേയുള്ളൂ. നദികളില്‍നിന്നു മണല്‍വാരുന്നതിന്റെ പണം വാങ്ങുന്ന പഞ്ചായത്തുകള്‍ മുന്നറിയിപ്പുബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുപോലുള്ള കാര്യങ്ങളോടു പുറംതിരിഞ്ഞു നില്‍ക്കുകയാണ്‌. റിവര്‍ മാനേജുമെന്റ്‌ ഫണ്ടില്‍ നിന്നുള്ള പണം ഇതിനായി ഉപയോഗിക്കാമെങ്കിലും പലപ്പോഴും ഇതു പാഴാക്കിക്കളയുകയാണ്‌.
സ്‌കൂളുകളില്‍ നീന്തല്‍
പഠനം നിര്‍ബന്ധമാക്കുക
വിദ്യാര്‍ഥികളുടെ മുങ്ങി മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ നീന്തല്‍ പഠനത്തിന്റെ അനിവാര്യതയിലേക്കാണ്‌ ഇതു വിരല്‍ചൂണ്ടുന്നത്‌.സ്‌കൂളുകളില്‍ നീന്തല്‍ പഠനം നിര്‍ബന്ധമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചില സ്‌കൂളുകളില്‍ ഇപ്പോള്‍ത്തന്നെ ഇതാരംഭിച്ചിട്ടുണ്ട്‌. ഇത്‌ സംസ്ഥാനതലത്തില്‍ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിലൂടെ മുങ്ങിമരണങ്ങളില്‍ നിന്നു വിദ്യാര്‍ഥികളെ രക്ഷപെടുത്താം.
അപകടങ്ങള്‍ ഒഴിവാക്കാന്‍
അധികൃതര്‍ ചെയ്യേണ്ടത്‌

1. കുളിക്കടവുകളോടു ചേര്‍ന്നുള്ള മണല്‍വാരല്‍ കര്‍ശനമായി നിരോധിക്കണം.
2. അപകടസാധ്യതയുള്ള കടവുകളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇവിടങ്ങളില്‍ സുരക്ഷാ വേലികള്‍ നിര്‍മിക്കണം.
3. ജലാശയങ്ങളോടും നദികളോടും ചേര്‍ന്നുള്ള അപകടസാധ്യതയുള്ള മേഖലകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണം.
4. തീര്‍ഥാടന കാലങ്ങളില്‍ പമ്പാനദിയുടെ കടവുകളുടെ സമീപത്ത്‌ ഫയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കണം.
5. ജലവുമായി ബന്ധപ്പെട്ട്‌ കൂടുതലാളുകളെത്തു ന്ന പ്രദേശങ്ങളില്‍ ലൈഫ്‌ബോട്ടും ,ലൈഫ്‌ ജാക്കറ്റും പോലുള്ള രക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കുക.
പ്രഥമശുശ്രൂഷ
വെള്ളത്തില്‍ മുങ്ങിയയാള്‍ വെള്ളം കുടിച്ചിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന്‌ വയറ്റില്‍ നിന്നു വെള്ളം പുറത്തുകളയണം. ഇതിനായി ആളിനെ കമിഴ്‌ത്തിക്കിടത്തണം. തുടര്‍ന്ന്‌ പുറത്ത്‌ നന്നായി അമര്‍ത്തണം. തല ഒരു വശത്തേക്കു ചരിച്ചുവയ്‌ക്കണം.വയറ്റിലെ വെള്ളം മുഴുവന്‍ പുറത്തു പോകുന്നതുവരെ ഈ പ്രവൃത്തി തുടരണം. തുടര്‍ന്ന്‌ വായിലും മൂക്കിലും പറ്റിയിട്ടുള്ള ചെളി, പായല്‍ എന്നിവ നീക്കം ചെയ്‌ത്‌ ശ്വാസോച്ഛ്വാസം സുഗമമാക്കുക. പിന്നീട്‌ മലര്‍ത്തിക്കിടത്തി ശ്വാസോച്ഛ്വാസവും നാഡിമിടിപ്പും പരിശോധിക്കുക.ഹൃദയാഘാതമോ ശ്വസന സ്‌തംഭനമോ സംഭവിച്ചിട്ടുണ്ടെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസവും കാര്‍ഡിയാക്‌ മസാജും(നെഞ്ചില്‍ ശക്തിയായി അമര്‍ത്തുന്നത്‌) നല്‍കുക. ഇതിനു ശേഷം എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
അടുത്തു പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഒരു കാരണവശാലും ഇറങ്ങരുത്‌. ഓരോ സ്ഥലങ്ങളിലെയും വെള്ളത്തിന്റെ രീതിക്കും ഒഴുക്കിനും വ്യത്യാസമുണ്ടാകും. ജലാശയങ്ങളുടെ തീരത്തിരുന്ന്‌ മദ്യപിക്കാതിരിക്കുക. മദ്യപിച്ച ശേഷം വെള്ളത്തില്‍ ഇറങ്ങാതിരിക്കുക.
ചില വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വഴുക്കലുള്ള പാറകള്‍ സാധാരണയാണ്‌. ഇവിടെ കാല്‌ വഴുതി കയത്തില്‍ വീഴാനുള്ള സാധ്യത ഏറെയാണ്‌. നീന്തലറിയാത്തവരെ വെള്ളത്തിലിറങ്ങാന്‍ നിര്‍ബന്ധിക്കരുത്‌. സംഘം ചേര്‍ന്നുള്ള യാത്രകളിലാണ്‌ ഇത്തരം പ്രവണതകള്‍ കാണുന്നത്‌. ആരെങ്കിലും വെളളത്തില്‍ വീണാല്‍ നീന്തലറിയാത്തവര്‍ രക്ഷകരാകരുത്‌. നാട്ടുകാരുടെയും മറ്റും സഹായം തേടുകയാണ്‌ ഉചി തം.
സ്‌കൂള്‍ അധികൃതരും മറ്റു വിദ്യാഭ്യാസ സ്ഥാ പനങ്ങളില്‍ നിന്നുള്ള വരും വിനോദ സഞ്ചാരയാത്രകളിലും മറ്റും പുഴകളിലും കടലിലും ഇറങ്ങി അപകടത്തില്‍പ്പെടാറുണ്ട്‌. കുട്ടികള്‍ വെള്ളത്തിലിറങ്ങാതിരിക്കാന്‍ അ ധ്യാപകര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.
മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍
മക്കള്‍ മുങ്ങിമരിച്ചതിന്റെ ദുഃഖവും പേറി ജീവിതകാലം മുഴുവന്‍ മരിക്കാത്ത ഓര്‍മകളുമായി കഴിയാന്‍ വിധിക്കപ്പെട്ട നൂറുകണക്കിനു മാതാപിതാക്കളുണ്ട്‌ നമ്മുടെ നാട്ടില്‍. അമ്മമാരുടെ കണ്‍മുന്നില്‍ മക്കള്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ നിത്യ സംഭവമാകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌ മാതാപിതാക്കള്‍ തന്നെയാണ്‌.
മക്കളെ ഒരിക്കലും പരിചയമില്ലാത്ത വെള്ളത്തിലിറങ്ങാന്‍ അനുവദിക്കാതിരിക്കുക. കൂട്ടുകൂടിയുള്ള മക്കളുടെ യാത്രകളെ നിരുത്സാഹപ്പെടുത്തുക. ഒരു നിമിഷത്തെ അശ്രദ്ധയും കൂട്ടുകാരുടെ നിര്‍ബന്ധവും മദ്യത്തിന്റെ ലഹരിയും നഷ്‌ടപ്പെടുത്തുന്നത്‌ സ്വന്തം ജീവിതമാണെന്ന്‌ ഓര്‍മിപ്പിക്കുക.
ഇനിയൊരു മുങ്ങിമരണം പോലും ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കുക.

(അവസാനിച്ചു)

Sunday, May 3, 2009

നീന്തലറിയാത്ത ഫയര്‍ഫോഴ്‌സും കണ്ണുകാണാത്ത സര്‍ക്കാരും


കഴിഞ്ഞ 18-ന്‌ മണിമലയാറ്റില്‍ മുങ്ങിമരിച്ച കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥികളുടെ മൃതദേഹം തിരയുന്ന നാട്ടുകാര്‍. ഫയര്‍ഫോഴ്‌സിന്‌ ഇവിടെ കാര്യമായൊന്നും ചെയ്യാനാകുമായിരുന്നില്ല.



കഴിഞ്ഞ പതിനെട്ടിന്‌ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ്‌ കോളജില്‍ നിന്നു കുളിക്കാനെത്തിയ വിദ്യാര്‍ഥികള്‍ മണിമലയാറ്റില്‍ അകപ്പെട്ടതായി വാര്‍ത്ത പരന്നു. സഹപാഠികളുടെ നിലവിളികേട്ട്‌ നാട്ടുകാര്‍ ഓടിയെത്തി. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. എന്നാല്‍ ഫയര്‍ഫോഴ്‌സ്‌ തങ്ങളുടെ പഴയ വാഹനത്തില്‍ എത്തിയപ്പോഴേക്കും മണല്‍വാരല്‍ത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന്‌ ഏതാനും വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയിരുന്നു. കയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനെത്തിയ ഫയര്‍ഫോഴ്‌സിന്റെ കൈവശം ആകെയുണ്ടായിരുന്നത്‌ പാതാളക്കരണ്ടി മാത്രം. നീന്തലറിയാത്ത ചില ജീവനക്കാര്‍ കരയ്‌ക്കു നിന്നപ്പോള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വള്ളങ്ങളിലും മറ്റും മണല്‍വാരല്‍ത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ്‌ മരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനാ യത്‌. തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന്‌ ആവും വിധം ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍ പ്രവര്‍ത്തിച്ചുവെന്നത്‌ വിസ്‌മരിക്കുന്നില്ല.
സംസ്ഥാനത്തുടനീളം മുങ്ങി മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ രക്ഷകരാകുന്നതു നാട്ടുകാര്‍. രക്ഷാപ്രവര്‍ത്തനം നടത്തേണ്ട ഫയര്‍ഫോഴ്‌സിനാകട്ടെ വേണ്ടത്ര ഉപകരണങ്ങളും പരിശീലനവുമില്ലാത്തതിനാല്‍ മിക്കയിടത്തും കാഴ്‌ചക്കാരായി നില്‍ക്കാനേ കഴിയുന്നുള്ളൂ. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ്‌ കോളജിലെ മൂന്നു വിദ്യാര്‍ഥികള്‍ മണിമലയാറ്റില്‍ മുങ്ങിമരിച്ച സംഭവം. നദികളില്‍ മുങ്ങിത്താ ഴുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ കൂടുതലും പങ്കാളികളാകുന്നത്‌ മണല്‍വാരല്‍ തൊഴിലാ ളികളാണ്‌.
ഫയര്‍ഫോഴ്‌സില്‍ ജോലി ലഭിക്കണമെങ്കില്‍ നീന്തല്‍ അറിയണമെന്നില്ല. ജോലി നേടിക്കഴിഞ്ഞ്‌ നീന്തല്‍ പഠിക്കലുമില്ല. ഇത്തരത്തിലുള്ള ജീവനക്കാരാണ്‌ പുഴകളിലും മറ്റും മുങ്ങിയവരെ രക്ഷിക്കാനായി പോകുന്നത്‌. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നീന്തലറിയാത്ത ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍ കരയില്‍ നില്‍ക്കുകയാണ്‌ പതിവ്‌. ഒരാള്‍ ഒഴുക്കില്‍പ്പെട്ടെന്ന്‌ അറിഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനത്തിനു പോകാന്‍ ഫയര്‍ ഫോഴ്‌സിന്റെ പക്കലുള്ളത്‌ പാതാളക്കരണ്ടിയം ചെറിയ ലൈഫ്‌ ജാക്കറ്റും കയറ്‌, കപ്പി, ലൈഫ്‌ ബോട്ട്‌ തുടങ്ങിയ ഉപകരണങ്ങളും മാത്രം. ലൈഫ്‌ ബോട്ടും ലൈഫ്‌ ജാക്കറ്റുമാകട്ടെ വെള്ളത്തിനുമുകളില്‍ക്കൂടിയുള്ള തിരച്ചിലിനേ ഉപയോഗിക്കാനാവൂ. രാത്രിയാണെങ്കില്‍ തെരച്ചിലിനാവശ്യമായ ടോര്‍ച്ച്‌ ഉള്‍പ്പെടെയുള്ളവയ്‌ക്കായി നാടുമുഴുവന്‍ ഓടി നടക്കേണ്ടിയും വരും. നദിക്കുള്ളിലെ കയത്തില്‍ ഒരാള്‍ പെട്ടിട്ടുണ്ടെങ്കില്‍ മുങ്ങിയെടുക്കാനുള്ള അണ്ടര്‍ വാട്ടര്‍ ഡൈവിംഗ്‌ സ്യൂട്ട്‌ പോലെയുള്ള ഉപകരണങ്ങള്‍ ഫയര്‍ ഫോഴ്‌സിന്‌ ഇപ്പോഴും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഔദാര്യം കാണിച്ചിട്ടില്ല. അതുകൊണ്ടു തന്നെയാണ്‌ മിക്ക മുങ്ങിമരണ സംഭവങ്ങളിലും ഫയര്‍ ഫോഴ്‌സ്‌ കാഴ്‌ചക്കാരും നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തകരുമാകുന്നത്‌.
സംസ്ഥാനത്തുണ്ടായ നിരവധി മുങ്ങിമരണസംഭവങ്ങളില്‍ ഫയര്‍ഫോഴ്‌സിന്‌ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതിരുന്നത്‌ ആധുനിക ഉപകരണങ്ങളുടെയും മതിയായ സൗകര്യങ്ങളുടെയും അഭാവം മൂലമാണ്‌. എങ്കിലും അപകടസ്ഥലത്തെത്തിയാലുടന്‍ തങ്ങളുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന്‌ ഫയര്‍ ഫോഴ്‌സ്‌ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.
തോട്ടിയുടെ പണി മുതല്‍ ഡോക്‌ടറുടെ പണി വരെ എടുക്കേണ്ടിവരുന്നവരാണ്‌ ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍. അപകടസഥലങ്ങളിലെത്തുമ്പോള്‍ കൈയിലിടാന്‍ ഒരു ഗ്ലൗസ്‌പോലും ഇവര്‍ക്കായി അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മൃതശരീരങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്ക്‌ സാംക്രമിക രോഗങ്ങള്‍ പടരുന്നതും പതിവാണ്‌.
ആഭ്യന്തര വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അവശ്യസര്‍വീസുകളിലൊന്നാണ്‌ ഫയര്‍ഫോഴ്‌സ്‌. പോലീസ്‌, ജയില്‍,ഫയര്‍ഫോഴ്‌സ്‌ എന്നിങ്ങനെയാണ്‌ ഈ മൂന്നു വിഭാഗങ്ങള്‍. ഇതില്‍ മൂന്നാംസ്ഥാനത്തുള്ളതാണ്‌ ഫയര്‍ഫോഴ്‌സ്‌. അത്യാവശ്യ ഉപകരണങ്ങളുടെ അഭാവവും വേണ്ടത്ര പരിശീലനവുമില്ലാത്തതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനം ഇപ്പോഴും ശൈശവദശയില്‍ത്തന്നെയാണ്‌. കാര്യമായ വരുമാനമില്ലാത്ത വകുപ്പായതിനാല്‍ സര്‍ക്കാരിന്റെ അവഗണന ഏറ്റവും കൂടുതല്‍ നേരിടുന്ന വകുപ്പും ഇതു തന്നെയാണെന്നു വേണമെങ്കില്‍ പറയാം. ജീവന്‍ പണയംവച്ചും അപകടസ്ഥലങ്ങളില്‍ ഓടിയെത്തേണ്ടി വരുന്ന ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്‌ സ്വന്തം തടിമിടുക്കുകൊണ്ടു മാത്രമാണ്‌.
ആഭ്യന്തര വകുപ്പിന്റെ കീഴില്‍ വരുന്നതാണെങ്കിലും ഫയര്‍ഫോഴ്‌സിന്റെ വികസനത്തിന്‌ സര്‍ക്കാര്‍ ഒരുകാലത്തും ശ്രമിച്ചിട്ടില്ലെന്നതാണ്‌ യാഥാര്‍ഥ്യം. ആവശ്യമായ ആധുനിക ഉപകരണങ്ങളും മതിയായ ശമ്പളവും അലവന്‍സുകളുമില്ലാത്തിനാല്‍ ഫയര്‍ഫോഴ്‌സിലെ ജീവനക്കാര്‍ നരകയാതന അനുഭവിക്കുകയാണ്‌. രക്ഷകരാകേണ്ടവരെ രക്ഷിക്കാന്‍ തലപ്പത്തിരിക്കുന്നവര്‍ക്കും താത്‌പര്യമില്ല.
പോലീസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശമ്പളത്തിന്റെയും അലവന്‍സുകളുടെയും കാര്യത്തില്‍ ഫയര്‍ഫോഴ്‌സ്‌ മൂന്നാംകിടക്കാരായാണ്‌ പരിഗണിക്കപ്പെടുന്നത്‌. പോലീസിന്‌ അലവന്‍സ്‌ ഇനത്തില്‍ പ്രതിമാസം രണ്ടായിരത്തോളം രൂപ ലഭിക്കുമ്പോള്‍ ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍ക്ക്‌ ഇത്‌ 200 രൂപയില്‍ താഴെയാണ്‌. അതുകൊണ്ടുതന്നെ ഫയര്‍ഫോഴ്‌സില്‍ ജോലിക്കു വരാന്‍തന്നെ ഇപ്പോള്‍ ആളുകള്‍ മടികാണിക്കുകയാണ്‌. വരുന്നവര്‍തന്നെ മറ്റേതെങ്കിലും ജോലി കിട്ടിയാല്‍ ഇവിടം ഉപേക്ഷിച്ചു പോകുന്നതും പതിവായിട്ടുണ്ട്‌.പോലീസിനു വര്‍ഷം തോറും യൂണിഫോം അലവന്‍സായി 2500 രൂപ ലഭിക്കുമ്പോള്‍ ഫയര്‍ഫോഴ്‌സിന്‌ രണ്ടു വര്‍ഷം കൂടുമ്പോള്‍ ഈയിനത്തില്‍ ലഭിക്കുന്നത്‌ 1600 രൂപയാണ്‌.
വേണ്ടത്ര സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കാത്തിനാല്‍ കടുത്ത അസംതൃപ്‌തിയും ജീവനക്കാര്‍ക്കിടയിലുണ്ട്‌.
അഗ്നിപ്രതിരോധം, അഗ്നിസംരക്ഷണം, അഗ്നിശമനം എന്നിവയാണ്‌ ഫയര്‍ഫോഴ്‌സിന്റെ ചുമതലകള്‍ എന്നാല്‍ ഇപ്പോള്‍ അഗ്നിശമനം എന്ന പ്രവര്‍ത്തനം മാത്രമാണ്‌ നടക്കുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍ ഫയര്‍ഫോഴ്‌സിന്റെ ജോലി എന്താണെന്നുപോലും നിശ്ചയിച്ചിട്ടില്ലായെന്നതാണ്‌ യാഥാര്‍ഥ്യം.
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍ക്ക്‌ പരിശീലനം നല്‍കുന്നതിനായി തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ ഫോഴ്‌സ്‌ അക്കാദമിയും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്കാവുന്നില്ല.സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഈ അക്കാദമിയില്‍ ഫയര്‍ ആന്‍ഡ്‌ സേഫ്‌റ്റി കോഴ്‌സ്‌ ആരംഭിക്കുകയാണെങ്കില്‍ ഫീസിനത്തില്‍ സര്‍ക്കാരിന്‌ മികച്ച വരുമാനവും ഒപ്പം മികച്ച പരിശീലനം ലഭിച്ച ജീവനക്കാരെ ഫയര്‍ഫോഴ്‌സിലേക്കു തെരഞ്ഞെടുക്കാനും കഴിയും. ഇപ്പോള്‍ ഈ കോഴ്‌സ്‌ നടത്തി സ്വകാര്യമേഖല കൊയ്യുന്നത്‌ കോടികളാണ്‌.
വന്‍കിട സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വ്യവസായ ശാലകള്‍ പെട്രോള്‍ പമ്പുകള്‍, മറ്റു സ്ഥപനങ്ങള്‍ എന്നിവിടങ്ങളില്‍ അഗ്നിപ്രതിരോധ മാര്‍ഗം ഘടിപ്പിച്ചിരിക്കണമെന്നു നിര്‍ബന്ധമുണ്ട്‌. എന്നാല്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കാനും പിഴ ചുമത്താനും ഇപ്പോള്‍ സര്‍ക്കാര്‍ ഫയര്‍ ഫോഴ്‌സ്‌ ജീവനക്കാര്‍ക്ക്‌ അനുവാദം നല്‍കിയിട്ടില്ല.
മതിയായ ജിവനക്കാരുടെ അഭാവവും ഫയര്‍ ഫോഴ്‌സിനെ വല്ലാതെ അലട്ടുന്നുണ്ട്‌. മിക്ക സ്റ്റേഷനുകളിലും അഞ്ചു മുതല്‍ പത്തുവരെ ജീവനക്കാരുടെ കുറവാണുള്ളത്‌, അതുകൊണ്ടുതന്നെ ഉള്ള ജീവനക്കാര്‍ ഇരട്ടി ജോലിയെടുക്കേണ്ടി വരുന്ന അവസ്ഥയും ഫയര്‍ഫോഴ്‌സിലുണ്ട്‌. അടിയന്തരഘട്ടങ്ങളില്‍ ചീറിപ്പാഞ്ഞെത്തേണ്ട വാഹനങ്ങളുടെ അവസ്ഥ അതീവ ദയനീയമാണ്‌. മിക്ക സ്ഥലങ്ങളിലും വാഹനം കിതച്ചെത്തുമ്പോഴേക്കും നാശനഷ്‌ടം ഏതാണ്ട്‌ പൂര്‍ണമായി ക്കഴിഞ്ഞിരിക്കും.
ഫയര്‍ ഫോഴ്‌സിന്റെ വികസനവും ആധുനിക വത്‌കരണവും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളാണ്‌. ഇതോടൊപ്പം ഫയര്‍ ഫോഴ്‌സില്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ മതിയായ പരിശീലനം ലഭിച്ചവരെ മാത്രം നിയമിക്കണം. നീന്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാവുന്നവരെ നിയമിച്ചാല്‍ മാത്രമേ ഇതിനു പരിഹാരം കാണാനാവു. ഒപ്പം മികച്ച വാഹനങ്ങളും ആധുനിക സൗകര്യങ്ങളും ഒരുക്കിയാല്‍ മിക്ക അപകടങ്ങളില്‍ നിന്നും ഭൂരിപക്ഷംപേരെയും രക്ഷിക്കാനാവും.

(ഇനി: മുന്നറിയിപ്പുകള്‍ക്കു പുല്ലുവില; അപകടം അരികത്ത്‌)

Friday, May 1, 2009

മണല്‍ക്കുഴികളില്‍ മറഞ്ഞിരിക്കുന്ന മരണം


പത്തനംതിട്ട വാഴക്കുന്നം നീര്‍പ്പാലത്തിനു സമീപത്തുനിന്നുളള്ള പമ്പാനദിയുടെ ദൃശ്യം.

കേരളത്തിലെ നദികളുടെ ഇപ്പോഴത്തെ അവസ്ഥയ്‌ക്ക്‌ ഏറ്റവും നല്ല ഉദാഹരണം കാണാന്‍ പത്തനം തിട്ടയിലെത്തിയാല്‍ മതി. അനിയന്ത്രിതമായ മണല്‍വാരല്‍മൂലം രണ്ടു ചെറു നദികള്‍ തന്നെ ഇല്ലാതായ കഥയാണ്‌ പമ്പയ്‌ക്കു പറയാനുള്ളത്‌. പത്തനംതിട്ട ആലപ്പുഴ ജില്ലകളിലൂടെ ഒഴുകിയിരുന്ന പമ്പയുടെ ഒരു കൈവഴിയായ വരട്ടാറും പമ്പ അച്ചന്‍കോവിലാറുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കുട്ടംപേരൂര്‍ ആറുമാണ്‌ മണല്‍വാരലിനെത്തുടര്‍ന്ന്‌ ഇല്ലാതായത്‌.
അനിയന്ത്രിതമായ മണല്‍വാരലിനെത്തുടര്‍ന്ന്‌ പമ്പയുടെ അടിത്തട്ടു വല്ലാതെ കുഴിയുകയും അങ്ങനെ ജലനിരപ്പ്‌ താണതുമാണ്‌ രണ്ടു ആറുകളുടെയും അകാല ചരമത്തിനു വഴി യൊരുക്കിയത്‌. കേരളത്തിലെ 44 നദികളും ഇപ്പോള്‍ ഇതേ അവസ്ഥയിലാണ്‌.
പുഴയില്‍ കുളിച്ച്‌ വസ്‌ത്രം അലക്കി കയറിവരുന്ന നാട്ടുകാരന്‍ ഒരുകാലത്ത്‌ നമ്മുടെ മനസിലെ പതിവുചിത്രമായിരുന്നു. മാമാങ്കവും, ഉത്സവങ്ങളും മാരാമണ്‍ കണ്‍വന്‍ഷനും ആലുവാ ശിവരാത്രിയും മലയാളിയുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. വരുംതലമുറയ്‌ക്ക്‌ ഇവയെല്ലാം ആസ്വദിക്കാന്‍ നദീതീരങ്ങളിലെ മണല്‍പ്പുറങ്ങള്‍ അവശേഷിക്കുമോയെന്ന കാര്യം സംശയമാണ്‌.
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിഡാം തുറന്നു വിട്ടപ്പോള്‍ നടന്ന മണല്‍ക്കൊയ്‌ത്തും പിന്നീട്‌ ഇപ്പോഴും തുടരുന്ന വിവാദങ്ങളും കേരളം മറന്നിട്ടില്ല. വൈദ്യുതി ബോര്‍ഡിന്റെ ആവശ്യത്തിനായി ഡാം തുറക്കുകയും പിന്നീട്‌ ഡാം അടയ്‌ക്കാനാകാതെ വന്നപ്പോഴുമാണ്‌ ഡാമിലെ മണല്‍ നദിയിലൂടെ ഒഴുകിയത്‌. ഒരു ദേശത്തിനുതന്നെ ചാകരയായിരുന്നു ഈ മണലൂറ്റ്‌. മണല്‍വാരി ലക്ഷാധിപതികളായവരും കിമ്പളം പറ്റി കീശ വീര്‍പ്പിച്ച റവന്യു, പോലീസ്‌, പഞ്ചായത്ത്‌ അധികാരികളും കൊള്ളയ്‌ക്ക്‌ കൂട്ടുനില്‍ക്കുന്നു. ഏറ്റവുമധികം മണല്‍ക്കൊള്ളയ്‌ക്ക്‌ വിധേയമായത്‌ കേരളത്തിലെ ഏറ്റവും വലിയ നദികളായ പെരിയാറും ഭാരതപ്പുഴയുമാണ്‌.
ഈ നദികളിലെ മണല്‍ക്കുഴികളില്‍ ഹോമിക്കപ്പെടുന്ന ജീവനുകള്‍ക്ക്‌ കൃത്യമായ കണക്കുകളില്ല. കൊള്ളയ്‌ക്ക്‌ വിധേയമായ നിളാനദി ഇന്ന്‌ `നൂല്‍പ്പുഴ'യാണ്‌. വറ്റിവരണ്ട ഈ നദി കേരളത്തിന്റെ നാളെയെക്കുറിച്ച്‌ മുന്നറിയിപ്പു നല്‍കുന്നു. പെരിയാറില്‍നിന്ന്‌ വാരുന്ന ആലുവാമണലിന്‌ ലോഡ്‌ ഒന്നിന്‌ 15,000 രൂപയ്‌ക്ക്‌ മുകളിലാണ്‌ വില. പണത്തോടുള്ള ആര്‍ത്തി മൂത്ത്‌ മണല്‍വാരി നാം നമുക്കുതന്നെ കുഴിതോണ്ടി. മണല്‍ക്കൊള്ളമൂലം നദികളിലെ ആഴം കൂടുകയും അതിനനുസരിച്ച്‌ കര ഇടിയുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. നദികള്‍ ആഴങ്ങളിലേക്ക്‌ ഇറങ്ങിയതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായി.
കേരളം പോലൊരു സംസ്ഥാനത്തെ നിര്‍മാണാവശ്യങ്ങള്‍ക്ക്‌ പ്രതിവര്‍ഷം വേണ്ടി വരുന്നത്‌ 40 ദശലക്ഷം ടണ്ണിലധികം മണലാണ്‌. എന്നാല്‍, ഇത്രയും മണല്‍ശേഖരം നമ്മുടെ നദികളിലില്ല. അത്‌ വകവയ്‌ക്കാതെ മാഫിയാ സംഘങ്ങള്‍ നദികളില്‍ മഹാഗര്‍ത്തങ്ങള്‍ തീര്‍ത്തു. നദികളില്‍ മുമ്പുണ്ടായിരുന്ന തുരുത്തുകള്‍ പലതും മണല്‍ക്കുഴികളായി മാറി. മണല്‍ ഇല്ലാത്ത പുഴകള്‍ വെറും തോടുകളായി മാറി. തോടുകളില്‍ അടിഞ്ഞുകൂടുന്നത്‌ ചെളിയാണ്‌. കുളിക്കാനിറങ്ങുന്നവര്‍ ചെളിയില്‍ പൂണ്ടുപോകുന്നതും സാധാരണം. അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കുന്ന പതിവ്‌ സര്‍ക്കാരിനുണ്ട്‌. എന്നാല്‍, മുങ്ങി മരിക്കുന്നവര്‍ക്ക്‌ അതിന്‌ അവകാശമില്ല. നദികളുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ട സര്‍ക്കാര്‍ അതു ചെയ്യുന്നില്ലെന്നു മാത്രമല്ല, അതൂമൂലം ജീവഹാനിയുണ്ടാകുന്നവരെ പരിഗണിക്കുന്നുമില്ല.
നഗരങ്ങളില്‍ കഴിയുന്നര്‍ മറ്റുവിനോദത്തിനായി നദിയിലേക്കിറങ്ങുന്നത്‌ സാധാരണയാണ്‌. വിനോദത്തിനായി പുഴയിലേക്കിറങ്ങുന്നവര്‍ അവിടെയുള്ള മണല്‍ക്കുഴികളെ അറിയുന്നില്ല. അപ്രതീക്ഷിതമായി പുഴയിലിറങ്ങുന്നവരാണ്‌ സാധാരണനിലയില്‍ കെണിയില്‍പ്പെടുന്നത്‌. കഴിഞ്ഞ മാസമുണ്ടായ മുങ്ങിമരണങ്ങളെല്ലാം മണല്‍ക്കുഴിയില്‍ വീണാണ്‌ സംഭവിച്ചത്‌. പതിവായി പുഴയില്‍ കുളിക്കാനിറങ്ങുന്നവര്‍ പോലും അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ നിരവധി. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കഴിഞ്ഞദിവസം മീനിച്ചിലാറ്റിലുണ്ടായ അമ്മയുടെയും മകളുടെയും മരണം.
മണിമലയാറിന്റെ കൊരട്ടിപ്പാലം മുതല്‍ എരുമേലി വരെയുള്ള 20 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ 200-ലധികം മണല്‍കടവുകളാണുള്ളത്‌. വന്‍ തോതിലുള്ള മണല്‍ഖനനം മൂലം മണിമലയാറ്റില്‍ നൂറുകണക്കിനു വന്‍കയങ്ങളാണു രൂപപ്പെട്ടിട്ടുള്ളത്‌. അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്തിലധികം പേര്‍ മണിമലയാറ്റില്‍ മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ്‌ കോളജിലെ നാലു വിദ്യാര്‍ഥികളാണ്‌ രണ്ടു വര്‍ഷത്തിനുള്ളില്‍ മണിമലയാറ്റില്‍ മുങ്ങിമരിച്ചത്‌.
അനിയന്ത്രിത മണല്‍വാരല്‍ മൂലം നദികളുടെ തീരമിടിയുന്നതും പതിവാണ്‌. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ മണല്‍വാരുന്നതിനിടെ തിട്ടയിടിഞ്ഞ്‌ തൊഴിലാളി മരിച്ചു. അച്ചന്‍കോവിലാറ്റില്‍ മണല്‍ വാരുന്നതിനിടെ ചെങ്ങന്നൂര്‍ എണ്ണയ്‌ക്കാട്‌ പെരിങ്ങേലിപ്പുറത്ത്‌ ചാലയ്‌ക്കാമണ്ണില്‍ ബാബു(52) ആണ്‌ മരിച്ചത്‌. ഓമല്ലൂര്‍ കടവില്‍ വച്ചായിരുന്നു സംഭവം. മീനിച്ചിലാറ്റിലെ മണല്‍വാരലിനെത്തുടര്‍ന്ന്‌ പാലായ്‌ക്കടുത്ത്‌ മുത്തോലിയിലെ സി.എം.ഐ ആശ്രമത്തിന്റെ ഒരേക്കറോളം സ്ഥലം പുഴയിലേക്ക്‌ ഇടിഞ്ഞ്‌ നഷ്‌ടമായി. തിട്ടയിടിച്ചുള്ള മണല്‍വാരലാണ്‌ സ്ഥലം നഷ്‌ടപ്പെടാന്‍ കാരണമായതെന്ന്‌ ആശ്രമാധികൃതര്‍ പറയുന്നു.
പമ്പയിലെ എല്ലാ കടവുകളിലും മണല്‍ക്കുഴികളാണ്‌. ശബരിമല തീര്‍ഥാടകരുടെ പാതയില്‍ പമ്പാനദിയില്‍ നിരവധി അപകട കടവുകളാണുള്ളത്‌.മണ്ണാരക്കുളഞ്ഞി, പെരുന്നാട്‌ മാടമണ്‍ കടവ്‌ എന്നിവിടങ്ങളിലാണ്‌ കൂടുതല്‍ തീര്‍ഥാടകരും ഒഴുക്കില്‍പ്പെടുന്നത്‌. നിറയെ തീര്‍ഥാടകരെത്തുന്ന പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിനു സമീപമുള്ള അച്ചന്‍കോവിലാറ്റിലെ കടവിലും മണല്‍ക്കുഴികളേറെയാണ്‌.
ഭരണഘടനയുടെ 48 എ 51(ജി) വകുപ്പനുസരിച്ച്‌ നദീസംരക്ഷണം സര്‍ക്കാരിന്റെ ചുമതലയാണ്‌. പഞ്ചായത്തീരാജ്‌ 218-ാം വകുപ്പനുസരിച്ച്‌ ജലസ്രോതസുകളുടെ സംരക്ഷണം പഞ്ചായത്തുകളും നിര്‍വഹിക്കണം.
2002 ഏപ്രില്‍ 27-നു പ്രാബല്യത്തില്‍ വന്ന സംസ്ഥാന നദീ സംരക്ഷണ നിയമം നദീസംരക്ഷണത്തിന്റെ ആവശ്യകത മുന്നില്‍ക്കണ്ട്‌ വളരെ വിശാലമായ അര്‍ഥത്തില്‍ തയാറാക്കിയതാണ്‌. എന്നാല്‍ ഈ നിയമം കേരളത്തില്‍ ഒരു പഞ്ചായത്തും പ്രാവര്‍ത്തികമാക്കുന്നില്ലായെന്നതാണ്‌ യാഥാര്‍ഥ്യം.
മണല്‍വാരല്‍ തടയാനെത്തുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍വരെ ശ്രമിക്കുന്ന അവസ്ഥയും സംസ്ഥാനത്തുട നീളമുണ്ട്‌. തിരുവല്ല സബ്‌കളക്‌ടറായിരുന്ന ജ്യോതി കുമാറിനെ മണല്‍മാഫിയ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌ ഒരു വര്‍ഷം മുന്‍പാണ്‌.

(ഇനി: രക്ഷകരാകുന്നത്‌ നാട്ടുകാര്‍, ഫയര്‍ഫോഴ്‌സ്‌ നിസഹായര്‍ )