Wednesday, October 21, 2009

എന്‍ഡോസള്‍ഫാന്‍ ഇടുക്കിയെ വിഴുങ്ങുന്നു



തമിഴ്‌നാട്ടില്‍ എന്‍ഡോസള്‍ഫാന്‍ സുലഭമായി ലഭിക്കുന്ന കടകളിലൊന്ന്‌.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി

കാസര്‍ഗോഡിനു പിന്നാലെ ഇടുക്കി ജില്ലയേയും മാരകമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനി കീഴടക്കുന്നു. ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലാണ്‌ നിരോധിത കീടനാശിനിയായ എന്‍ഡോസള്‍ഫാന്റെ ഉപയോഗം വ്യാപകമായിരിക്കുന്നത്‌. ഏതാനും മാസം മുന്‍പുവരെ തമിഴ്‌നാട്ടില്‍ നിന്നുള്ളവരുടെ വന്‍കിട തോട്ടങ്ങളില്‍ മാത്രമായിരുന്നു എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ചെറുകിട കര്‍ഷകരുടെ ഇടയിലേക്കും അതിന്റെ ഉപയോഗം വ്യാപിച്ചിട്ടുണ്ട്‌.
കേരളത്തിന്റെ അതിര്‍ത്തിയിലുള്ള കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നാണ്‌ വന്‍തോതില്‍ എന്‍ഡോസള്‍ഫാന്‍ കേരളത്തിലെത്തുന്നത്‌. കുമളി, ആനവിലാസം, ചക്കുപള്ളം, മാലി ,കട്ടപ്പന, വണ്ടന്‍മേട്‌ മേഖലകളിലാണ്‌ ഇതിന്റെ ഉപയോഗം വ്യാപകമായുള്ളത്‌. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ വിതരണം ചെയ്യാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു ലോബിയും പ്രവര്‍ത്തിക്കുന്നുണ്ട്‌.
എന്‍ഡോസള്‍ഫാന്റെ വിലക്കുറവും കര്‍ഷകരെ ആകര്‍ഷിക്കുന്ന ഘടകമാണ്‌. സാധാരണ ലഭ്യമാകുന്ന മോണോസില്‍, എക്കാലക്‌സ്‌ തുടങ്ങിയ കീടനാശിനികള്‍ക്ക്‌ ലിറ്ററിന്‌ 360 മുതല്‍400 രൂപവരെ വിലയുള്ളപ്പോള്‍ എന്‍ഡോ സ ള്‍ഫാന്‍ ലിറ്ററിന്‌ 220 മുതല്‍ 240 വരെയാണ്‌ വില. കുമളി,കമ്പംമെട്ട്‌ ചെക്ക്‌ പോസ്റ്റുകളിലൂടെ പെട്ടിക്കണക്കിനു എന്‍ ഡോസള്‍ഫാനാണ്‌ കേരളത്തിലേക്കു കടത്തുന്നത്‌. ചെക്ക്‌ പോസ്റ്റുകളില്‍ കാര്യമായ പരിശോധനയില്ലാത്തത്‌ ലോബിക്ക്‌ സഹായകമാകുന്നുണ്ട്‌. മുഖാവരണമോ മറ്റു സംരക്ഷണങ്ങളോ ഒന്നുമില്ലാതെയാണ്‌ കീടനാശിനി തളിക്കുന്നത്‌.കീടനാശിനിയുടെ അംശം ജലസ്രോതസുകളില്‍ കലരുന്നതും ഗുരുതരമായ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു.
ഹൈറേഞ്ചിലെ ഏലംമേഖലകളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം വ്യാപകമായിട്ടും ഇക്കാര്യത്തെക്കുറിച്ചു പഠനം നടത്താനോ വേണ്ട നടപടികള്‍ സ്വീകരിക്കാനോ കൃഷിവകുപ്പും സ്‌പൈസസ്‌ ബോര്‍ഡും തയാറായിട്ടില്ല. കേരളത്തിലെ തേയിലത്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം വ്യാപകമായതിനെത്തുടര്‍ന്ന്‌ ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക്‌ വന്‍തോതില്‍ കാന്‍സര്‍ രോഗം ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു.നിരന്തരമായ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെത്തുടര്‍ന്ന്‌ ഹൈറേഞ്ചില്‍ കാന്‍സര്‍ രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടും ആരോഗ്യവകുപ്പ്‌ ഇക്കാര്യത്തില്‍ നിസംഗ സമീപനമാണ്‌ പുലര്‍ത്തുന്നത്‌.