Sunday, September 20, 2009

ജീവന്‍ രക്ഷാ ഡ്രൈവര്‍



റോഡപകടത്തില്‍പ്പെട്ടവരെ കണ്ടാല്‍ വെറുതേ നോക്കിനില്‌ക്കുകയോ കടന്നുകളയുകയോ ചെയ്യുന്നവരാണു ബഹുഭൂരിപക്ഷവും. ഇതാ, വ്യത്യസ്‌തനായൊരു മനുഷ്യന്‍.



കഴിഞ്ഞ ഓഗസ്റ്റ്‌ 30 ഞായര്‍. സമയം പാതിരാത്രിയോടടുത്ത്‌. റോഡില്‍ വാഹനങ്ങള്‍ നന്നേ കുറവ്‌. ഉള്ളവയാകട്ടെ, തിരക്കൊഴിവു മുതലാക്കി, ആവുന്നത്ര സ്‌പീഡില്‍ പായുകയാണ്‌. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഒരു രോഗിയെ എത്തിച്ചശേഷം ചേര്‍ത്തലയിലേക്കു തിരികെ വരുകയാണ്‌ ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയിലെ ആംബുലന്‍സ്‌ ഡ്രൈവറായ സുഗുണന്‍. ഇടയ്‌ക്ക്‌ റോഡില്‍ ചെറിയ ഒരാള്‍ക്കൂട്ടം. വാഹനം നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ കണ്ടു, ഒരു കാറും ലോറിയും തമ്മില്‍ ഇടിച്ചിരിക്കുകയാണ്‌. പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനായി വാഹനങ്ങള്‍ക്കു കൈകാണിക്കുന്നുണ്ടെങ്കിലും പാഞ്ഞു പോകുന്ന വാഹനങ്ങളൊന്നും നിര്‍ത്തുന്നില്ല. രക്തത്തില്‍ കുളിച്ചു കിടക്കുന്ന നാലുപേരെ സുഗുണന്‍ കണ്ടു. ചെറുതായി അനക്കമുള്ളത്‌ ഒരാള്‍ക്കാണ്‌. സുഗുണന്‍ ഉടന്‍ തന്നെ അയാളെ പഞ്ചായ ത്തംഗത്തിന്റെ സഹായത്തോടെ ആംബുലന്‍സില്‍ ചേര്‍ത്തല കെവി എം ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍പ്പെട്ട മറ്റു മൂന്നു പേര്‍ മരിച്ചിരുന്നു. അന്നു സുഗുണന്‍ ആശുപത്രിയിലെത്തിച്ചതിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്‌ കൊല്ലം സ്വദേശിയായ അഷ്‌കര്‍ എന്ന യുവാവാണ്‌.
ഇത്‌ സുഗുണന്‍ എന്ന ആംബുലന്‍സ്‌ ഡ്രൈവറുടെ ജീവിതത്തിലെ അത്ര അസാധാരണത്വ മൊന്നുമില്ലാത്ത സംഭവം. ഇതുപോലെ നിരവധിയാളുകളെയാണ്‌ അപകടസ്ഥലങ്ങളില്‍ നിന്നു സുഗുണന്‍ വാരിയെടുത്ത്‌ ആശുപത്രികളിലെത്തിച്ചു രക്ഷപ്പെടുത്തിയിട്ടുള്ളത്‌. അപകടങ്ങള്‍ കാണുമ്പോള്‍ മുഖം തിരിക്കുകയും വാഹനങ്ങള്‍ക്കു വേഗം കൂട്ടി പായുകയും ചെയ്യുന്ന ആളുകള്‍ ധാരാളമുള്ള നമ്മുടെ നാട്ടില്‍ സുഗുണന്റെ നടപടി അസാധാരണമാകുന്നു. എവിടെ അപകടം കണ്ടാലും ഉടന്‍തന്നെ അവിടെയിറങ്ങി അപകടത്തില്‍പ്പെട്ടവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയെന്നത്‌ സുഗുണന്റെ പതിവായിത്തീര്‍ന്നിരിക്കുന്നു.
സുഗുണന്‍ ഈ പ്രവര്‍ത്തനം തുടങ്ങിയിട്ട്‌ ഇരുപതിലധികം വര്‍ഷങ്ങളായി. ടാക്‌സി ഡ്രൈവറായിരിക്കുമ്പോള്‍ തുടങ്ങിയതാണ്‌. പതിന്നാലു വര്‍ഷം മുമ്പു ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയില്‍ ആംബുലന്‍സ്‌ ഡ്രൈവറായി ജോലിക്കു കയറിയതിനു ശേഷമാണ്‌ കൂടുതല്‍പേരെ രക്ഷി ച്ചിട്ടുള്ളത്‌. അടുത്തുള്ള പ്രദേശങ്ങളില്‍ എന്തെ ങ്കിലും അപകടം നടന്നായി അറിഞ്ഞാല്‍ ഉടന്‍തന്നെ സുഗുണന്‍ അവിടെ ഓടിയെത്തും. പരിക്കേറ്റവരെ കഴിയുന്നത്ര വേഗത്തില്‍ ആംബുലന്‍സില്‍ ആശു പത്രിയിലെത്തിക്കും. അപകടത്തില്‍ പ്പെട്ടവരെ ആശുപത്രി യിലാക്കാന്‍ വൈമുഖ്യം കാട്ടുന്ന പ്രവണത നമ്മുടെ നാട്ടില്‍ ഞെട്ടിക്കും വിധം വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ഇക്കഴിഞ്ഞ തിരുവോണ ദിവസം നടന്ന സംഭവം സുഗുണന്‍ പറഞ്ഞു. ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപടത്തില്‍പ്പെട്ട യുവാവിനെ സുഗുണന്‍ ആംബുലന്‍സില്‍ കയറ്റി. പക്ഷേ കൂടെപ്പോകാന്‍ ആരും തയാറായില്ല. ആംബുലന്‍സില്‍ രോഗിയെ സേഫ്‌റ്റി ബെല്‍റ്റിട്ടു കിടത്തി ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തിച്ചു സുഗുണന്‍ അയാളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു.
ഇതുപോലെ എത്രയോ രക്ഷപ്പെടുത്തലുകള്‍! തൈക്കലില്‍ വര്‍ഗീയകലാപം ഉണ്ടായപ്പോഴും, പട്ടണക്കാട്‌ അപകടമുണ്ടായപ്പോഴും മതിലകത്ത്‌ പോസ്റ്റല്‍ വര്‍ക്കേഴ്‌സിന്റെ വാഹനം അപകടത്തില്‍പ്പെട്ടപ്പോഴും, പള്ളിത്തോട്ടില്‍ വാഹനാപകടം ഉണ്ടായപ്പോഴുമെല്ലാം.
ഇതുവരെ എത്രപേരെ രക്ഷിച്ചിട്ടുണ്ടെന്നു ചോദിച്ചാല്‍ താന്‍ ഇത്തരം കാര്യങ്ങളുടെ കണക്കു സൂക്ഷിക്കാറില്ലെന്നു സുഗുണന്റെ മറുപടി. എങ്കിലും ഏകേദേശം? നൂറിലധികം വരുമെന്ന്‌ സുഗുണന്‍ ഓര്‍ത്തുനോക്കിയിട്ടു പറഞ്ഞു.
രക്ഷപ്പെടുത്തിയവരില്‍ ചിലര്‍ തിരികെയെത്തി നന്ദി പറയാന്‍ തയാറാകും. ചിലര്‍ പണവും മറ്റും സമ്മാനിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇതു തനിക്കു ലഭിച്ചിട്ടുള്ള ഒരു നിയോഗമായി മാത്രമാണു താന്‍ കാണുന്നതെന്നും യാതൊരു പ്രതിഫലവും തനിക്ക്‌ ഇത്തരം കാര്യങ്ങള്‍ക്ക്‌ ആവശ്യമില്ലെന്നും സുഗുണന്‍ പറയുന്നു. അപകടത്തില്‍പ്പെടുന്ന ഓരോരുത്തരെയും സഹോദരനായാണ്‌ താന്‍ കാണുന്നതെന്നും അതുകൊണ്ടാണ്‌ താന്‍ ഇതില്‍ ഉറച്ചു നില്‍ക്കുന്നതെന്നും സുഗുണന്‍ വിശദീകരിക്കുന്നു.
തന്റെ ഇത്രയും വര്‍ഷത്തെ ഡ്രൈവര്‍ജീവിതത്തിനിടയില്‍ ഒരു അപകടം പോലും ഉണ്ടാക്കിയിട്ടില്ല എന്നു സുഗുണന്‍. അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ ആരും തയാറാകാത്തതിനു പിന്നില്‍ പോലീസ്‌ കേസ്‌ ഉള്‍പ്പെടെയുള്ള നൂലാമാലകള്‍ ഉണ്ടാകുമെന്ന ഭയമാണെന്നു സുഗുണന്‍ കരുതുന്നു. ആശുപത്രിയില്‍ എത്തിക്കുന്നയാള്‍ പ്രതിയാക്കപ്പെടുന്ന അവസ്ഥാവിശേഷം ഇവിടെയുണ്ട്‌. സുഗുണനും ഇത്തരം അനുഭവങ്ങള്‍ അപരിചിതമല്ല.
തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ താലൂക്കാശുപത്രി സൂപ്രണ്ടില്‍ നിന്നും ചെയര്‍മാനില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നിര്‍ലോപമായ സഹകരണമാണു ലഭിക്കുന്നതെന്നു സുഗുണന്‍ സംതൃപ്‌തിയോടെ പറഞ്ഞു. കഴിഞ്ഞ ദിവസം താലൂക്കാശുപത്രി അധികൃതരുടെ യോഗം സുഗുണനെ അനുമോദിച്ചിരുന്നു. സുഗുണന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഭാര്യ സരളയും മൂന്നു മക്കളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ധാര്‍മിക പിന്തുണയുമുണ്ട്‌. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും, അപകടത്തില്‍പ്പെടുന്നവരായിതാന്‍ കണ്ടെത്തുന്നവരുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍തന്നെയാണ്‌ സുഗുണന്റെ തീരുമാനം.
ഫോട്ടോ: പി.ജി. രവികുമാര്‍

Sunday, September 6, 2009

വരികയായ്‌ വീണ്ടും സഞ്ചാരികള്‍






മൂന്നാര്‍ ഏറെ മാറിയിരിക്കുന്നു. വിവാദങ്ങളില്‍ നിന്നു മൂന്നാര്‍ പതിയെ പഴയ തിരക്കിന്റെ നാളുകളിലേക്കു മടങ്ങി വന്നുതുടങ്ങുകയാണ്‌. മൂന്നാര്‍ വീണ്ടും അതിന്റെ പ്രൗഢി വീണ്ടെടുക്കുകയാണെന്നു തോന്നുന്നു. കൈയേറ്റത്തിന്റെയും പൊളിക്കലിന്റെയും അസ്വാരസ്യങ്ങള്‍ മൂന്നാറില്‍ നിന്ന്‌ അകന്നുതുടങ്ങി യിരിക്കുന്നു. ഇപ്പോഴിവിടെ രാഷ്‌ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും ഒച്ചപ്പാടുകളില്ല. ജെ.സി.ബി.യുടെ നശീകരണാത്മകമായ മുരള്‍ച്ചയില്ല
സന്ദീപ്‌ വെള്ളാരംകുന്ന്‌
മലയുടെ പാര്‍ശ്വത്തിലുള്ള റോഡില്‍ക്കൂടി ടാക്‌സി നീങ്ങുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞു: ``ഈ ജോലി തീര്‍ന്നെന്നു വിചാരിച്ചതാണ്‌. രണ്ടുവര്‍ഷം മുന്‍പ്‌. കാറിന്‌ ഓട്ടമേ ഇല്ലാതായി. പല ഡ്രൈവര്‍മാരും പട്ടിണിയിലാകുകപോലും ചെയ്‌തു. കാര്യങ്ങള്‍ നേരെയാകുമെന്ന്‌ ഒരു പ്രതീക്ഷയുമു ണ്ടായിരുന്നില്ല“''
എന്നാല്‍ മൂന്നാറിലെ ഡ്രൈവര്‍മാര്‍ക്ക്‌ ഇപ്പോള്‍ വീണ്ടും തിരക്കായിരിക്കുന്നു. ഇവിടത്തെ മലമ്പാതകളില്‍ വീണ്ടും വാഹനങ്ങളുടെ നിരന്തരമായ ഇരമ്പല്‍. എല്ലാം നേരെയായി വരുകയാണെന്നു തോന്നുന്നു.
2007 മേയ്‌ ആദ്യവാരം. ഉച്ചനേരത്തും മൂന്നാറില്‍ നേരിയ തണുപ്പ്‌. സഞ്ചാരികളുടെ നിലയ്‌ക്കാത്ത പ്രവാഹം. എവിടെയും ടൂറിസ്റ്റുകളുടെ കലപില. കാട്ടിലും മേട്ടിലുമെല്ലാം സഞ്ചാരികളെക്കാത്ത്‌ നിരവധി റിസോ ര്‍ട്ടുകള്‍. പൂര്‍ത്തിയായതും നിര്‍മാണ ത്തിലുള്ളവയും ഒക്കെ. മൂന്നാറിലെ ടൂറിസം വമ്പിച്ച വരുമാനമാക്കാമെന്നു കണ്ടെത്തിയവര്‍ പട്ടണത്തിനകത്തും പുറത്തുമെല്ലാം കെട്ടിട നിര്‍മാണത്തിന്റെ തിരക്കിലായിരുന്നു. മൂന്നാര്‍ ഭൂമി യില്‍അനധികൃത കൈയേറ്റം നടക്കുന്നു വെന്ന വാര്‍ത്തകള്‍ തുടരേ പുറത്തുവന്നുകൊ ണ്ടിരുന്ന സമയമായിരുന്നു ഇത്‌. അനധികൃത കൈയേറ്റ ക്കാരെ മുഴുവന്‍ ഒഴിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആദ്യം ആളുകള്‍ അത്ര കാര്യമാക്കിയില്ല. എന്നാല്‍ പിന്നീടു കേരളം കണ്ടത്‌ ദേശീയ ശ്രദ്ധമാത്രമല്ല അന്തര്‍ദേശീയ ശ്രദ്ധപോലും നേടിയ ഒഴിപ്പിക്കല്‍ പ്രക്രിയയാണ്‌. അനേകം ഹോട്ടലുകളും റിസോര്‍ട്ടുകളും മറ്റു കെട്ടിടങ്ങളും നിലംപൊത്തി. ജെ.സി.ബി. എന്ന യന്ത്രം രാഷ്‌ട്രീയ നിഘണ്ടുവില്‍ കയറിക്കൂടിയ ദിവസങ്ങളായി രുന്നു അവ.
സഞ്ചാരികള്‍ തിങ്ങി നിറഞ്ഞിരുന്ന മൂന്നാറിന്റെ പാതകളില്‍ ടെലിവിഷന്‍ ചാനലുകളു ടെയും മാധ്യമങ്ങ ളുടെ യും രാഷ്‌ട്രീയ ക്കാരുടെയും വാഹനങ്ങള്‍ മാത്രമായി.
ജെസിബി യുടെ മുരള്‍ ച്ചയും രാഷ്‌ട്രീ യ കോലാ ഹലങ്ങളും മൂന്നാറിന്റെ സൗന്ദര്യ ത്തിനു മേല്‍ കരിനിഴല്‍ വീഴ്‌ത്തി. സഞ്ചാരികള്‍ കൂട്ടത്തോടെ മൂന്നാറില്‍ നിന്ന്‌ അക ന്നു. തെക്കിന്റെ കാഷ്‌മീര്‍ എന്നറിയ െപ്പടുന്ന മൂന്നാറിന്റെ വഴിത്താ രകളും മലകളും പൊളിച്ച കെട്ടിടങ്ങ ളുടെ അവശിഷ്‌ടങ്ങളാല്‍ നിറഞ്ഞു.
മാസങ്ങള്‍ നീണ്ട കൈയറ്റമൊഴിപ്പിക്കല്‍ രാഷ്‌ട്രീയ പടലപ്പിണക്കങ്ങള്‍ക്കൊടുവില്‍ പാതിയാക്കി ദൗത്യസംഘം മടങ്ങുമ്പോള്‍ മൂന്നാറില്‍ നിന്നു സഞ്ചാരികള്‍ ഏതാണ്ടു പൂര്‍ണമായും അക ന്നിരുന്നു. വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്നതിനാല്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മൂന്നാറിലേക്കുള്ള യാത്രകള്‍ റദ്ദാക്കി. വിദേശങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ തേക്കടിക്കു ശേഷം തീര്‍ച്ചയായും സന്ദര്‍ശിച്ചിരുന്ന മൂന്നാര്‍ അവരുടെ പരിപാടികളില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടു.
സഞ്ചാരികള്‍ ഒഴിഞ്ഞ വഴിത്താരകള്‍. താമസക്കാരില്ലാത്ത ഹോട്ടല്‍ മുറികള്‍. ഓട്ടമില്ലാതെ കിടക്കുന്ന വാഹനങ്ങള്‍. പ്രതിസന്ധിയിലായതു വിവിധ മേഖലകളിലെ ആയിരക്കണക്കിനു ജനങ്ങളാണ്‌. പെട്ടിക്കട നടത്തിയിരുന്നവര്‍ മുതല്‍ ഡ്രൈവര്‍മാര്‍ വരെ.
ഇതായിരുന്നു ഒഴിപ്പിക്കലിനൊടുവില്‍ മൂന്നാറിന്റെ ചിത്രം.
2009.
മൂന്നാര്‍ ഏറെ മാറിയിരിക്കുന്നു. വിവാദങ്ങളില്‍ നിന്നു മൂന്നാര്‍ പതിയെ പഴയ തിരക്കിന്റെ നാളുകളിലേക്കു മടങ്ങി വന്നുതുടങ്ങുകയാണ്‌. മൂന്നാര്‍ വീണ്ടും അതിന്റെ പ്രൗഢി വീണ്ടെടുക്കുകയാണെന്നു തോന്നുന്നു. കൈയേറ്റത്തിന്റെയും പൊളിക്കലിന്റെയും അസ്വാരസ്യങ്ങള്‍ മൂന്നാറില്‍ നിന്ന്‌ അകന്നുതുടങ്ങി യിരിക്കുന്നു. ഇപ്പോഴിവിടെ രാഷ്‌ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും ഒച്ചപ്പാടുകളില്ല. ജെ.സി.ബി.യുടെ നശീകരണാത്മകമായ മുരള്‍ച്ചയില്ല. അനധികൃത നിര്‍മാണങ്ങള്‍ ഏറക്കുറെ പൊളിച്ചു മാറ്റിയിരി ക്കുന്നു.റോഡുവക്കില്‍ പൊളിച്ചിട്ട അവശിഷ്‌ടങ്ങളും അധികമൊന്നും കാണാനില്ല. പുതിയ നിര്‍മാണങ്ങളും കാര്യമായിട്ടൊന്നുമില്ല.
എങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പുകണ്ട അതേ പച്ചപ്പു മൂന്നാറില്‍ ഇപ്പോഴില്ല. മിക്കയിടത്തും മുന്തിയതരം റിസോര്‍ട്ടുകളാണ്‌. അത്യാധുനിക ഹോസ്‌പിറ്റാലിറ്റി ബിസിനസിന്റെ തന്ത്രങ്ങള്‍ ഉള്‍ക്കൊണ്ട്‌ മൂന്നാറും ലക്ഷ്വറി സ്വഭാവം കൈവരിച്ചിരിക്കുന്നുവെന്നു തോ ന്നുന്നു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമെല്ലാം നിരക്കുയര്‍ന്നിരിക്കുന്നു. ഇതു യാത്രാപാതകളിലെ പെട്ടിക്കടകളില്‍ തുടങ്ങി വന്‍ഹോട്ടലുകളില്‍വരെ പ്രകടമാണ്‌.
മൂന്നാറിലെ മാറ്റത്തിന്റെ ഉത്സാഹം ടാക്‌സി ഡ്രൈവര്‍മാരോടു ചോദിച്ചാല്‍ മനസിലാകും. പൊളിക്കല്‍ വിവാദങ്ങളെത്തുടര്‍ന്ന്‌ സഞ്ചാരികള്‍ ഒഴിഞ്ഞുപോയപ്പോള്‍ പട്ടിണിയിലായവരില്‍ നല്ലൊരുഭാഗം ഡ്രൈവര്‍മാരായിരുന്നു. എന്നാല്‍ പഴയതുപോലെ സഞ്ചാരികള്‍ വീണ്ടും തിരികെ യെത്തിത്തുടങ്ങിയെന്നാണു മിക്ക ഡ്രൈവര്‍മാര്‍ക്കും പറയാനുള്ളത്‌. ഹോട്ടലുകളിലെയും റിസോര്‍ട്ടു കളിലെയും മുറികളിലെല്ലാം തന്നെ സഞ്ചാരികളുണ്ട്‌. മുന്‍പെത്തെപ്പോലെതന്നെ അവധി ദിനങ്ങളിലാണു സഞ്ചാരികളുടെ പ്രവാഹം ഏറെയുള്ളത്‌. ഇവരില്‍ കൂടുതലും വിദ്യാര്‍ഥികളും യുവജനങ്ങളുമാണ്‌.
കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ മാത്രം മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഒഴുകിയെത്തിയത്‌ രണ്ടുലക്ഷത്തോളം സഞ്ചാരികളാണ്‌. ആയിരങ്ങളാണ്‌ ദിവസവും രാജമലയുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത്‌. ക്യൂവില്‍ നിന്നാല്‍ മാത്രമേ രാജമല സന്ദര്‍ശിക്കാനുള്ള പാസ്‌ ലഭിക്കൂ. സന്ദര്‍ശകരുടെ തിരക്കേറിയാല്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്ന സ്ഥിതിയാണ്‌. അതിനാല്‍ത്തന്നെ എല്ലാവര്‍ക്കും രാജമല സന്ദര്‍ശിക്കാന്‍ കഴിയാറുമില്ല.
മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ ആദ്യം അന്വേഷി ക്കുക നീലക്കുറിഞ്ഞിയെപ്പറ്റിയാവും. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി എക്കാലവും സഞ്ചാരികളുടെ കൗതുകമാണ്‌. നീല ക്കുറിഞ്ഞി പൂക്കുന്ന സമയങ്ങളില്‍ മൂന്നാറിലെ മലനിര കള്‍ മുഴുവന്‍ ഈ പൂക്കളുടെ വസ്‌ത്രം പുതയ്‌ക്കും. ഈ സമയം മൂന്നാറിലേക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ നിലയ്‌ക്കാത്ത പ്രവാഹമായിരിക്കും. മലകളെല്ലാം നീലക്കുറിഞ്ഞി പ്പൂക്കളാല്‍ നിറയുന്ന പ്രതിഭാസം വ്യാഴവട്ടത്തില്‍ ഒരിക്കലേ ഉള്ളൂവെങ്കിലും ചിലയിനം നീലക്കുറിഞ്ഞികള്‍ എല്ലാവര്‍ഷവും ചെറുതായി പുഷ്‌പിക്കാറുണ്ട്‌.
ഏറെയൊന്നും അറിയപ്പെടാത്തതിനാല്‍ മൂന്നാറില്‍ സഞ്ചാരികള്‍ കാണാതെ പോകുന്ന പലതുമുണ്ട്‌. അതിലൊന്നാണ്‌ മൂന്നാറിലെ ചരിത്രപ്രസിദ്ധമായ സിഎസ്‌ഐ പള്ളി. പള്ളിയുണ്ടാകുന്നതിനുമുന്‍പ്‌ സെമിത്തേരിയുണ്ടായതായാണ്‌ ചരിത്രം. പള്ളിയുടെ സ്ഥാപനത്തിനു പിന്നില്‍ ഒരു കഥയുണ്ട്‌: മൂന്നാറിലെ തേയിലത്തോട്ടത്തിന്റെ ജനറല്‍ മാനേജരായിരുന്ന ഹെന്‍റി മാന്‍സ്‌ നൈറ്റിനൊപ്പം താമസിക്കാനെത്തി യതായിരുന്നു നവവധു എലേനര്‍ ഇസബെല്‍ മേയെന്ന ബ്രിട്ടീഷ്‌ യുവതി. ഇംഗ്ലണ്ടില്‍ മൊട്ടിട്ട പ്രണയം പൂവണിഞ്ഞത്‌ മൂന്നാറിന്റെ മടിത്തട്ടില്‍. മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഭര്‍ത്താവിനൊപ്പം ചുറ്റിക്കറങ്ങിയ എലേനര്‍, ഇപ്പോള്‍ ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിനു മുകളിലുള്ള കുന്നിന്‍ മുകളിലുമെത്തി. അവിടെ നിന്നുള്ള മൂന്നാറിന്റെ ദൃശ്യം എലേനറിനെ വല്ലാതെ ആകര്‍ഷിച്ചു. ഭൂമിയിലെ ഏറ്റവും സുന്ദരമായ സ്ഥലം എന്ന്‌ ആ ഹര്‍ഷോന്മാദ വേളയില്‍ ഏലേനര്‍ക്കു തോന്നിയിരിക്കാം. താന്‍ മരിച്ചാല്‍ ഈ മല നിരകളില്‍ത്തന്നെ അടക്കംചെയ്യണമെന്ന്‌ അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു. ഇതു പറഞ്ഞതിന്റെ മൂന്നാംനാള്‍ എലേനര്‍ കോളറ പിടിപെട്ടു മരിച്ചുവത്രേ. എലേനറിന്റെ ആഗ്രഹപ്രകാരം അവരെ ആ കുന്നിന്‍ മുകളില്‍ത്തന്നെ സംസ്‌കരിച്ചു.
മരിക്കുമ്പോള്‍ എലേനറിന്‌ 23 വയസ്‌ മാത്രമായിരുന്നു പ്രായം.1894 ഡിസംബര്‍ 23 നായിരുന്നു മരണം. അതിനുശേഷം, 1910 ല്‍, അന്നു കണ്ണന്‍ദേവന്‍ മലനിര കളില്‍ താമസമുണ്ടായിരുന്ന ഇരുനൂറോളം ഇംഗ്ലീഷ്‌ കുടുംബങ്ങള്‍ ചേര്‍ന്നു നിര്‍മിച്ചതാണ്‌ ഇപ്പോള്‍ കാണുന്ന മൂന്നാര്‍ സിഎസ്‌ഐ ദേവാലയം. 1911- ലാണ്‌ ദേവാല യത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്‌. എലേനറിന്റെ കല്ലറ ഇപ്പോഴും മൂന്നാര്‍ മലനിരകളില്‍ ചരിത്രസ്‌മാരകമായി പരിരക്ഷിക്കപ്പെട്ടിട്ടുണ്ട്‌. കാലപ്രവാഹത്തില്‍ കല്ലറയ്‌ക്കു ചില തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും എലേനറിന്റെ പേരുള്‍പ്പെടുന്ന ഭാഗം വളരെ വ്യക്തമായി ഇപ്പോഴും കാണാനാവും. പ്രത്യേകം വേലികെട്ടിത്തിരിച്ച്‌ ഈ കല്ലറ പള്ളി അധികൃതര്‍ സംരക്ഷിച്ചിട്ടുണ്ട്‌. സ്‌കോട്ടിഷ്‌ മാതൃകയില്‍ പണികഴിപ്പിച്ചിട്ടു ള്ള ഈ ദേവാലയത്തില്‍ അപൂര്‍വമായ നിരവധി വസ്‌തുക്കളുണ്ട്‌.പഴയ ബൈബിളും സംഗീതോ പകരണങ്ങളും ചിത്രങ്ങളും ഫര്‍ണിച്ചറും പിയാനോയുമെല്ലാം ചരിത്ര സ്‌മാരകങ്ങളായി ഈ ദേവാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌.മുന്‍പ്‌ ഇംഗ്ലീഷില്‍ മാത്രമാണ്‌ പ്രാര്‍ഥനകള്‍ നട ന്നിരുന്നതെങ്കില്‍ ഇപ്പോള്‍ തമിഴിലും മലയാ ളത്തിലും പ്രാര്‍ഥന നടക്കുന്നു.
മൂന്നാറിലെ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങ ളിലൊന്നാണ്‌ മൂന്നാറിലെ ഹൈറേഞ്ച്‌ ക്ലബ്‌ മന്ദിരം. 1910 ല്‍ വെള്ളക്കാര്‍ നേതൃത്വത്തിലാ ണ്‌ ഇതു നിര്‍മിച്ചത്‌.വെ ള്ളക്കാരുടെ വേട്ടയാടാ ന്‍ പോകുമ്പോള്‍ ഇടയ്‌ക്കുള്ള വിനോദകേന്ദ്രമാ യിരുന്നു ഇവിടം. ഇപ്പോഴും അക്കാലത്തിന്റെ അവശിഷ്‌ടങ്ങള്‍ ഹൈറേഞ്ച്‌ ക്ലബില്‍ സൂക്ഷി ച്ചിട്ടുണ്ട്‌. പ ഴയതൊപ്പികളുള്‍പ്പെടെയുള്ളവ ഈ ക്ലബിലുണ്ട്‌,. ഇന്നും വളെര കാര്യമാ യി ത്തന്നെയാണ്‌ ക്ലബ്‌ പരിരക്ഷിക്കു ന്നത്‌.
ഇതിനോടു ചേര്‍ന്നാണ്‌ ഏറെ പഴക്കമുള്ള ഗോള്‍ഫ്‌ കോഴ്‌സ്‌. മുന്‍പ്‌ വെള്ളക്കാര്‍ക്കുമാത്ര മേ ഗോള്‍ഫ്‌ കോഴ്‌സ്‌ ഉപയോഗിക്കാന്‍ അനുവാ ദമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ തേയിലത്തോ ട്ടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍മാത്രം ഗോള്‍ഫ്‌ കോഴ്‌സ്‌ ഉപയോഗിക്കുന്നു. വെള്ളക്കാര്‍ ഇന്ത്യ വിട്ടിട്ട്‌ അരനൂറ്റാണ്ടു പിന്നിട്ടെങ്കിലും മൂന്നാര്‍ ഇംഗ്ലീഷ്‌ പാ രമ്പര്യം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ല. സഞ്ചാരികള്‍ക്ക്‌ ഏറെ കൗതുകങ്ങള്‍ സമ്മാ നിക്കുന്നതാണ്‌ ഗോള്‍ഫ്‌ കോഴ്‌സും ഹൈറേഞ്ച്‌ ക്ലബും.ഒപ്പം മൂന്നാറിന്റെ പരമ്പരാഗത വിനോ ദകേന്ദ്രങ്ങളായ മാട്ടുപ്പെട്ടി ഡാമും ടോപ്‌ സ്റ്റേഷ നും സഞ്ചാരികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട സ്ഥ ലങ്ങളാണ്‌.
മൂന്നാറിലെ ഏറെ പഴക്കമുള്ള വില്‌പന വ സ്‌തുക്കളാണ്‌ ചോളവും കാരറ്റും. ചുട്ട ചോളം വില്‍ക്കുന്ന നിരവധി കച്ചവടക്കാരെ മൂന്നാറി ന്റെ വഴിയോരങ്ങളില്‍ കാണാം. വിള വെടു ത്താലുടന്‍ കാരറ്റ്‌ ചെടിയുടെ തണ്ടോടെ വില്‍ ക്കുന്ന നിരവധി കച്ചവടക്കാര്‍ മൂന്നാറിന്റെ പരി സരങ്ങളിലുണ്ട്‌. അതാകട്ടെ വളരെ വില ക്കുറവിലും. മൂന്നാ റിന്റെ പരിസരത്തുള്ള ഗ്രാമ ങ്ങളിലും മറയൂര്‍, കാന്തല്ലൂര്‍ മുതലായ സ്ഥല ങ്ങളിലുമാണ്‌ കാരറ്റ്‌ നന്നായി വിളയുന്നത്‌. കാലം തളംകെട്ടി നില്‍ക്കുന്ന മൂന്നാറില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്‌ പ്രകൃതിയുടെ ഏറ്റവും ലാവണ്യമാര്‍ന്ന ഭാവങ്ങളാണ്‌.
ചിത്രങ്ങള്‍: സി.കെ. രാജേഷ്‌കുമാര്‍,
അഭിലാഷ്‌ തോമസ്‌