Wednesday, January 7, 2009

സന്ദീപ്‌ വെള്ളാരംകുന്ന്‌


സന്ദീപ്‌ വെള്ളാരംകുന്ന്‌

കേരളം- തമിഴ്‌നാട്‌ അതിര്‍ത്തിയായ കുമളിയില്‍ നിന്നു ചെക്ക്‌പോസ്‌റ്റ്‌ കടന്ന്‌ തമിഴ്‌നാടിന്റെ ബസ്‌ സ്റ്റാന്‍ഡിലെത്തിയാല്‍ പിന്നെ ആകെ ബഹളമാണ്‌.നിര്‍ത്താതെയുള്ള തമിഴന്‍മാരുടെ കലമ്പല്‍,വാഹനങ്ങളുടെ നിര്‍ത്താതെയുള്ള ഹോണടി. കച്ചവടക്കാരുടെ ഇടതടവില്ലാത്ത ഒച്ചകൂട്ടല്‍. സ്‌റ്റാന്‍ഡില്‍ കമ്പം, തേനി, മധുര എന്നീ ബോര്‍ഡുകള്‍ വച്ച ബസുകള്‍ സര്‍വീസിനു തയാറായിക്കിടപ്പുണ്ടാകും. ഇവിടെയെത്തി ബസില്‍ കയറുന്നവരില്‍ ആരുടെയെങ്കിലും കൈയോ കാലോ മറ്റോ വച്ചുകെട്ടിയിട്ടുണ്ടെങ്കില്‍ ഉടന്‍ വരും കണ്ടക്‌ടറുടെ ചോദ്യം: `ഉസിലംപെട്ടി താനാ?' `ആമാ'യെന്ന ഒറ്റ വാക്കില്‍ ആയിരിക്കും മറുപടി. അങ്ങനെയുള്ള യാത്രക്കാര്‍ ഉസിലംപെട്ടിയിലേക്കാകാനേ തരമുള്ളൂ. വര്‍ഷങ്ങളായി അവര്‍ കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ ഇത്തരം യാത്രക്കാരെ.
ബസ്‌ ലോവര്‍ക്യാമ്പ്‌ വഴി കുത്തനെയുള്ള ഹെയര്‍പിന്‍വളവുകളിലൂടെ താഴേക്ക്‌. യാത്രാപാതയില്‍ മുല്ലപ്പെരിയാറിന്റെ കഥകള്‍ ഓര്‍മിപ്പിച്ചുകൊണ്ട്‌ പെന്‍ സ്റ്റോക്ക്‌ പൈപ്പുകളുടെ നീണ്ട നിര ദൂരക്കാഴ്‌ചയായി ലോവര്‍പെരിയാര്‍ വൈദ്യുതി നിലയം.ലോവര്‍ക്യാമ്പിലെത്തുന്നതുവരെ ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങള്‍ക്ക്‌ പിന്നീട്‌ ചിറകുകള്‍ വയ്‌ക്കും. മുന്നോട്ടുള്ള യാത്രയില്‍ റോഡിനിരുവശവും പുളിയുടെയും മാന്തോട്ടങ്ങളുടെയും തെങ്ങ്‌, മുന്തിരിത്തോട്ടങ്ങളുടെയും സമൃദ്ധി . മുന്തിരിത്തോട്ടങ്ങളുടെ ദൃശ്യം ഒഴിവാക്കിയാല്‍ ഒരുപക്ഷേ മലയാളിക്കു കരുതാം താന്‍ കേരളത്തിലെ ഏതെങ്കിലും ഐശ്വര്യസമൃദ്ധമായ നാട്ടിന്‍പുറത്തുകൂടി സഞ്ചരിക്കുകയാണെന്ന്‌. ബസില്‍ സജ്ജീകരിച്ചിരിക്കുന്ന ടിവിയില്‍ തമിഴ്‌ സിനിമകാണാനേ തരപ്പെടൂ എന്നു മാത്രം. കുമളിയില്‍ നിന്നു 18 കിലോമീറ്റര്‍ പിന്നിട്ടു ബസ്‌ കമ്പത്തെത്തിയാല്‍ വീണ്ടും കണ്ടക്‌ടറുടെ ഉപദേശം: ഉസിലംപെട്ടിക്കു (പുസാലംപെട്ടി) പോകാന്‍ ഉത്തമപാളയത്തിനു പോകുന്ന ഏഴാംനമ്പര്‍ ബസില്‍ കയറിയാല്‍ മതി.
കമ്പത്തു നിന്നു വീണ്ടും 16 കിലോമീറ്റര്‍ തെങ്ങും നെല്ലും വളര്‍ന്നു നില്‍ക്കുന്ന ഗ്രാമങ്ങളിലൂടെയുള്ള യാത്ര ചെന്നെത്തുന്നത്‌ ഉസിലം പെട്ടിയെന്ന കൊച്ചുഗ്രാമത്തിലാണ്‌. വ്യാപാരസ്ഥാപനങ്ങളായി ഏതാനും ചെറിയ കെട്ടിടങ്ങള്‍ മാത്രമുള്ള ചെറിയൊരു തമിഴ്‌ഗ്രാമം നൂറില്‍പ്പരം വര്‍ഷങ്ങളായി ആയിരക്കണക്കിനാളുകള്‍ക്ക്‌ ആശ്വാസമാണീ കൊച്ചുഗ്രാമം.ശരീരത്തിലുണ്ടാകുന്ന ഒടിവ്‌ ചതവ്‌ പോലെയുള്ള പരിക്കുകള്‍ക്ക്‌ ചെലവുകുറഞ്ഞതും ഫലപ്രദവുമായ ചികിത്സ ലഭിക്കുന്ന സ്ഥലം എന്ന നിലയിലാണ്‌ ഇവിടത്തെ ചുരുളിയപ്പന്‍ എന്ന വൈദ്യന്റെ നേതൃത്വത്തിലുള്ള ചികിത്സാ കേന്ദ്രത്തിലേക്ക്‌ ജനങ്ങള്‍ ഒഴുകിയെത്തുന്നത്‌. തീവ്രവേദനയില്‍ നിലവിളിക്കുന്നവര്‍പോലും ഇവിടത്തെ ചികിത്സയ്‌ക്കുശേഷം പുഞ്ചിരിച്ചുകൊണ്ടായിരിക്കും മടങ്ങുക കാരണം ഈ ചികിത്സാകേന്ദ്രം നടത്തുന്നവര്‍ രോഗികളെയും ചികിത്സയെയും കാണുന്നത്‌ ധര്‍മവേലയെന്ന നിലയിലാണ്‌. അതായത്‌ ധനസമ്പാദനത്തിനുള്ള മാര്‍ഗമല്ല ഇവിടെയുള്ളവര്‍ക്ക്‌ ചികിത്സ. മാസങ്ങളായി പ്ലാസ്‌റ്റര്‍ ഇട്ട്‌ ശരിയാകാതെ വരുന്ന ഒടിവും ചതവും പോലുള്ള പരിക്കുകള്‍ ഒരുമാസം പോലും എടുക്കാതെ കാര്യമായ മരുന്നുകളില്ലാതെ സുഖപ്പെടുത്തുന്നുവെന്നതാണ്‌ ഇവിടത്തെ ചികിത്സാ രീതിയുടെ പ്രത്യേകത. ആശുപത്രികളില്‍ സാധാരണയായി ഒടിവോ പൊട്ടലോ ഉണ്ടായിട്ടുണ്ടോയെന്നു കണ്ടെത്താന്‍ എക്‌സ്‌റേ എടുക്കുകയാണുചെയ്യുന്നതെങ്കില്‍ ഇവിടെ വിരല്‍ സ്‌പര്‍ശനംകൊണ്ടാണ്‌ വൈദ്യന്‍മാര്‍ പ്രശ്‌നം കണ്ടെത്തുക. ചീളിവച്ചു കെട്ടുകയും ഒപ്പം മഞ്ഞള്‍പ്പൊടി കലര്‍ന്ന എണ്ണ ഒഴിക്കുകയും ചെയ്യുന്നതാണ്‌ പ്രധാന ചികിത്സാരീതി. കഴിഞ്ഞ മൂന്നു തലമുറകളായി ഉസിലംപെട്ടിയെന്ന ഈ കൊച്ചുഗ്രാമം അസ്ഥിരോഗ ചികിത്സയുടെ പേരില്‍ തെക്കേഇന്ത്യയില്‍ അറിയപ്പെടുന്നു. ഈ ചികിത്സാ കേന്ദ്രത്തെപ്പറ്റി ഫീച്ചര്‍ തയാറാക്കാനായി എത്തിയതാണെന്നറിയിച്ചപ്പോള്‍ അതൊന്നും വേണ്ടെന്നായിരുന്നു പ്രധാന വൈദ്യനായ ചുരുളിയപ്പന്റെ ആദ്യ പ്രതികരണം. തങ്ങള്‍ചെയ്യുന്നത്‌ സേവനമാണെന്നും അതിനു പ്രശസ്‌തി ആവശ്യമില്ലെന്നുമാണ്‌ അദ്ദേഹം ഇതിനു നല്‌കിയ വിശദീകരണം. പിന്നീട്‌ ഇത്തരം കാര്യങ്ങള്‍ പുറം ലോകം അറിയേണ്ടതാണെന്നും അതുവഴി കൂടുതലാളുകള്‍ക്ക്‌ പ്രയോജനം ലഭിക്കണമെന്നും ഞങ്ങളുടെ സഹയാത്രികനായിരുന്ന തമിഴ്‌നാട്‌ സ്വദേശിയും കേരളത്തില്‍ താമസക്കാരനുമായ ധന്‍രാജ്‌ പറഞ്ഞു മനസിലാക്കിയപ്പോഴാണ്‌ ഞങ്ങളോടു സംസാരിക്കാനും ഫോട്ടോയെടുക്കാനും അദ്ദേഹം അനുവദിച്ചത്‌. നിസാര സഹായങ്ങള്‍ നല്‌കുമ്പോള്‍ പോലും ഫോട്ടോയെടുത്ത്‌ പത്രവാര്‍ത്ത നല്‌കുന്നവരുടെ കാലത്താണിതെന്നോര്‍ക്കണം.
കഴിഞ്ഞ മൂന്നു തലമുറകളായി ഒരു കുടുംബം നടത്തിവരുന്നതാണീ അസ്ഥിരോഗ ചികിത്സ. കഴിഞ്ഞ തലമുറയിലെ പ്രധാനവൈദ്യനായ കൃഷണയ്യാ ഗൗണ്ടര്‍ 85-ാം വയസുവരെ ചികിത്സ നടത്തിയിരുന്നു. കൃഷ്‌ണയ്യാഗൗണ്ടരുടെ മകനായ ചുരുളിയപ്പനാണ്‌ ഇപ്പോഴത്തെ പ്രധാന വൈദ്യന്‍. ഇദ്ദേഹം കഴിഞ്ഞ 45 വര്‍ഷങ്ങളായി ചികിത്സാരംഗത്ത്‌ സജീവമാണ്‌. ഒടിഞ്ഞ ഭാഗം യോജിപ്പിക്കുമ്പോള്‍ വേദനമൂലം വെപ്രാളപ്പെടുന്ന രോഗികളെ പിടിച്ചുനിര്‍ത്താനും ഒടിഞ്ഞ ഭാഗങ്ങളില്‍ ചുറ്റാനുള്ള തുണിമുറിക്കുന്നതിനുമായി ഇരുപതു സഹായികള്‍. ഇതാണ്‌ ഈ ചികിത്സാ കേന്ദ്രം.ചുരുളിയപ്പന്റെ പാത പിന്തുടര്‍ന്ന്‌ മക്കളായ മുനീശ്വരനും ചുരുളീശ്വരനും ചികിത്സാ രംഗത്തുണ്ട്‌.
എണ്ണയിട്ട യന്ത്രംപോലെ തികഞ്ഞ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ചികിത്സാ കേന്ദ്രത്തില്‍ എത്രയാളുകളെത്തിയാലും യാതൊരു തിരക്കുകളുമില്ല. രാവിലെ ഏഴുമുതല്‍ വൈകുന്നേരം നാലുവരെ ഇടതടവില്ലാതെ ഇവിടെ ചികിത്സ നടക്കുന്നു.വരുന്നയാളുകളെ ഓരോരുത്തരെയായി വിളിച്ച്‌ അടുത്തിരുത്തിയശേഷം കൈകൊണ്ടുള്ള സ്‌പര്‍ശത്തിലൂടെയാണിവിടെ ഒടിവാണോ ചതവാണോ മറ്റു പ്രശ്‌നങ്ങളാണോയെന്നും അത്‌ ഏതു തരത്തിലുള്ളതാണെന്നും മനസിലാക്കുന്നത്‌. രോഗവിവരം പരിശോധിക്കുന്നതിനിടയില്‍ത്തന്നെ രോഗിയുടെ കൂടെ വന്നയാളോട്‌ അടുത്തുള്ള കടയില്‍ നിന്ന്‌ എണ്ണ വാങ്ങിവരാന്‍ നിര്‍ദേശിക്കും. വൈദ്യന്റെ സഹായി ഒടിഞ്ഞഭാഗം വച്ചുകെട്ടാനുള്ള തുണിയും ചീളിയുമായി അടുത്തുണ്ടാകും സംസാരത്തിനിടയില്‍ വേഗത്തില്‍ ഒടിഞ്ഞഭാഗം നേരെയാക്കി ഒറ്റക്കെട്ടലാണ്‌. ഇതിനിടയില്‍ കഠിനവേദനമൂലം കുതറി ബഹളമുണ്ടാക്കിയാല്‍ പിടിച്ചു നിര്‍ത്താന്‍ സഹായികള്‍ ഓടിയെത്തും. ചിലപ്പോള്‍ ഇവിടെ ചികിത്സിച്ചാല്‍ ശരിയാവില്ല ഒരാഴച കഴിഞ്ഞുവന്നാല്‍മതിയെന്നു പറഞ്ഞ്‌ രോഗിയുടെ ശ്രദ്ധതിരിച്ചുകൊണ്ടായിരിക്കും ചുരുളിയപ്പന്‍ ഒടിഞ്ഞ ഭാഗം വച്ചുകെട്ടുക. തന്റെ ശരീരത്തിലെ ഒടിവിനെപ്പറ്റിയും ചികിത്സയെ പ്പറ്റിയും രോഗിക്കു ചിന്തിക്കാന്‍ അവസരം ലഭിക്കുന്നതിനു മുന്‍പുതന്നെ വച്ചുകെട്ടുകയെന്നതാണ്‌ മനസിന്റെ മര്‍മമറിഞ്ഞുള്ള ഇവിടത്തെ ചികിത്സാരീതി. നടുവിനും മറ്റുമുണ്ടാകുന്ന ക്ഷതങ്ങള്‍ പരിഹരിക്കാനും ഇവിടത്തെ വൈദ്യന്‍മാര്‍ക്ക്‌ പ്രത്യേക വൈദഗ്‌ദ്യമുണ്ട്‌. ഞങ്ങളെത്തുമ്പോള്‍ മലയാളികളും തമിഴ്‌നാട്ടില്‍ നിന്നുള്ളവരുമടക്കം നിരവധിപ്പേര്‍ ചികിത്സയ്‌ക്കായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.രണ്ടു മെഡിക്കല്‍ കോളജിലെത്താനുള്ള ആളുകളാണ്‌ ഇവിടെ വരുന്നത്‌. എന്നിട്ടും യാതൊരു ബുദ്ധിമുട്ടുമില്ലാതെ എല്ലാവര്‍ക്കും പരിചരണം ലഭിക്കുന്നു. `എന്റെ മോന്‍ മൂന്നുമാസമെങ്കിലും പ്ലാസ്‌റ്റര്‍ ഇട്ടുകൊണ്ടുനടക്കണ്ട ഒടിവാണ്‌ ഇവിടെ ഒരുമാസം കൊണ്ടു ശരിയായത്‌.' ഇവിടെ വന്നു പോകുന്ന ഒരു മലയാളി കുടുംബത്തിലെ അംഗമായ സ്‌ത്രീ പറഞ്ഞു.
ഇതുപോലെ നൂറുകണക്കിനാളുകള്‍. ദിനംപ്രതി 300 പേര്‍ മുതല്‍ അഞ്ഞൂറുപേര്‍ വരെയാണ്‌ അതുല്യമായ ഈ പാരമ്പര്യ ചികിത്സാകേന്ദ്ര ത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്‌. കാല്‍ ഒടി ഞ്ഞ ഒരു പെണ്‍കുട്ടിയുടെ കാല്‍ സ്‌നേഹത്തോടെ തലോടിക്കൊണ്ടു ചുരുളിയപ്പന്‍ വച്ചുകെട്ടുന്നത്‌ ഇതിനിടെ ഞങ്ങള്‍ കണ്ടു. ഒടിഞ്ഞ അസ്ഥികള്‍ ഒന്നിച്ചുചേര്‍ക്കാന്‍ പോകുന്നുവെന്നു കുട്ടി അറിയുന്നതിനു മുന്‍പ്‌ വൈദ്യന്‍ അത്‌ ഒന്നിച്ചുചേര്‍ത്തു കഴിഞ്ഞിരുന്നു. ഒരു പക്ഷേ സ്‌പെ ഷാലിറ്റി ഹോസ്‌പിറ്റലുകളിലെ സര്‍ജന്‍മാരില്‍ നിന്നുകിട്ടാത്ത മാനുഷിക പരിഗണനയാണ്‌ ഇവിടത്തെ വൈദ്യനില്‍നിന്നു രോഗികള്‍ക്കു കിട്ടുന്നത്‌.
മറ്റു ചികിത്സാ കേന്ദ്രങ്ങളെ അപേക്ഷിച്ച്‌ ഇവിടത്തെ ചികിത്സ മഹത്തരമാകുന്നതിന്‌ മറ്റൊരുകാരണംകൂടിയുണ്ട്‌. ഏതു രോഗവുമായെത്തുന്നവരില്‍ നിന്നും വാങ്ങുന്ന ഏറ്റവും കൂടിയ തുക 50 രൂപമുതല്‍ നൂറുരൂപവരെയാണ്‌. ആദ്യ തവണ 50 രൂപയാണെങ്കില്‍ രണ്ടാമതെത്തുമ്പോള്‍ അത്‌ 30 രൂപയും അവസാനം 10 രൂപയുമായിച്ചുരുങ്ങും. ഒരു എക്‌സ്‌റേ എടുക്കുന്നതിനു പോലും നൂറുരൂപയില്‍ക്കൂടുതല്‍ ചെലവു വരുന്ന കാലത്താണ്‌ ഇവിടെ പത്തുരൂപയ്‌ക്കു ചികിത്സ. സഹായികളായി നില്‍ക്കുന്ന ഇരുപതിലധികം പേര്‍ക്കുള്ള പ്രതിഫലം നല്‌കിക്കഴിഞ്ഞാല്‍ വൈദ്യനു കാര്യമായൊന്നും മിച്ചമില്ല. കൂടുതല്‍ തുക ചികിത്സാ ഫീസായി നല്‌കാമെന്നു കരുതിയാലും ഇവിടെയുള്ളവര്‍ വാങ്ങില്ല. അവര്‍ ഈ ചികിത്സ ചെയ്യുന്നത്‌ തികച്ചും സേവനമായിത്തന്നെയാണ്‌. ചെറിയ ഫീസ്‌ വാങ്ങുന്നത്‌ ചികി ത്സയ്‌ക്കാവശ്യമായ ചീളിയും തുണിയും മറ്റും വങ്ങാനും സഹായികള്‍ക്ക്‌ ശമ്പളം കൊടുക്കാനുമാണ്‌. ചികിത്സ കഴിഞ്ഞ്‌ സുഖപ്പെട്ടു മടങ്ങുന്നവരുടെ കണ്ണുകളിലെ തിളക്കം, നന്ദി സൂചകമായ നോട്ടം- ഇതാണ്‌ തങ്ങള്‍ക്കുള്ള യഥാര്‍ഥ പ്രതിഫലമായി കണക്കാക്കുന്നതെന്ന്‌ പ്രധാന വൈദ്യനായ ചുരുളിയപ്പന്‍ പറയുന്നു. ചികിത്സയ്‌ക്കായെത്തു ന്നവര്‍ക്ക്‌ വണ്ടിക്കൂലിവരെ കൊടുത്തു വിട്ട സംഭവങ്ങള്‍ നിരവധിതവണ ഉണ്ടായിട്ടുണ്ടെന്നു പറയുമ്പോഴും ഈ ചികി ത്സാ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ നേര്‍ത്ത പുഞ്ചിരിപൊഴിക്കുന്നു, തങ്ങള്‍ ചെയ്യുന്നതൊക്കെ എത്ര നിസാരമാ ണെന്ന മട്ടില്‍.
ഉസിലംപെട്ടിയില്‍ ചികിത്സയ്‌ക്കെത്തു ന്നവര്‍ക്കുള്ള ഏറ്റവും വലിയ വെല്ലുവിളി തങ്ങള്‍ ചുരുളിയപ്പന്റെ അരികില്‍ത്തന്നെയാണ്‌ എത്തുന്നതെന്നുറപ്പുവരുത്തുകയെന്നതാണ്‌. കാരണം രോഗികളില്‍ നിന്നു കനത്ത ഫീസ്‌ വാങ്ങാന്‍ ചുരുളിയപ്പനാണെന്ന പേരില്‍ നിരവധി അപരന്‍മാര്‍ ഇവിടെയുണ്ട്‌. ഇവരെ ഒഴിവാക്കി വേണം യഥാര്‍ഥ ചികിത്സാ കേന്ദ്രത്തിലെത്താന്‍.
ഞങ്ങള്‍ യാത്രപറഞ്ഞിറങ്ങുമ്പോള്‍ കൊച്ചുമകള്‍ പ്രധാന വൈദ്യനായ ചുരുളിയപ്പന്റെ മടിയില്‍ക്കയറിയിരുന്ന്‌ കിന്നാരം പറയുന്നുണ്ടായിരുന്നു. ചികി ത്സയ്‌ക്കായി ഇവിടെയെത്തുന്നവര്‍ വേദന കടിച്ചമര്‍ത്തിക്കൊണ്ടാണ്‌ എത്തുക, എന്നാല്‍ മടങ്ങുക പുഞ്ചിരിക്കുന്ന മുഖങ്ങളോടെയാവും. വേദനയുടെ ലോകത്ത്‌ തങ്ങളാലാവുന്ന സഹായം ചെയ്യാന്‍ കഴിയുന്നതിന്റെ നിര്‍വൃതി -അതാണ്‌ ഉസിലംപെട്ടിയെന്ന കൊച്ചുഗ്രാമത്തിലെ അസ്ഥിരോഗചികിത്സകര്‍ക്കുള്ള പ്രതിഫലം.

ചിത്രങ്ങള്‍: ജേക്കബ്‌ തപോവനം

3 comments:

DR DJM said...

good blog. and of course good pictures too

ബാലചന്ദ്രന്‍ ചീറോത്ത് said...

ഇതെന്താ ഇങ്ങനെയൊരു തലക്കെട്ട്. അതു കൂടി ശ്രദ്ധിക്കുമല്ലോ.

അനില്‍ശ്രീ... said...

മറ്റൊരു ദീപികക്കാരന് എന്റെ വക ഒരു സ്വാഗതം. നേരത്തെ ജോണ്‍സന്റെ ബ്ലോഗ് കണ്ടിരുന്നു.