Monday, April 27, 2009

മരണക്കെണിയാകുന്ന നദികള്‍

കേരളത്തിലെ നദികള്‍ യുവത്വത്തിന്റെ ജീവനെടുക്കുന്ന മരണക്കെണികളായി മാറിയോ ? കഴിഞ്ഞവര്‍ഷം മാത്രം കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ മുങ്ങിമരിച്ചത്‌ നൂറ്റമ്പതിലേറെപ്പേര്‍. ഇതില്‍ തൊണ്ണൂറു ശതമാനവും 12-നും 23-നും ഇടയില്‍ പ്രായമുള്ളവര്‍. എന്തുകൊണ്ട്‌ ഈ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു ? പലപ്പോഴും ഒരു നിമിഷത്തെ അശ്രദ്ധയോ മുന്നറിയിപ്പുകളോടുള്ള അവഗണനയോ ആണ്‌ ഇത്തരം ദുരന്തങ്ങള്‍ക്കു വഴിയൊരുക്കുന്നത്‌. യുവത്വം മരണക്കയങ്ങളിലേക്കു മറയുമ്പോള്‍
നൂറു കണക്കിനു കുടുംബങ്ങളിലാണ്‌ തോരാത്ത
കണ്ണീരിന്റെ തീ മഴ പെയ്‌തിറങ്ങുന്നത്‌. വിലപ്പെട്ട ജീവിതങ്ങളെ
മരണക്കയങ്ങളിലേക്കു വലിച്ചടുപ്പിക്കുന്ന
ദുരന്തമുഖങ്ങളിലേക്ക്‌ ഒരന്വേഷണം.

നീര്‍ക്കുമിളയാകുന്ന ജീവന്‍
2006 ജൂലൈ ഒമ്പത്‌. ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ ദിനം. കാലവര്‍ഷം കലിതുള്ളി പെയ്‌തതിനാല്‍ തൊടുപുഴ നഗരത്തിന്റെ ഹൃദയംഭേദിച്ചൊഴുകുന്ന തൊടുപുഴയാര്‍ ഇരുകരകളുംമുറ്റി നിറഞ്ഞൊഴുകിയിരുന്നു. പുഴയോരത്തുള്ള പാറത്തോട്ടാല്‍ വീടിന്റെ പിന്‍മുറ്റത്തെ കല്‍ക്കെട്ടിനൊപ്പം ഉയര്‍ന്ന്‌ ചെമ്മണ്ണുകുത്തിയൊഴുക്കി പതഞ്ഞ്‌ പതഞ്ഞ്‌.... മാനം ഇടയ്‌ക്കിടയ്‌ക്ക്‌ കറുത്തും വെളുത്തും പെയ്‌തിറങ്ങി. വൈകുന്നരം അല്‌പം പ്രകാശം ചൊരിഞ്ഞ പകല്‍. ലോകം ഫുട്‌ബോള്‍ ജ്വരത്തിലും. അന്നുരാത്രി പതിനൊന്നിന്‌ ഫൈനലില്‍ ഫ്രാന്‍സും ഇറ്റലിയും ഏറ്റുമുട്ടുന്നു.
ഫുട്‌ബോള്‍ കളിയെ ഏറെ സ്‌നേഹിച്ചിരുന്ന ഇരട്ട സഹോദരങ്ങളായ അക്ഷയും അഷിമും അന്ന്‌ പതിവിലേറെ സന്തോഷത്തിലായിരുന്നു. പ്ലസ്‌ടു കഴിഞ്ഞിരുന്നതിനാല്‍ പഠനത്തിന്റെ അലോസരങ്ങളൊന്നുമില്ല. ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ തുടങ്ങുന്നതിനു മുന്‍പ്‌ അന്നും അവര്‍ പതിവുപോലെ വീടിനു പിന്നിലെ മുറ്റത്തു കളിക്കാനിറങ്ങി.
പാറത്തോട്ടാല്‍ വീടിനെ വിളിച്ചുണര്‍ത്തിയിരുന്നത്‌ ലിയോണ്‍സ്‌ -ഷൈനി ദമ്പതികളുടെ ഈ ഇരട്ടകുഞ്ഞുങ്ങളാണ്‌. പഠനത്തില്‍ മിടുമിടുക്കര്‍. പ്രായത്തില്‍ കവിഞ്ഞ പക്വത, ബുദ്ധിസാമര്‍ഥ്യം. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഏറെ പ്രിയപ്പെട്ടവര്‍. അതിരാവിലെ പഠനം, പിന്നെ സ്‌കൂള്‍. സ്‌കൂള്‍ വിട്ടുവന്നാല്‍ അല്‌പസമയം കളി, അത്‌ അനുവദനീയമായ പതിവാണ്‌. പുതുമണം മാറാത്ത വീടിനു പിന്നിലായി കൊച്ചു ചെറുമുറ്റമുണ്ട്‌. അവിടമാണ്‌ ഈ ഇരട്ടകളുടെ ഫുട്‌ബോള്‍ ഗ്രൗണ്ട്‌. അകലെയല്ലാതെ നിലയില്ലാ കയങ്ങള്‍ ഒളിപ്പിച്ച്‌ മന്ദമായൊഴുകുന്ന തൊടുപുഴയാറും.
കളി അധിക നേരം നീണ്ടുനിന്നില്ല. പന്തു തെറിച്ചു പുഴയിലേക്ക്‌. പുഴയുടെ അരികില്‍ വീണ പന്ത്‌ പുല്ലില്‍ത്തട്ടി കിടക്കുന്നുണ്ടായിരുന്നു. അങ്ങിനെ പലതവണപന്തുകള്‍ പുഴയില്‍ വീണിട്ടുണ്ടെങ്കിലും അതെടുക്കാന്‍ പോകരുതെന്ന അമ്മയുടെ കര്‍ശന ശാസന അവര്‍ അനുസരിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ പന്ത്‌ വെറുതേ കളയാന്‍ അവര്‍ക്കു മനസുവന്നില്ല. പുഴയിലിറങ്ങി പന്തെടുക്കാന്‍ ഇരുവരും തീരുമാനിച്ചു. പേഴ്‌സും വാച്ചും കരയിലെ പടവില്‍ സൂക്ഷിച്ചുവച്ച്‌ അക്ഷയ്‌ ആണ്‌ പുഴയിലേക്ക്‌ ആദ്യമിറങ്ങിയത്‌. വെള്ളത്തില്‍ ഇറങ്ങി പന്തില്‍ പിടിത്തമിട്ടതും അക്ഷയ്‌ ഒഴുക്കില്‍പ്പെട്ടതും ഒരുമിച്ചായിരുന്നു. ഒഴുക്കില്‍പ്പെട്ട സഹോദരനെ രക്ഷിക്കാന്‍ അഷിമിന്റെ ശ്രമവും വിഫലമായി. നിമിഷങ്ങള്‍ക്കുള്ളില്‍ ഇരുവരും തൊടുപുഴയാ റിന്റെ നിലയില്ലാക്കയത്തിലേക്ക്‌ മറഞ്ഞു. പതിവു സമയം കഴിഞ്ഞും മക്കള്‍ കളി നിര്‍ത്തി മടങ്ങിയെത്താത്തതുകണ്ട്‌ അമ്മ ഷൈനി അന്വേഷണം തുടങ്ങി. വീടിന്റെ പരിസരം മുഴുവന്‍ തെരഞ്ഞിട്ടും മക്കളെ കണ്ടുകിട്ടിയില്ല. അയലത്തെ വീടുകളിലും കൂട്ടുകാരുടെ വീടുകളിലും തിരക്കി. അക്ഷയും അ ഷിമും മാത്രം മടങ്ങിവന്നില്ല.
ഇരട്ടസഹോരങ്ങളുടെ കളിയും ചിരിയുംകൊണ്ട്‌ സന്തോഷം നിറഞ്ഞ പാറത്തോട്ടാല്‍ വീട്ടില്‍നിന്ന്‌ നിലവിളിയുയരാന്‍ അധികസമയം വേണ്ടിവന്നില്ല. അന്വേഷണം പുഴയിലേക്ക്‌ നീണ്ടു. ഫയര്‍ഫോഴ്‌സും തൊടു പുഴ നഗരത്തിലെ ജനങ്ങളും അപകടസ്ഥലത്തേക്ക്‌ ഒഴുകി യെത്തി. പിന്നെ പുഴയില്‍ സംയുക്ത തിരച്ചിലായി.
രാത്രി എട്ടുമണിയോടെ അ ഷിമിന്റെയും പിന്നീട്‌ ഒരു മണിക്കൂറിനു ശേഷം അക്ഷയിന്റെയും ചേതനയറ്റ ശരീരങ്ങള്‍ പുഴയുടെ ആഴങ്ങളില്‍നിന്ന്‌ കണ്ടെടുത്തു. ഓരോരുത്തരെയും കരയിലേക്ക്‌ കൊണ്ടുവരുമ്പോള്‍ ജീവന്റെ കണികയെങ്കിലും അവശേഷിച്ചിട്ടുണ്ടാകണേയെന്ന്‌ പ്രാര്‍ഥിച്ചത്‌ ആ മാതാപിതാക്കള്‍ മാത്രമല്ല, പാറത്തോട്ടാല്‍ മുറ്റത്തേക്ക്‌ ഒഴുകിയെത്തിയ തൊടുപുഴ നഗരം മുഴുവനുമായിരുന്നു. പക്ഷേ, അ പ്പോഴേക്കും തൊടുപുഴയാ റിന്റെ ആഴങ്ങളില്‍ ആ കുഞ്ഞുങ്ങളുടെ പ്രാണന്‍ അലിഞ്ഞു ചേ ര്‍ന്നിരുന്നു.
പന്തെടുക്കാനിറങ്ങി തൊടുപുഴയാറ്റില്‍ മുങ്ങിമരിച്ച സഹോദരങ്ങള്‍ ഇന്നും നാടിന്റെയും മാതാപിതാക്കളുടെയും നെഞ്ചില്‍ വിങ്ങുന്ന ഓര്‍മയാണ്‌. പന്തെടുക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷിക്കാനിറങ്ങിയ രണ്ടുപേരും അപകടത്തില്‍പ്പെടുകയായിരുന്നു. ഓര്‍മകള്‍ക്കുമാത്രം മരണമില്ലല്ലോ. മക്കളുടെ മരണത്തില്‍ മനംനൊന്ത മാതാപിതാക്കള്‍ ഇപ്പോള്‍ പ്രാര്‍ഥനയും സേവന പ്രവര്‍ത്തനങ്ങളുമായി കഴിയുന്നു. പുഴയുടെ സമീപത്തായിരുന്നു വീടെന്നതിനാല്‍ പുഴയിലിറങ്ങരുതെന്നു മാതാപിതാക്കള്‍ മക്കള്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‌കിയിരുന്നു. എങ്കിലും ഒരു നിമിഷത്തെ അബദ്ധം ഇരുവരുടെയും ജീവന്‍ പൊലിയാന്‍ കാരണമായി.
കേരളത്തില്‍ ഇതുപോലെ മക്കള്‍ മുങ്ങി മരിച്ചതിന്റെ വേദനയുമായി കഴിയുന്ന നൂറുകണക്കിനു മാതാപിതാക്കളുണ്ട്‌. കഴിഞ്ഞ ശനിയാഴ്‌ചമാത്രം കോട്ടയം, എറണാകുളം ജില്ലകളിലായി മുങ്ങി മരിച്ചത്‌ ആറു യുവാക്കള്‍. എല്ലാവരും പുഴയില്‍ കുളിക്കാനിറങ്ങി മുങ്ങിമരിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥികളായ എറണാകുളം ഞാറയ്‌ക്കല്‍ വലിയവീട്ടില്‍ പുത്തനങ്ങാടി കുര്യന്റെ മകന്‍ ജോസഫ്‌ കുര്യന്‍ (19), കോട്ടയം പേരൂര്‍ മുല്ലൂര്‍ കെ.എല്‍ ജോയിയുടെ മകന്‍ ലൂക്ക്‌സ്‌ ജോയി (20) പത്തനംതിട്ട കരിമ്പനാംകുഴി കാരേത്ത്‌ കെ.ബേബി മാത്യുവിന്റെ മകന്‍ സുനില്‍ കെ.മാത്യു എന്നിവരാണ്‌ മണിമലയാറ്റില്‍ മുങ്ങി മരിച്ചത്‌. ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ മധുരസ്‌മരണകള്‍ കൂട്ടുകാരുമായി പങ്കുവയ്‌ക്കുന്നതിനിടെയിലാണ്‌ മൂന്നുപേരും മരണത്തിന്റെ തുരുത്തിലേ്‌ക്കു യാത്രയായത്‌. അന്നു തന്നെ ചാലക്കുടിപ്പുഴയിലും മൂന്നു യുവാക്കള്‍ മുങ്ങി മരിച്ചു. ജിബിന്‍ ഇഗ്ന്യേഷ്യസ്‌, ജിബിന്‍ ജോയി, ബൈജു എന്നീ യുവാക്കളെയാണ്‌ ചാലക്കുടിപ്പുഴയുടെ ആഴങ്ങള്‍ കവര്‍ന്നെടുത്തത്‌.
ഈ മാസം ഏഴിനാണ്‌ മണിമലയാറ്റില്‍ അമ്മയോടും സഹോദരനോടുമൊപ്പം കുളിച്ചുകൊണ്ടിരുന്ന എരുമേലി മണങ്ങല്ലൂര്‍ ആലംപരപ്പ്‌ കോളനിയില്‍ ചൂരപ്പാടിയില്‍ (അഖില്‍ നിവാസ്‌) സജി - മിനി ദമ്പതികളുടെ ഇളയ മകനായ (കണ്ണന്‍)പത്തു വയസുകാരന്‍ നിഖിലിനെയാണ്‌ പുഴ വലിച്ചുകൊണ്ടുപോയത്‌. തലേന്നും കുളിക്കാനിറങ്ങിയ പുഴ തന്നെച്ചതിക്കുമെന്നു പാവം കുട്ടി കരുതിയിരുന്നില്ല. ജ്യേഷ്‌്‌ഠനോടൊപ്പം വെള്ളത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി പൊടുന്നനെ മണല്‍ക്കുഴിയില്‍ താണു പോവുകയായിരുന്നു. മണല്‍വാരലുകാര്‍ തലേന്നുണ്ടാക്കിയ കുഴിയാണ്‌ കുട്ടിയുടെ ജീവനെടുത്തത്‌. രണ്ടു മാസം മുന്‍പാണ്‌ ബന്ധുവീട്ടിലെത്തി യ ബാലന്‍ സഹോദരന്റെ കണ്‍മുന്നില്‍ മുങ്ങി മരിച്ചത്‌. സഹോദരനോടൊപ്പം പുഴയിലിറങ്ങിയപ്പോ ള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു.
ഒന്നര വര്‍ഷം മുമ്പാണ്‌ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥിനി ലിന്‍സ മണിമലയാറ്റില്‍ വീണു മരിച്ചത്‌. കൊരട്ടിപ്പാലത്തിനു സമീപം സുഹൃത്തായ ഗ്ലാഡിയയോടൊപ്പം ചിത്രമെടുത്തുകൊണ്ടിരിക്കെ വെള്ളത്തില്‍ വീണ ഷാളെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ പുഴയില്‍വീണു ലിന്‍സ മരിച്ചത്‌. ലിന്‍സയോടൊപ്പം പുഴയില്‍വീണ ഗ്ലാഡിയ അദ്‌ഭുതകരമായി രക്ഷപെടുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പാണ്‌ റാന്നി വലിയ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ കൊല്ലം സ്വദേശികളായ മൂന്നു യുവാക്കള്‍ മുങ്ങിമരിച്ചത്‌. പമ്പാ നദിയിലെ മണല്‍ക്കുഴികളെപ്പറ്റി അറിവില്ലാതിരുന്ന യുവാക്കള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. കേരളത്തില്‍ ചെറുപ്പക്കാരുടെ ജീവനെടുക്കാന്‍ മാത്രം പുഴകള്‍ ഒരുങ്ങിയിരിക്കുകയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലെ സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ കഴിഞ്ഞ 18-ന്‌ മണിമലയാറ്റിലും ചാലക്കുടിപ്പുഴയിലുമായി ആറുപേര്‍ മുങ്ങി മരിച്ചത്‌. കളമശേരിയില്‍ നീന്തല്‍ പഠിക്കാന്‍ പുഴയിലിറങ്ങിയ അഖില്‍, ആന്റണി ബെന്‍, ഡയസ്‌ വര്‍ഗീസ്‌ എന്നീ കുട്ടികള്‍ മുങ്ങി മരിച്ചതു കഴിഞ്ഞ മാസം 18-നാണ്‌. സ്റ്റഡി ലീവിലായിരുന്ന കുട്ടികള്‍ പെരിയാറിന്റെ കൈവഴിയായ ചേരാനെല്ലൂര്‍ പുഴയില്‍ നീന്തല്‍ പഠിക്കാനിറങ്ങി ജീവിതം നഷ്‌ടപ്പെടുത്തുകയായിരുന്നു. മറ്റു സംഭവങ്ങളിലേതുപോലെ പുഴയില്‍ ഒളിഞ്ഞിരുന്ന മണല്‍ക്കുഴികളാണ്‌ ഇവര്‍ക്കും മരണക്കെണിയായി മാറിയത്‌.
പമ്പയില്‍ കുളിക്കാനിങ്ങുന്നവര്‍പോലും മണല്‍ക്കുഴികളില്‍ അകപ്പെടുന്നത്‌ നിത്യസംഭവമായി മാറിയിട്ടുണ്ട്‌. കഴിഞ്ഞ ശബരിമല തീര്‍ഥാടന കാലത്തുമാത്രം പമ്പയുടെ വിവിധകടവുകളിലായി 12 പേരാണ്‌ മുങ്ങിമരിച്ചത്‌. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ്‌ കൂടുതലും പമ്പാ നദിയില്‍ മുങ്ങി മരിക്കുന്നത്‌. ഓരോ തീര്‍ഥാടനകാ ലത്തും പത്തു മുതല്‍ പതിനഞ്ചു വരെ തീര്‍ഥാടകരുടെ ജീവന്‍ പമ്പാ നദിയില്‍ ഹോമിക്കപ്പെടുന്നുണ്ട്‌. പമ്പാ നദിയില്‍ കുളിക്കാനിറങ്ങി കാണാതായിട്ട്‌ മൃതശരീരം പോലും കണ്ടുകിട്ടാത്ത സംഭവങ്ങളുമുണ്ട്‌.
കുളിക്കാനായി പുഴയിലിറങ്ങുന്നത്‌ ഇപ്പോള്‍ മരണത്തിലേക്കു തലവച്ചു കൊടുക്കുന്നതുപോലയായിരിക്കുന്നു. പുഴയില്‍ മുങ്ങിയുള്ള മരണങ്ങള്‍ നിത്യവും വാര്‍ത്തകളാകുമ്പോഴും ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. കൂട്ടുകൂടിയുള്ള വിനോദസഞ്ചാര യാത്രകളും കൗതുകത്തിനായി വെള്ളത്തിലിറങ്ങുന്നതുമെല്ലാം ഇപ്പോള്‍ മരണത്തിലേക്ക്‌ യുവാക്കളെ പറഞ്ഞുവിടുകയാണ്‌. മദ്യലഹരിയില്‍ വെള്ളത്തിലിറങ്ങുന്നതും അപകടം ക്ഷണിച്ചുവരു ത്തുന്നുണ്ട്‌.
മുന്‍കാലങ്ങളില്‍ പുഴകളില്‍ കുളിക്കുകയെന്നതും നീന്തിത്തുടിക്കുന്നതും ഒരു ഉത്സവമായി കണക്കാക്കിയിരുന്നു. എന്നാല്‍, ഇന്ന്‌ പുഴകള്‍ ആത്മാവ്‌ നഷ്‌ടപ്പെട്ട അസ്ഥിപഞ്‌ജരങ്ങളാണ്‌. പുഴകളില്‍ ഇപ്പോള്‍ തുരുത്തുകളില്ല, മറിച്ച്‌ ആഴമുള്ള മണല്‍ക്കയങ്ങള്‍ മാത്രം. പുഴകളുടെ രൂപവും ഭാവവും മാറിയിരിക്കുന്നു. ഇതു മനസിലാക്കാതെ എടുത്തു ചാടുന്നവരാണ്‌ ഏറെയും അപകടത്തില്‍പ്പെടുന്നത്‌. കേരളത്തിലെ പുഴകളുടെ അവസ്ഥ അത്രകണ്ടു ദയനീയമായിരിക്കുന്നു. പുഴകളില്‍ നിന്നുള്ള മണല്‍ വരുമാനത്തിലും കൈമടക്കുകളിലും മാത്രം കണ്ണുവയ്‌ക്കുന്ന പഞ്ചായത്തുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നോക്കുകുത്തിയാകുമ്പോള്‍ മുങ്ങി മരണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
അതേക്കുറിച്ച്‌ നാളെ

No comments: