Wednesday, April 15, 2009

ഇടുക്കി


ചെറിയൊരു ഗ്രാമമാണെങ്കിലും അന്താരാഷ്‌ട്ര പ്രശസ്‌തമാണ്‌ ഇടുക്കി എന്ന സ്ഥലം. സ്ഥലത്തിന്റെ പേരുതന്നെയാണ്‌ ജില്ലയ്‌ക്കുമുള്ളത്‌. ഏതാനും കിലോമീറ്ററുകള്‍ അകലെയുള്ള കുയിലിമലയിലാണ്‌ ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്നത്‌.
സിവില്‍ സ്‌റ്റേഷനും ഇവിടെയാണുള്ളത്‌. ഇടുക്കിയെ ലോക പ്രശസ്‌തമാക്കുന്നത്‌ ഇടുക്കിയില്‍ സ്ഥിതിചെയ്യുന്ന ഇടുക്കി ആര്‍ച്ച്‌ ഡാമാണ്‌.
ജില്ലയുടെ പേര്‌ ഇടുക്കിയാ ണെങ്കിലും ജില്ലാ ആ സ്ഥാനം സ്ഥിതിചെയ്യുന്നത്‌ പൈനാവിലാണ്‌. ഇടുക്കിഡാമിന്റെ നിര്‍മാണത്തിനു മുന്‍പ്‌ പെരിയാര്‍ നദി കുറവന്‍ കുറത്തി മലകള്‍ക്കിടയിലൂടെയാണ്‌ ഒഴുകിയിരുന്നത്‌ .
അതില്‍ നിന്നാണ്‌ ഈ സ്ഥലത്തിന്‌ ഇടുക്കിയെന്ന പേര്‍ ലഭിച്ചതെന്നാണു ചരിത്രം. മുന്‍കാലങ്ങളില്‍ വനമായിരുന്ന പ്രദേശം കുടിയേറ്റത്തോടെയാണ്‌ ജനവാസ കേന്ദ്രമായത്‌.പിന്നീട്‌ കുറവന്‍ കുറത്തി മലകള്‍ക്കു നടുവിലൂടെ ഒഴുകിയിരുന്ന പെരിയാറിനു കുറുകെയാണ്‌ ഇടുക്കി അണക്കെട്ടു നിര്‍മിച്ചത്‌.
839 മീറ്റര്‍ ഉയരമുള്ള കുറവന്‍മലയെയും 925 മീറ്റര്‍ ഉയരമുള്ള കുറത്തി മലയെയുമാണ്‌ ഒരുമിച്ചു ചേര്‍ത്തത്‌.
കനേഡിയന്‍ സാങ്കേതികവിദ്യയാണ്‌ ഡാം നിര്‍മാണത്തിന്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആര്‍ച്ചു ഡാമായ ഇടുക്കിയില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണുള്ളത്‌.
എങ്കിലും വിശേഷാവസരങ്ങളില്‍ ഡാമും പരിസരപ്രദേശങ്ങളും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാറുണ്ട്‌. ഈ സമയങ്ങളില്‍ ഇടുക്കിയും പരിസരപ്രദേശങ്ങളും ഡാമും സന്ദര്‍ശകബാഹുല്യത്താല്‍ നിബിഡമാകും.ഇടുക്കിക്ക ടുത്ത ുതന്നെയുള്ള ഗ്രാമമാണ്‌ ചെറുതോണി. ഇടുക്കി ഡാമിന്റെ ഒരു പാര്‍ശ്വഡാം ചെറുതോണിയിലുണ്ട്‌.
ഇടുക്കി ,ചെറുതോണി ,കുളമാവ്‌ എന്നിവ ചേര്‍ന്നതാണ്‌ ഇടുക്കി ഡാം ഈ ഡാമുകളില്‍ സംഭരിക്കുന്ന വെള്ളം മൂലമറ്റത്തെത്തിച്ചാണ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത്‌.
1975 ഒക്‌ടോബര്‍ നാലിനാണ്‌ ഇടുക്കിയില്‍നിന്നുള്ള ജലം ഉപയോഗിച്ച്‌ വൈദ്യുതോത്‌പാദനം ആരംഭിച്ചത്‌.
കേരളത്തിന്റെ ഭൂരിഭാഗം വൈദ്യുതാവശ്യങ്ങളും നിര്‍വഹിക്കുന്നത്‌ ഇടുക്കി ഡാമില്‍ നിന്നുള്ള ജലം ഉപയോഗിച്ച്‌ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ടാണ്‌.ഇടുക്കി അണക്കെട്ടിനുള്ള സ്ഥാനം മലങ്കര പ്ലാന്റേഷനിലെ സൂപ്പര്‍വൈസറായിരുന്ന ഡബ്ല്യു.ജെ ജോണിനെ കാണിച്ചുകൊടുത്തത്‌ കൊലുമ്പനെന്ന ഒരു ആദിവാസിയാണ്‌ .ഇതാണ്‌ പിന്നീട്‌ ഇടുക്കി ഡാമിന്റെ നിര്‍മാണത്തിനു വഴിത്തിരിവായത്‌.
ഇതിന്റെ സ്‌മരണയ്‌ക്കായി ഇടുക്കിക്കടുത്തുള്ള വെള്ളാപ്പാറയില്‍ കൊലുമ്പന്റെ സമാധി മണ്‌ഡപമുണ്ട്‌.

3 comments:

ഹരീഷ് തൊടുപുഴ said...

ചീയേര്‍സ് മോനേ, ചീയേര്‍സ്..

സുപ്രിയ said...

കൊള്ളാം നടക്കട്ടെ...

J Joy said...

കൊള്ളാം മോനേ.സൂപ്പര്‍