Wednesday, April 1, 2009

കൊല്ലം


കയര്‍, കശുവണ്ടി വ്യവസായങ്ങള്‍ക്കു പേരുകേട്ട നഗരമാണ്‌ കൊല്ലം. പുരാതനകാലം മുതല്‍ വാണിജ്യ കേന്ദ്രമെന്ന നിലയില്‍ കൊല്ലം പ്രസിദ്ധമായിരുന്നു. കയര്‍, കശുവണ്ടി വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ ഇടിവു സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നും കൊല്ലം കയര്‍ കശുവണ്ടി വ്യവസായങ്ങളുടെ ഈറ്റില്ലം തന്നെയാണ്‌. തിരുവനന്തപുരത്തുനിന്നും 71 കിലോമീറ്ററാണ്‌ കൊല്ലത്തേക്കുള്ള ദൂരം. ബ്രിട്ടീഷ്‌ ഭരണത്തിന്‍കീഴില്‍ കൊല്ലത്തിന്റെ പേര്‌ ക്വയിലോണ്‍ എന്നായിരുന്നു. കിഴക്ക്‌ തമിഴ്‌നാടും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ കൊല്ലത്തിന്റെ അതിര്‍ത്തികള്‍.
കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദങ്ങളിലൊന്നുമാണ്‌ കൊല്ലം. കായലുകളുടെ അതിര്‍ത്തിയായ ഇവിടെയാണ്‌ പ്രശസ്‌തമായ അഷ്‌ടമുടിക്കായല്‍ സ്ഥിതിചെയ്യുന്നത്‌. ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദ േകന്ദ്രംകൂടിയാണ്‌ അഷ്‌ടമുടിക്കായലും പരിസര പ്രദേശങ്ങളും. മലയാളത്തിലെ കൊല്ലവര്‍ഷാരംഭത്തിന്റെ തുടക്കംതന്നെ കൊല്ലമെന്ന പേരില്‍നിന്നാണ്‌. കേരളത്തില്‍ ആദ്യമായി റെയില്‍വേ ലൈന്‍ ആരംഭിച്ച സ്ഥലമെന്നഖ്യാതിയും കൊല്ലത്തിനു അവകാശപ്പെട്ടതാണ്‌. ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള റെയില്‍വേലൈനിലുള്ള ഏറ്റവും വലിയ വളവ്‌ കൊല്ലത്താണുള്ളത്‌. കൊല്ലത്തുനിന്നും തമിഴ്‌നാട്ടിലെ ചെ േങ്കാട്ടയിലേക്കുള്ള മീറ്റര്‍ഗേജ്‌ റെയില്‍ വേപ്പാത ഇപ്പോള്‍ ബ്രോഡ്‌ഗേജിനു വഴിമാ റിക്കൊണ്ടിരിക്കുകയാണ്‌.
പഴയ ദേശിംഗനാട്‌ എന്ന പേരിലും കൊല്ലം അറിയപ്പെട്ടിരുന്നു. മത്സ്യസമ്പത്തിനും ഇതര വ്യവസായങ്ങള്‍ക്കും പ്രശസ്‌തമാണ്‌ കൊല്ലം പട്ടണം. ചെമ്മീനും കൊഞ്ചും ഉള്‍പ്പെടെയുള്ളവ വന്‍തോതില്‍ ഇവിടെ നിന്നു വിദേശങ്ങളിലേയ്‌ക്കു കയറ്റി അയയ്‌ക്കുന്നുണ്ട്‌. കൊല്ല നഗരത്തിനു സമീപത്തുള്ള നീണ്ടകര സംസ്ഥാനത്തെ പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രമാണ്‌. കേരളത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ലൈറ്റ്‌ ഹൗസ്‌ കൊല്ലത്തിനടുത്തുള്ള തങ്കശേരിയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇതിനടുത്താണ്‌ പുരാതനമായ തങ്കശേരി കോട്ട. കൊല്ലത്തുള്ള മണ്‍റോതുരുത്ത്‌ എന്ന ഗ്രാമം ഇപ്പോള്‍ പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌.
രാജ്യത്തെ തന്നെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി കൊല്ലത്തു നിന്ന്‌ 80 കിലോമീറ്റര്‍ അകലെയുള്ള തെന്‍മലയിലാണ്‌ ആരംഭിച്ചത്‌. രാജ്യത്തെ ആദ്യത്തെ ചിത്രശലഭ പാര്‍ക്കും തെന്‍മല യിലാണുള്ളത്‌. രാമായണത്തില്‍ ജടായുവിന്റെ ചിറകരിഞ്ഞു വീഴ്‌ത്തിയ പാറ എന്ന പേരില്‍ അറിയപ്പെടുന്ന ജടായുപ്പാ റയും കൊല്ലത്താണു സ്ഥിതിചെയ്യുന്നത്‌. ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടെ ഇപ്പോള്‍ വന്‍ തോതിലുള്ള വികസനം നടക്കുന്നുണ്ട്‌. ജടായുവിന്റെ ഒരു ശില്‍പവും ഇവിടെ നിര്‍മിക്കുന്നുണ്ട്‌. ആശ്രാമം ശ്രീകൃഷ്‌ണ ക്ഷേത്രം പുതിയകാവ്‌ ഭഗവതി ക്ഷേത്രം പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയം എന്നിവയാണ്‌ കൊല്ലത്തെ പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍. മാതാ അമൃതാനന്ദമയി മഠം സ്ഥിതിചെയ്യുന്നത്‌ കൊല്ലം ജില്ലയിലെ അമൃതപുരിയിലാണ്‌. മുനിസി പ്പാലിറ്റിയായിരുന്ന കൊല്ലത്തിന്‌ ഇപ്പോള്‍ കോര്‍പറേഷന്‍ പദവിയാണുള്ളത്‌.

No comments: