Wednesday, April 22, 2009

തിരുവനന്തപുരം



കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ജില്ല. സംസ്ഥാനതലസ്ഥാനം, ഭരണസിരാകേന്ദ്രം തുടങ്ങിയ നിലകളിലാണ്‌ തിരുവനന്തപുരത്തിന്റെ ഖ്യാതി. നിത്യഹരിതനഗരം എന്നാണ്‌ തിരുവനന്തപുരത്തെ മഹാത്മാഗാന്ധി വിശേഷിപ്പിച്ചത്‌. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുള്ളതും സര്‍ക്കാര്‍ ജീവനക്കാര്‍ താമസിക്കുന്നതും തിരുവന്തപുരത്താണ്‌.
കേരള നിയമസഭയുടെ ആസ്ഥാനവും ഇവിടെത്തന്നെ.കേരള സര്‍വകലാശാല, ടെക്‌നോപാര്‍ക്ക്‌, തുമ്പ റോക്കറ്റ്‌ വിക്ഷേപ ണകേ ന്ദ്രം തുടങ്ങിയവയും തിരുവനന്തപുരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. പാങ്ങോട്‌ സൈനിക കേന്ദ്രം, ശ്രീചിത്ര, ആര്‍.സി .സി, മെഡിക്കല്‍ കോളജ്‌ തുടങ്ങിയ പ്രശസ്‌തമായ ആശുപത്രികളും ഗാന്ധിപാര്‍ക്കും തിരുവനന്തപുരത്താണ്‌. സംസ്ഥാന ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റ്‌ ഉള്‍പ്പെടെയുള്ളവ തിരുവനന്തപുരത്തു സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്‌നോ പാര്‍ക്ക്‌ 1995-ല്‍ തിരുവനന്തപുരത്താണ്‌ പ്രവര്‍ത്തനം തുടങ്ങിയത്‌. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ കീഴിലുള്ള ചിത്രാഞ്‌ജലി സ്‌റ്റുഡിയോ തിരുവനന്തപുരത്തെ ആകര്‍ഷണ കേന്ദ്രമാണ്‌.
നിരവധി സ്വകാര്യ ചാനലുകളുടെ കേന്ദ്ര ഓഫീസും സ്റ്റുഡിയോകളും തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്നു. ദൂര്‍ദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയിക്കും തിരുവന്തപുരത്ത്‌ കേന്ദ്രങ്ങളുണ്ട്‌. പ്രശസ്‌ത വാസ്‌തുശില്‍പിയായിരുന്ന ലാറി ബേക്കര്‍ രൂപ കല്‌പന ചെയ്‌ത ഇന്ത്യന്‍ കോഫീ ഹൗസ്‌ കെട്ടിടം തമ്പാനൂരിലെ പ്രധാന ആകര്‍ഷണമാണ്‌. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനവും തിരുവനന്തപുരമായിരുന്നു. കനകക്കുന്ന്‌, കവടിയാര്‍ കൊട്ടാരങ്ങള്‍ തിരുവനന്തപുരത്തിന്റെ തിലകക്കുറികളായി നിലകൊള്ളുന്നു. പ്രശസ്‌തമായ പത്മനാഭ സ്വാമിക്ഷേത്രവും ഈ നഗരത്തിനു സ്വന്തമാണ്‌. തിരുവനന്തപുരത്തിന്റെ ആദ്യകാല പേര്‌ വഞ്ചിയൂര്‍ എന്നായിരുന്നു. തിരു അനന്തപുരം എന്നത്‌ ലോപിച്ചാണ്‌ തിരുവനന്തപുരം എന്നായതെന്ന്‌ ചരിത്രം. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ തിരുവനന്തപുരത്തിന്റെ പേര്‌ ട്രിവാന്‍ട്രം എന്നായിരുന്നു. ആറ്റുകാല്‍ പൊങ്കാല, വെട്ടുകാട്‌ പള്ളി തിരുനാള്‍ എന്നിവ തിരുവനന്തപുരത്തെ പ്രശസ്‌തമായ ഉത്സവങ്ങളാണ്‌. കാഴ്‌ച ബംഗ്ലാവ്‌, മൃഗശാല, പ്ലാനറ്റോറിയം തുടങ്ങിയവയും തിരുവനന്തപുരത്തിന്റെ പ്രത്യേകതയാണ്‌. തിരുവനന്തപുരത്തുള്ള കിന്‍ഫ്ര ഫിലിം ആന്‍ഡ്‌ വീഡിയോ പാര്‍ക്ക്‌ ഇന്ത്യയിലെ തന്നെ പ്രമുഖമായ ആനിമേഷന്‍ ചലച്ചിത്ര നിര്‍മാണ സ്ഥാപനമാണ്‌.
നിരവധി പ്രശസ്‌തമായ തീയേറ്ററുകളുള്ള ഇവിടെ എല്ലാ വര്‍ഷവും ഡിസംബറില്‍ അന്തര്‍ദേശീയ ചലച്ചിത്രത്സവം അരങ്ങേറാറുണ്ട്‌. തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വെള്ളായണി നഗത്തിന്റെ പ്രാന്തപ്രദേശത്താണ്‌.
കരമനയാറും കിള്ളിയാറും നഗരത്തെ തൊട്ടാണ്‌ ഒഴുകുന്നത്‌. തിരുവനന്ത പുരത്തിനടുത്തുള്ള ഏറ്റവും ഉയര്‍ന്ന പ്രദേശം അഗസ്‌ത്യകൂടമാണ്‌. കോവളം ബീച്ചിലേക്ക്‌ തിരുവനന്തപുരത്തുനിന്ന്‌ 16 കിലോമീറ്ററോളം ദൂരമുണ്ട്‌. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ കേന്ദ്രത്തിന്റെ ആസ്ഥാനവും ഈ നഗരത്തിലാണ്‌.

1 comment:

J Joy said...

കൊള്ളാം നന്നായിട്ടുണ്ട്‌...................................