Thursday, April 2, 2009

ബാര്‍ബര്‍ ഷോപ്പുകള്‍ ഹൈ ടെക്കായി: രാഷ്‌ട്രീയം ഔട്ട്‌


മരക്കസേരയില്‍ മുഖം ഉയര്‍ത്തി വച്ചിരിക്കുന്നയാളെ ഷേവ്‌ ചെയ്യുന്ന ബാര്‍ബര്‍. കടയ്‌ക്കുള്ളിലും പുറത്തും സജീവമായ ജനക്കൂട്ടം.കടയ്‌ക്കു ചുറ്റും ഉച്ചത്തിലുള്ള രാഷ്‌ട്രീയ വിലയിരുത്തലുകള്‍. ഷേവിംഗിനിടയില്‍ ഇടയ്‌ക്ക്‌ ചര്‍ച്ചകളില്‍ പങ്കാളിയാകുന്ന ബാര്‍ബര്‍. വാക്കു തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒരു വിഭാഗം പിണങ്ങി കടയ്‌ക്കു പുറത്തേയ്‌ക്ക്‌. രണ്ടു പതിറ്റാണ്ടു മുന്‍പുവരെ കേരളത്തിലെ ഗ്രാമങ്ങളിലുടനീളമുള്ള ബാര്‍ബര്‍ ഷോപ്പുകളിലെ സ്ഥിരംകാഴ്‌ചയായിരുന്നു ഇത്തരം ചൂടുപിടിച്ച രാഷ്‌ട്രീയ ചര്‍ച്ചകള്‍. ഒരു തെരഞ്ഞെടുപ്പിനുകൂടി കേരളം സാക്ഷിയാകുമ്പോള്‍ ഒരു കാലത്ത്‌ തെരഞ്ഞെടുപ്പുകളിലെ മുഖ്യ ചര്‍ച്ചാകേന്ദ്രവും രാഷ്‌ട്രീയ ചര്‍ച്ചകളുടെ പ്രധാന സങ്കേതവുമായിരുന്ന ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്ന്‌ രാഷ്‌ട്രീയം പാടേ അപ്രത്യക്ഷമായിരിക്കുന്നു. ടെലിവിഷനും പത്രങ്ങളും അത്ര പ്രചാരത്തിലല്ലാതിരുന്ന കാലത്ത്‌ ബാര്‍ബര്‍ ഷോപ്പുകളായിരുന്നു നാട്ടിന്‍പുറങ്ങളിലെ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കു വേദിയായിരുന്ന പ്രധാന കേന്ദ്രം.തെരഞ്ഞെടുപ്പു സമയങ്ങളില്‍ മുന്നണികളുടെ വിജയവും പരാജയവുമെല്ലാം തീരുമാനിക്കപ്പെട്ടിരുന്നതും ബാര്‍ബര്‍ഷോപ്പുകളിലെ ചൂടുപിടിച്ച ചര്‍ച്ചകളില്‍ നിന്നാണ്‌.ചിലപ്പോള്‍ വീറുറ്റ ചര്‍ച്ചകള്‍ കടയ്‌ക്കു പുറത്തേയ്‌ക്കുള്ള ഇറങ്ങിപ്പോക്കില്‍ കലാശിച്ചിരുന്നെങ്കിലും ഒരിക്കലും അത്‌ സംഘര്‍ഷത്തിലേയ്‌ക്കു കടന്നിരുന്നില്ല. രാഷ്‌ട്രീയ വാരികകളും റേഡിയോയുമായിരുന്നു ഒരു കാലത്ത്‌ ബാര്‍ബര്‍ ഷോപ്പുകളില്‍ തെരഞ്ഞെടുപ്പു വിവരങ്ങളും നിലപാടുകളും അറിയാന്‍ ജനത്തെ സഹായിച്ചിരുന്നത്‌. ഇന്ന്‌ ബാര്‍ബര്‍ ഷോപ്പുകള്‍ ഹെയര്‍കട്ടിംഗ്‌ സലൂണുകളും ബ്യൂട്ടി സെന്ററുകളുമായി മാറിയതോടെ ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്ന്‌ കൂട്ടംകൂടിയുള്ള സംസാരവും രാഷ്‌ട്രീയ ചര്‍ച്ചകളും വിടപറഞ്ഞു.മരക്കസാരകള്‍ക്കു പകരം കുഷന്‍ കേസരയും എസി മുറികളുമായി മാറിയതോടെ ബാര്‍ബര്‍ ഷോപ്പുകളുടെ നിലവാരവും അമ്പേ മാറിമറിഞ്ഞു. തേച്ച കത്തികള്‍ക്കു പകരം കത്രികയും ആധുനിക ഉപകരണങ്ങളും പ്രചാരത്തിലുമായി. മുന്‍ കാലങ്ങളില്‍ പ്രായമായവരാണ്‌ ബാര്‍ബര്‍മാരെങ്കില്‍ ഇന്ന്‌ ബാര്‍ബര്‍ ഷോപ്പുകളില്‍ ഭൂരിഭാഗവും അരങ്ങുവാഴുന്നത്‌ ചെറുപ്പക്കാരാണ്‌. കാലത്തിന്റെ മാറ്റത്തിനനുസരിച്ച്‌ നാട്ടിന്‍ പുറങ്ങളിലും ബാര്‍ബര്‍മാര്‍ക്ക്‌ ആധുനിക സൗകര്യങ്ങളിലേക്കു മാറേണ്ടി വന്നിരിക്കുന്നു. മുന്‍പ്‌ രാഷ്‌ട്രീയ വാരികകളും റേഡിയോയും ഉണ്ടായിരുന്ന ബാര്‍ബര്‍ ഷോപ്പുകളില്‍ ഇപ്പോള്‍ ആ സ്ഥാനം കൈയടക്കിയിരിക്കുന്നത്‌ സിനിമാ വാരികകളും ടെലിവിഷനും.മുന്‍പ്‌ ഗ്രാമങ്ങളിലെ സ്ഥിരം ബാര്‍ബര്‍മാരുടെ യടുത്തുനിന്നു മുടിവെട്ടുന്ന പതിവുണ്ടായിരുന്നെങ്കില്‍ ഇന്ന്‌ നഗരത്തിലെ എസി മുറികളില്‍ കുഷന്‍ കസേരകളിലിരുന്നു മുടിവെട്ടുന്നതിലാണ്‌ പുതുതലമുറയുള്‍പ്പെടെ താല്‍പര്യം കാണിക്കുന്നത്‌.ഒരു കാലത്ത്‌ സജീവമായ രാഷ്‌ട്രീയ ചര്‍ച്ചാ വേദികള്‍ക്കുള്ള കേന്ദ്രമായ ബാര്‍ബര്‍ ഷോപ്പുകളിലെ സംവാദം അപ്രത്യ ക്ഷമാകുന്നതിലൂടെ സാംസ്‌കാരിക കേരളത്തിനു നഷ്‌ടപ്പെടുന്നത്‌ സംഘം ചേര്‍ന്നുളള ചര്‍ച്ചകളും കാപട്യമില്ലാത്ത രാഷ്‌ട്രീയ വിലയിരുത്തലുകളുമാണ്‌.

1 comment:

രഘുനാഥന്‍ said...

ശരിയാ സന്ദീപേ.....ഇന്നത്തെ ബാര്‍ബര്‍ ഷാപ്പില്‍ രാഷ്ട്രീയം പറഞ്ഞാല്‍ കടക്കാരന്‍ കത്രിക കാണിക്കും...കരണ്ട് ചാര്‍ജ് കൊടുക്കേണ്ടത് അയാളല്ലേ?