Friday, May 1, 2009

മണല്‍ക്കുഴികളില്‍ മറഞ്ഞിരിക്കുന്ന മരണം


പത്തനംതിട്ട വാഴക്കുന്നം നീര്‍പ്പാലത്തിനു സമീപത്തുനിന്നുളള്ള പമ്പാനദിയുടെ ദൃശ്യം.

കേരളത്തിലെ നദികളുടെ ഇപ്പോഴത്തെ അവസ്ഥയ്‌ക്ക്‌ ഏറ്റവും നല്ല ഉദാഹരണം കാണാന്‍ പത്തനം തിട്ടയിലെത്തിയാല്‍ മതി. അനിയന്ത്രിതമായ മണല്‍വാരല്‍മൂലം രണ്ടു ചെറു നദികള്‍ തന്നെ ഇല്ലാതായ കഥയാണ്‌ പമ്പയ്‌ക്കു പറയാനുള്ളത്‌. പത്തനംതിട്ട ആലപ്പുഴ ജില്ലകളിലൂടെ ഒഴുകിയിരുന്ന പമ്പയുടെ ഒരു കൈവഴിയായ വരട്ടാറും പമ്പ അച്ചന്‍കോവിലാറുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കുട്ടംപേരൂര്‍ ആറുമാണ്‌ മണല്‍വാരലിനെത്തുടര്‍ന്ന്‌ ഇല്ലാതായത്‌.
അനിയന്ത്രിതമായ മണല്‍വാരലിനെത്തുടര്‍ന്ന്‌ പമ്പയുടെ അടിത്തട്ടു വല്ലാതെ കുഴിയുകയും അങ്ങനെ ജലനിരപ്പ്‌ താണതുമാണ്‌ രണ്ടു ആറുകളുടെയും അകാല ചരമത്തിനു വഴി യൊരുക്കിയത്‌. കേരളത്തിലെ 44 നദികളും ഇപ്പോള്‍ ഇതേ അവസ്ഥയിലാണ്‌.
പുഴയില്‍ കുളിച്ച്‌ വസ്‌ത്രം അലക്കി കയറിവരുന്ന നാട്ടുകാരന്‍ ഒരുകാലത്ത്‌ നമ്മുടെ മനസിലെ പതിവുചിത്രമായിരുന്നു. മാമാങ്കവും, ഉത്സവങ്ങളും മാരാമണ്‍ കണ്‍വന്‍ഷനും ആലുവാ ശിവരാത്രിയും മലയാളിയുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. വരുംതലമുറയ്‌ക്ക്‌ ഇവയെല്ലാം ആസ്വദിക്കാന്‍ നദീതീരങ്ങളിലെ മണല്‍പ്പുറങ്ങള്‍ അവശേഷിക്കുമോയെന്ന കാര്യം സംശയമാണ്‌.
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിഡാം തുറന്നു വിട്ടപ്പോള്‍ നടന്ന മണല്‍ക്കൊയ്‌ത്തും പിന്നീട്‌ ഇപ്പോഴും തുടരുന്ന വിവാദങ്ങളും കേരളം മറന്നിട്ടില്ല. വൈദ്യുതി ബോര്‍ഡിന്റെ ആവശ്യത്തിനായി ഡാം തുറക്കുകയും പിന്നീട്‌ ഡാം അടയ്‌ക്കാനാകാതെ വന്നപ്പോഴുമാണ്‌ ഡാമിലെ മണല്‍ നദിയിലൂടെ ഒഴുകിയത്‌. ഒരു ദേശത്തിനുതന്നെ ചാകരയായിരുന്നു ഈ മണലൂറ്റ്‌. മണല്‍വാരി ലക്ഷാധിപതികളായവരും കിമ്പളം പറ്റി കീശ വീര്‍പ്പിച്ച റവന്യു, പോലീസ്‌, പഞ്ചായത്ത്‌ അധികാരികളും കൊള്ളയ്‌ക്ക്‌ കൂട്ടുനില്‍ക്കുന്നു. ഏറ്റവുമധികം മണല്‍ക്കൊള്ളയ്‌ക്ക്‌ വിധേയമായത്‌ കേരളത്തിലെ ഏറ്റവും വലിയ നദികളായ പെരിയാറും ഭാരതപ്പുഴയുമാണ്‌.
ഈ നദികളിലെ മണല്‍ക്കുഴികളില്‍ ഹോമിക്കപ്പെടുന്ന ജീവനുകള്‍ക്ക്‌ കൃത്യമായ കണക്കുകളില്ല. കൊള്ളയ്‌ക്ക്‌ വിധേയമായ നിളാനദി ഇന്ന്‌ `നൂല്‍പ്പുഴ'യാണ്‌. വറ്റിവരണ്ട ഈ നദി കേരളത്തിന്റെ നാളെയെക്കുറിച്ച്‌ മുന്നറിയിപ്പു നല്‍കുന്നു. പെരിയാറില്‍നിന്ന്‌ വാരുന്ന ആലുവാമണലിന്‌ ലോഡ്‌ ഒന്നിന്‌ 15,000 രൂപയ്‌ക്ക്‌ മുകളിലാണ്‌ വില. പണത്തോടുള്ള ആര്‍ത്തി മൂത്ത്‌ മണല്‍വാരി നാം നമുക്കുതന്നെ കുഴിതോണ്ടി. മണല്‍ക്കൊള്ളമൂലം നദികളിലെ ആഴം കൂടുകയും അതിനനുസരിച്ച്‌ കര ഇടിയുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. നദികള്‍ ആഴങ്ങളിലേക്ക്‌ ഇറങ്ങിയതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായി.
കേരളം പോലൊരു സംസ്ഥാനത്തെ നിര്‍മാണാവശ്യങ്ങള്‍ക്ക്‌ പ്രതിവര്‍ഷം വേണ്ടി വരുന്നത്‌ 40 ദശലക്ഷം ടണ്ണിലധികം മണലാണ്‌. എന്നാല്‍, ഇത്രയും മണല്‍ശേഖരം നമ്മുടെ നദികളിലില്ല. അത്‌ വകവയ്‌ക്കാതെ മാഫിയാ സംഘങ്ങള്‍ നദികളില്‍ മഹാഗര്‍ത്തങ്ങള്‍ തീര്‍ത്തു. നദികളില്‍ മുമ്പുണ്ടായിരുന്ന തുരുത്തുകള്‍ പലതും മണല്‍ക്കുഴികളായി മാറി. മണല്‍ ഇല്ലാത്ത പുഴകള്‍ വെറും തോടുകളായി മാറി. തോടുകളില്‍ അടിഞ്ഞുകൂടുന്നത്‌ ചെളിയാണ്‌. കുളിക്കാനിറങ്ങുന്നവര്‍ ചെളിയില്‍ പൂണ്ടുപോകുന്നതും സാധാരണം. അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കുന്ന പതിവ്‌ സര്‍ക്കാരിനുണ്ട്‌. എന്നാല്‍, മുങ്ങി മരിക്കുന്നവര്‍ക്ക്‌ അതിന്‌ അവകാശമില്ല. നദികളുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ട സര്‍ക്കാര്‍ അതു ചെയ്യുന്നില്ലെന്നു മാത്രമല്ല, അതൂമൂലം ജീവഹാനിയുണ്ടാകുന്നവരെ പരിഗണിക്കുന്നുമില്ല.
നഗരങ്ങളില്‍ കഴിയുന്നര്‍ മറ്റുവിനോദത്തിനായി നദിയിലേക്കിറങ്ങുന്നത്‌ സാധാരണയാണ്‌. വിനോദത്തിനായി പുഴയിലേക്കിറങ്ങുന്നവര്‍ അവിടെയുള്ള മണല്‍ക്കുഴികളെ അറിയുന്നില്ല. അപ്രതീക്ഷിതമായി പുഴയിലിറങ്ങുന്നവരാണ്‌ സാധാരണനിലയില്‍ കെണിയില്‍പ്പെടുന്നത്‌. കഴിഞ്ഞ മാസമുണ്ടായ മുങ്ങിമരണങ്ങളെല്ലാം മണല്‍ക്കുഴിയില്‍ വീണാണ്‌ സംഭവിച്ചത്‌. പതിവായി പുഴയില്‍ കുളിക്കാനിറങ്ങുന്നവര്‍ പോലും അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ നിരവധി. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കഴിഞ്ഞദിവസം മീനിച്ചിലാറ്റിലുണ്ടായ അമ്മയുടെയും മകളുടെയും മരണം.
മണിമലയാറിന്റെ കൊരട്ടിപ്പാലം മുതല്‍ എരുമേലി വരെയുള്ള 20 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ 200-ലധികം മണല്‍കടവുകളാണുള്ളത്‌. വന്‍ തോതിലുള്ള മണല്‍ഖനനം മൂലം മണിമലയാറ്റില്‍ നൂറുകണക്കിനു വന്‍കയങ്ങളാണു രൂപപ്പെട്ടിട്ടുള്ളത്‌. അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്തിലധികം പേര്‍ മണിമലയാറ്റില്‍ മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ്‌ കോളജിലെ നാലു വിദ്യാര്‍ഥികളാണ്‌ രണ്ടു വര്‍ഷത്തിനുള്ളില്‍ മണിമലയാറ്റില്‍ മുങ്ങിമരിച്ചത്‌.
അനിയന്ത്രിത മണല്‍വാരല്‍ മൂലം നദികളുടെ തീരമിടിയുന്നതും പതിവാണ്‌. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ മണല്‍വാരുന്നതിനിടെ തിട്ടയിടിഞ്ഞ്‌ തൊഴിലാളി മരിച്ചു. അച്ചന്‍കോവിലാറ്റില്‍ മണല്‍ വാരുന്നതിനിടെ ചെങ്ങന്നൂര്‍ എണ്ണയ്‌ക്കാട്‌ പെരിങ്ങേലിപ്പുറത്ത്‌ ചാലയ്‌ക്കാമണ്ണില്‍ ബാബു(52) ആണ്‌ മരിച്ചത്‌. ഓമല്ലൂര്‍ കടവില്‍ വച്ചായിരുന്നു സംഭവം. മീനിച്ചിലാറ്റിലെ മണല്‍വാരലിനെത്തുടര്‍ന്ന്‌ പാലായ്‌ക്കടുത്ത്‌ മുത്തോലിയിലെ സി.എം.ഐ ആശ്രമത്തിന്റെ ഒരേക്കറോളം സ്ഥലം പുഴയിലേക്ക്‌ ഇടിഞ്ഞ്‌ നഷ്‌ടമായി. തിട്ടയിടിച്ചുള്ള മണല്‍വാരലാണ്‌ സ്ഥലം നഷ്‌ടപ്പെടാന്‍ കാരണമായതെന്ന്‌ ആശ്രമാധികൃതര്‍ പറയുന്നു.
പമ്പയിലെ എല്ലാ കടവുകളിലും മണല്‍ക്കുഴികളാണ്‌. ശബരിമല തീര്‍ഥാടകരുടെ പാതയില്‍ പമ്പാനദിയില്‍ നിരവധി അപകട കടവുകളാണുള്ളത്‌.മണ്ണാരക്കുളഞ്ഞി, പെരുന്നാട്‌ മാടമണ്‍ കടവ്‌ എന്നിവിടങ്ങളിലാണ്‌ കൂടുതല്‍ തീര്‍ഥാടകരും ഒഴുക്കില്‍പ്പെടുന്നത്‌. നിറയെ തീര്‍ഥാടകരെത്തുന്ന പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിനു സമീപമുള്ള അച്ചന്‍കോവിലാറ്റിലെ കടവിലും മണല്‍ക്കുഴികളേറെയാണ്‌.
ഭരണഘടനയുടെ 48 എ 51(ജി) വകുപ്പനുസരിച്ച്‌ നദീസംരക്ഷണം സര്‍ക്കാരിന്റെ ചുമതലയാണ്‌. പഞ്ചായത്തീരാജ്‌ 218-ാം വകുപ്പനുസരിച്ച്‌ ജലസ്രോതസുകളുടെ സംരക്ഷണം പഞ്ചായത്തുകളും നിര്‍വഹിക്കണം.
2002 ഏപ്രില്‍ 27-നു പ്രാബല്യത്തില്‍ വന്ന സംസ്ഥാന നദീ സംരക്ഷണ നിയമം നദീസംരക്ഷണത്തിന്റെ ആവശ്യകത മുന്നില്‍ക്കണ്ട്‌ വളരെ വിശാലമായ അര്‍ഥത്തില്‍ തയാറാക്കിയതാണ്‌. എന്നാല്‍ ഈ നിയമം കേരളത്തില്‍ ഒരു പഞ്ചായത്തും പ്രാവര്‍ത്തികമാക്കുന്നില്ലായെന്നതാണ്‌ യാഥാര്‍ഥ്യം.
മണല്‍വാരല്‍ തടയാനെത്തുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍വരെ ശ്രമിക്കുന്ന അവസ്ഥയും സംസ്ഥാനത്തുട നീളമുണ്ട്‌. തിരുവല്ല സബ്‌കളക്‌ടറായിരുന്ന ജ്യോതി കുമാറിനെ മണല്‍മാഫിയ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌ ഒരു വര്‍ഷം മുന്‍പാണ്‌.

(ഇനി: രക്ഷകരാകുന്നത്‌ നാട്ടുകാര്‍, ഫയര്‍ഫോഴ്‌സ്‌ നിസഹായര്‍ )

No comments: