Monday, May 4, 2009

മുന്നറിയിപ്പുകള്‍ക്കു പുല്ലുവില;

കഴിഞ്ഞ പതിനെട്ടിന്‌ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥികള്‍ മണിമലയാറിന്റെ തീരത്തുകൂടി നടന്നു പോകുന്നതുകണ്ട നാട്ടുകാരിലൊരാള്‍ അവര്‍ക്കു മുന്നറിയിപ്പു നല്‍കിയതാണ്‌. ``മക്കളെ ആറ്റിലിറങ്ങരുത്‌.
അവിടെ മുഴുവന്‍ കയങ്ങളും മണല്‍ക്കുഴികളുമാണ്‌.'' എന്നാല്‍ യുവാക്കളുടെ സംഘം അത്‌ അത്ര കാര്യമാക്കിയില്ല. അവര്‍ ഉല്ലാസത്തിമിര്‍പ്പിലായിരുന്നു. ആറ്റുതീരത്തെ സുഖകരമായ കാറ്റിന്റെ ശീതളിമ ആസ്വദിച്ച്‌ ചിരിച്ചുല്ലസിച്ച്‌ അവര്‍ യാത്ര തുടര്‍ന്നു. കുറച്ചകലെ പൊന്തക്കാടുകള്‍ നിറഞ്ഞ സ്ഥലത്ത്‌്‌ കളകളാരവം മുഴക്കുന്ന വെള്ളം അവരെ മാടിവിളിച്ചു. അവര്‍ വെള്ളത്തിലേക്കിറങ്ങി. എന്നാല്‍, ആ സന്തോഷം നിലവിളിയിലേക്കു വഴിമാറാന്‍ അധിക സമയം വേണ്ടി വന്നില്ല.
വെള്ളത്തിലിറങ്ങിയ സംഘത്തിലൊരാള്‍ കാലെടുത്തുവച്ചത്‌ മണല്‍ക്കുഴികള്‍ നിറഞ്ഞ കയത്തില്‍. കൂട്ടുകാരന്‍ മുങ്ങിത്താഴുന്നതു കണ്ട രണ്ടു സുഹൃത്തുക്കള്‍ കയത്തിലേക്ക്‌ എടുത്തുചാടി. മണല്‍ക്കുഴികളിലെ ചുഴികള്‍ അവരെ ആഴങ്ങളിലേക്കു വലിച്ചെടുത്തു. ശ്വാസം കിട്ടാതെ ആറിന്റെ അടിത്തട്ടില്‍ മൂവര്‍ക്കും ജീവന്‍ നഷ്‌ടപ്പെട്ടു.
നമ്മുടെ നാട്ടിലുണ്ടായിട്ടുള്ള ഭൂരിഭാഗം മുങ്ങിമരണങ്ങളും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതുകൊണ്ടോ അശ്രദ്ധ മൂലമോ സംഭവിക്കുന്നതാണ്‌. ചെറുപ്പത്തിന്റെ ചോരത്തിളപ്പും ആവേശവുമാണ്‌ മിക്കവരെയും അപകടങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നത്‌.
വില്ലനാകുന്ന മദ്യം
യുവാക്കളുടെ കൂട്ടം ചേര്‍ന്നുള്ള വിനോദ സഞ്ചാര യാത്രകളാണ്‌ പലപ്പോഴും മുങ്ങിമരണങ്ങളില്‍ കലാശിക്കുന്നത്‌. ഇതില്‍ മദ്യത്തിനും ഒരുപരിധി വരെ പങ്കുണ്ട്‌. മദ്യപിച്ച ശേഷം വെള്ളത്തിലിറങ്ങുന്നവര്‍ മുന്നറിയിപ്പുകള്‍ വകവയ്‌ക്കാറില്ല. ഒഴുക്കിനെപ്പറ്റിയോ അപകടങ്ങളെപ്പറ്റിയോ അവര്‍ക്ക്‌ കാര്യമായ ബോധവുമുണ്ടാവില്ല. മിക്ക അപകടങ്ങള്‍ക്കും കാരണമിതാണെന്ന്‌ പോലീസ്‌ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മദ്യപിച്ച ഒരാളുടെ തലച്ചോര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കില്ല. ശരീരത്തിലെ പേശികളുടെ പ്രവര്‍ത്തനവും സങ്കോചിക്കും. അയാള്‍ക്ക്‌ നീന്തി രക്ഷപെടാനുമാവില്ല. വെള്ളത്തിലിറങ്ങാന്‍ പേടിയുള്ളവര്‍ പോലും മദ്യപിച്ചുകഴിഞ്ഞാല്‍ വെള്ളത്തിലിറങ്ങാനുള്ള പ്രവണത കാണിക്കും. ഇത്‌ അപകടത്തിന്‌ കാരണമാകുകയും ചെയ്യും.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ്‌ പ്രഫസര്‍ ഡോ. ബി പത്മകുമാറിന്റെ അഭിപ്രായത്തില്‍ മുങ്ങിമരണം രണ്ടു വിധത്തിലാണ്‌ സംഭവിക്കുന്നത്‌. ഡ്രൈ സിങ്കിംഗ്‌ ഡെത്ത്‌, വെറ്റ്‌ സിങ്കിംഗ്‌ ഡെത്ത്‌ എന്നിവയാണവ. വെള്ളത്തില്‍വീഴുന്നയാള്‍ വെള്ളം കുടി ച്ചുത ന്നെ മരിക്കമെന്നില്ല. വെള്ളത്തില്‍വീഴുമ്പോഴുള്ള ഭയംമൂലം ശ്വാസകോശത്തിലെയും തൊണ്ടയിലെയും മാംസ പേശികള്‍ സങ്കോചിച്ചും മരണം സംഭവിക്കാം. ഇതിനെയാണ്‌ ഡ്രൈ സിങ്കിംഗ്‌ ഡെത്ത്‌ എന്നുപറയുന്നത്‌. ഇങ്ങനെ മരിക്കുന്നവരുടെ ശ്വാസകോശത്തില്‍ വെള്ളം കയറിയി ട്ടുണ്ടാ കില്ല. വെള്ളം കുടിച്ചുള്ള മരണത്തിനെയാണ്‌ വെറ്റ്‌ സിങ്കിംഗ്‌ ഡെത്ത്‌ എന്നു പറയുന്നത്‌.
ഇതോടൊപ്പം അപസ്‌മാരം പോലെയുള്ള അസുഖങ്ങളുള്ളവര്‍ വെള്ളത്തിലിറങ്ങിയാല്‍ മുങ്ങിമരിക്കാനുള്ള സാധ്യത വളരെയേറെയാണെന്നും ഡോ.പത്മകുമാര്‍ ചൂണ്ടിക്കാട്ടി.
മുന്നറിയിപ്പുകളുടെ അഭാവം
നമ്മുടെ സംസ്ഥാനത്തെ മിക്ക നദികളിലും വെള്ളച്ചാട്ടങ്ങളിലും നിരവധി അപകടക്കെണികള്‍ ഒളിഞ്ഞിരിപ്പുണ്ട്‌. എന്നാല്‍, ഇത്തരം സ്ഥലങ്ങളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലൂടെ അപകടസൂചന നല്‍കാന്‍ കഴിയും. ജലസ്രോതസുകളുടെ സംരക്ഷണവും സുരക്ഷിതത്വവും അതാതു പ്രദേശത്തെ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയായതിനാല്‍ ഇക്കാര്യം പഞ്ചായത്തുകള്‍ക്ക്‌ വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതേയുള്ളൂ. നദികളില്‍നിന്നു മണല്‍വാരുന്നതിന്റെ പണം വാങ്ങുന്ന പഞ്ചായത്തുകള്‍ മുന്നറിയിപ്പുബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുപോലുള്ള കാര്യങ്ങളോടു പുറംതിരിഞ്ഞു നില്‍ക്കുകയാണ്‌. റിവര്‍ മാനേജുമെന്റ്‌ ഫണ്ടില്‍ നിന്നുള്ള പണം ഇതിനായി ഉപയോഗിക്കാമെങ്കിലും പലപ്പോഴും ഇതു പാഴാക്കിക്കളയുകയാണ്‌.
സ്‌കൂളുകളില്‍ നീന്തല്‍
പഠനം നിര്‍ബന്ധമാക്കുക
വിദ്യാര്‍ഥികളുടെ മുങ്ങി മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ നീന്തല്‍ പഠനത്തിന്റെ അനിവാര്യതയിലേക്കാണ്‌ ഇതു വിരല്‍ചൂണ്ടുന്നത്‌.സ്‌കൂളുകളില്‍ നീന്തല്‍ പഠനം നിര്‍ബന്ധമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചില സ്‌കൂളുകളില്‍ ഇപ്പോള്‍ത്തന്നെ ഇതാരംഭിച്ചിട്ടുണ്ട്‌. ഇത്‌ സംസ്ഥാനതലത്തില്‍ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിലൂടെ മുങ്ങിമരണങ്ങളില്‍ നിന്നു വിദ്യാര്‍ഥികളെ രക്ഷപെടുത്താം.
അപകടങ്ങള്‍ ഒഴിവാക്കാന്‍
അധികൃതര്‍ ചെയ്യേണ്ടത്‌

1. കുളിക്കടവുകളോടു ചേര്‍ന്നുള്ള മണല്‍വാരല്‍ കര്‍ശനമായി നിരോധിക്കണം.
2. അപകടസാധ്യതയുള്ള കടവുകളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇവിടങ്ങളില്‍ സുരക്ഷാ വേലികള്‍ നിര്‍മിക്കണം.
3. ജലാശയങ്ങളോടും നദികളോടും ചേര്‍ന്നുള്ള അപകടസാധ്യതയുള്ള മേഖലകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണം.
4. തീര്‍ഥാടന കാലങ്ങളില്‍ പമ്പാനദിയുടെ കടവുകളുടെ സമീപത്ത്‌ ഫയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കണം.
5. ജലവുമായി ബന്ധപ്പെട്ട്‌ കൂടുതലാളുകളെത്തു ന്ന പ്രദേശങ്ങളില്‍ ലൈഫ്‌ബോട്ടും ,ലൈഫ്‌ ജാക്കറ്റും പോലുള്ള രക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കുക.
പ്രഥമശുശ്രൂഷ
വെള്ളത്തില്‍ മുങ്ങിയയാള്‍ വെള്ളം കുടിച്ചിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന്‌ വയറ്റില്‍ നിന്നു വെള്ളം പുറത്തുകളയണം. ഇതിനായി ആളിനെ കമിഴ്‌ത്തിക്കിടത്തണം. തുടര്‍ന്ന്‌ പുറത്ത്‌ നന്നായി അമര്‍ത്തണം. തല ഒരു വശത്തേക്കു ചരിച്ചുവയ്‌ക്കണം.വയറ്റിലെ വെള്ളം മുഴുവന്‍ പുറത്തു പോകുന്നതുവരെ ഈ പ്രവൃത്തി തുടരണം. തുടര്‍ന്ന്‌ വായിലും മൂക്കിലും പറ്റിയിട്ടുള്ള ചെളി, പായല്‍ എന്നിവ നീക്കം ചെയ്‌ത്‌ ശ്വാസോച്ഛ്വാസം സുഗമമാക്കുക. പിന്നീട്‌ മലര്‍ത്തിക്കിടത്തി ശ്വാസോച്ഛ്വാസവും നാഡിമിടിപ്പും പരിശോധിക്കുക.ഹൃദയാഘാതമോ ശ്വസന സ്‌തംഭനമോ സംഭവിച്ചിട്ടുണ്ടെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസവും കാര്‍ഡിയാക്‌ മസാജും(നെഞ്ചില്‍ ശക്തിയായി അമര്‍ത്തുന്നത്‌) നല്‍കുക. ഇതിനു ശേഷം എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
അടുത്തു പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഒരു കാരണവശാലും ഇറങ്ങരുത്‌. ഓരോ സ്ഥലങ്ങളിലെയും വെള്ളത്തിന്റെ രീതിക്കും ഒഴുക്കിനും വ്യത്യാസമുണ്ടാകും. ജലാശയങ്ങളുടെ തീരത്തിരുന്ന്‌ മദ്യപിക്കാതിരിക്കുക. മദ്യപിച്ച ശേഷം വെള്ളത്തില്‍ ഇറങ്ങാതിരിക്കുക.
ചില വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വഴുക്കലുള്ള പാറകള്‍ സാധാരണയാണ്‌. ഇവിടെ കാല്‌ വഴുതി കയത്തില്‍ വീഴാനുള്ള സാധ്യത ഏറെയാണ്‌. നീന്തലറിയാത്തവരെ വെള്ളത്തിലിറങ്ങാന്‍ നിര്‍ബന്ധിക്കരുത്‌. സംഘം ചേര്‍ന്നുള്ള യാത്രകളിലാണ്‌ ഇത്തരം പ്രവണതകള്‍ കാണുന്നത്‌. ആരെങ്കിലും വെളളത്തില്‍ വീണാല്‍ നീന്തലറിയാത്തവര്‍ രക്ഷകരാകരുത്‌. നാട്ടുകാരുടെയും മറ്റും സഹായം തേടുകയാണ്‌ ഉചി തം.
സ്‌കൂള്‍ അധികൃതരും മറ്റു വിദ്യാഭ്യാസ സ്ഥാ പനങ്ങളില്‍ നിന്നുള്ള വരും വിനോദ സഞ്ചാരയാത്രകളിലും മറ്റും പുഴകളിലും കടലിലും ഇറങ്ങി അപകടത്തില്‍പ്പെടാറുണ്ട്‌. കുട്ടികള്‍ വെള്ളത്തിലിറങ്ങാതിരിക്കാന്‍ അ ധ്യാപകര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.
മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍
മക്കള്‍ മുങ്ങിമരിച്ചതിന്റെ ദുഃഖവും പേറി ജീവിതകാലം മുഴുവന്‍ മരിക്കാത്ത ഓര്‍മകളുമായി കഴിയാന്‍ വിധിക്കപ്പെട്ട നൂറുകണക്കിനു മാതാപിതാക്കളുണ്ട്‌ നമ്മുടെ നാട്ടില്‍. അമ്മമാരുടെ കണ്‍മുന്നില്‍ മക്കള്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ നിത്യ സംഭവമാകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌ മാതാപിതാക്കള്‍ തന്നെയാണ്‌.
മക്കളെ ഒരിക്കലും പരിചയമില്ലാത്ത വെള്ളത്തിലിറങ്ങാന്‍ അനുവദിക്കാതിരിക്കുക. കൂട്ടുകൂടിയുള്ള മക്കളുടെ യാത്രകളെ നിരുത്സാഹപ്പെടുത്തുക. ഒരു നിമിഷത്തെ അശ്രദ്ധയും കൂട്ടുകാരുടെ നിര്‍ബന്ധവും മദ്യത്തിന്റെ ലഹരിയും നഷ്‌ടപ്പെടുത്തുന്നത്‌ സ്വന്തം ജീവിതമാണെന്ന്‌ ഓര്‍മിപ്പിക്കുക.
ഇനിയൊരു മുങ്ങിമരണം പോലും ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കുക.

(അവസാനിച്ചു)

1 comment:

G.MANU said...

മാഷേ ഈ നല്ല ബ്ലോഗ് കാണാന്‍ വൈകി

എല്ലാം ഒന്നു വായിക്കട്ടെ ഇനി