Sunday, May 3, 2009

നീന്തലറിയാത്ത ഫയര്‍ഫോഴ്‌സും കണ്ണുകാണാത്ത സര്‍ക്കാരും


കഴിഞ്ഞ 18-ന്‌ മണിമലയാറ്റില്‍ മുങ്ങിമരിച്ച കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥികളുടെ മൃതദേഹം തിരയുന്ന നാട്ടുകാര്‍. ഫയര്‍ഫോഴ്‌സിന്‌ ഇവിടെ കാര്യമായൊന്നും ചെയ്യാനാകുമായിരുന്നില്ല.



കഴിഞ്ഞ പതിനെട്ടിന്‌ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ്‌ കോളജില്‍ നിന്നു കുളിക്കാനെത്തിയ വിദ്യാര്‍ഥികള്‍ മണിമലയാറ്റില്‍ അകപ്പെട്ടതായി വാര്‍ത്ത പരന്നു. സഹപാഠികളുടെ നിലവിളികേട്ട്‌ നാട്ടുകാര്‍ ഓടിയെത്തി. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. എന്നാല്‍ ഫയര്‍ഫോഴ്‌സ്‌ തങ്ങളുടെ പഴയ വാഹനത്തില്‍ എത്തിയപ്പോഴേക്കും മണല്‍വാരല്‍ത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന്‌ ഏതാനും വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയിരുന്നു. കയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനെത്തിയ ഫയര്‍ഫോഴ്‌സിന്റെ കൈവശം ആകെയുണ്ടായിരുന്നത്‌ പാതാളക്കരണ്ടി മാത്രം. നീന്തലറിയാത്ത ചില ജീവനക്കാര്‍ കരയ്‌ക്കു നിന്നപ്പോള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വള്ളങ്ങളിലും മറ്റും മണല്‍വാരല്‍ത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ്‌ മരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനാ യത്‌. തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന്‌ ആവും വിധം ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍ പ്രവര്‍ത്തിച്ചുവെന്നത്‌ വിസ്‌മരിക്കുന്നില്ല.
സംസ്ഥാനത്തുടനീളം മുങ്ങി മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ രക്ഷകരാകുന്നതു നാട്ടുകാര്‍. രക്ഷാപ്രവര്‍ത്തനം നടത്തേണ്ട ഫയര്‍ഫോഴ്‌സിനാകട്ടെ വേണ്ടത്ര ഉപകരണങ്ങളും പരിശീലനവുമില്ലാത്തതിനാല്‍ മിക്കയിടത്തും കാഴ്‌ചക്കാരായി നില്‍ക്കാനേ കഴിയുന്നുള്ളൂ. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ്‌ കോളജിലെ മൂന്നു വിദ്യാര്‍ഥികള്‍ മണിമലയാറ്റില്‍ മുങ്ങിമരിച്ച സംഭവം. നദികളില്‍ മുങ്ങിത്താ ഴുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ കൂടുതലും പങ്കാളികളാകുന്നത്‌ മണല്‍വാരല്‍ തൊഴിലാ ളികളാണ്‌.
ഫയര്‍ഫോഴ്‌സില്‍ ജോലി ലഭിക്കണമെങ്കില്‍ നീന്തല്‍ അറിയണമെന്നില്ല. ജോലി നേടിക്കഴിഞ്ഞ്‌ നീന്തല്‍ പഠിക്കലുമില്ല. ഇത്തരത്തിലുള്ള ജീവനക്കാരാണ്‌ പുഴകളിലും മറ്റും മുങ്ങിയവരെ രക്ഷിക്കാനായി പോകുന്നത്‌. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നീന്തലറിയാത്ത ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍ കരയില്‍ നില്‍ക്കുകയാണ്‌ പതിവ്‌. ഒരാള്‍ ഒഴുക്കില്‍പ്പെട്ടെന്ന്‌ അറിഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനത്തിനു പോകാന്‍ ഫയര്‍ ഫോഴ്‌സിന്റെ പക്കലുള്ളത്‌ പാതാളക്കരണ്ടിയം ചെറിയ ലൈഫ്‌ ജാക്കറ്റും കയറ്‌, കപ്പി, ലൈഫ്‌ ബോട്ട്‌ തുടങ്ങിയ ഉപകരണങ്ങളും മാത്രം. ലൈഫ്‌ ബോട്ടും ലൈഫ്‌ ജാക്കറ്റുമാകട്ടെ വെള്ളത്തിനുമുകളില്‍ക്കൂടിയുള്ള തിരച്ചിലിനേ ഉപയോഗിക്കാനാവൂ. രാത്രിയാണെങ്കില്‍ തെരച്ചിലിനാവശ്യമായ ടോര്‍ച്ച്‌ ഉള്‍പ്പെടെയുള്ളവയ്‌ക്കായി നാടുമുഴുവന്‍ ഓടി നടക്കേണ്ടിയും വരും. നദിക്കുള്ളിലെ കയത്തില്‍ ഒരാള്‍ പെട്ടിട്ടുണ്ടെങ്കില്‍ മുങ്ങിയെടുക്കാനുള്ള അണ്ടര്‍ വാട്ടര്‍ ഡൈവിംഗ്‌ സ്യൂട്ട്‌ പോലെയുള്ള ഉപകരണങ്ങള്‍ ഫയര്‍ ഫോഴ്‌സിന്‌ ഇപ്പോഴും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഔദാര്യം കാണിച്ചിട്ടില്ല. അതുകൊണ്ടു തന്നെയാണ്‌ മിക്ക മുങ്ങിമരണ സംഭവങ്ങളിലും ഫയര്‍ ഫോഴ്‌സ്‌ കാഴ്‌ചക്കാരും നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തകരുമാകുന്നത്‌.
സംസ്ഥാനത്തുണ്ടായ നിരവധി മുങ്ങിമരണസംഭവങ്ങളില്‍ ഫയര്‍ഫോഴ്‌സിന്‌ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതിരുന്നത്‌ ആധുനിക ഉപകരണങ്ങളുടെയും മതിയായ സൗകര്യങ്ങളുടെയും അഭാവം മൂലമാണ്‌. എങ്കിലും അപകടസ്ഥലത്തെത്തിയാലുടന്‍ തങ്ങളുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന്‌ ഫയര്‍ ഫോഴ്‌സ്‌ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.
തോട്ടിയുടെ പണി മുതല്‍ ഡോക്‌ടറുടെ പണി വരെ എടുക്കേണ്ടിവരുന്നവരാണ്‌ ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍. അപകടസഥലങ്ങളിലെത്തുമ്പോള്‍ കൈയിലിടാന്‍ ഒരു ഗ്ലൗസ്‌പോലും ഇവര്‍ക്കായി അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മൃതശരീരങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്ക്‌ സാംക്രമിക രോഗങ്ങള്‍ പടരുന്നതും പതിവാണ്‌.
ആഭ്യന്തര വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അവശ്യസര്‍വീസുകളിലൊന്നാണ്‌ ഫയര്‍ഫോഴ്‌സ്‌. പോലീസ്‌, ജയില്‍,ഫയര്‍ഫോഴ്‌സ്‌ എന്നിങ്ങനെയാണ്‌ ഈ മൂന്നു വിഭാഗങ്ങള്‍. ഇതില്‍ മൂന്നാംസ്ഥാനത്തുള്ളതാണ്‌ ഫയര്‍ഫോഴ്‌സ്‌. അത്യാവശ്യ ഉപകരണങ്ങളുടെ അഭാവവും വേണ്ടത്ര പരിശീലനവുമില്ലാത്തതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനം ഇപ്പോഴും ശൈശവദശയില്‍ത്തന്നെയാണ്‌. കാര്യമായ വരുമാനമില്ലാത്ത വകുപ്പായതിനാല്‍ സര്‍ക്കാരിന്റെ അവഗണന ഏറ്റവും കൂടുതല്‍ നേരിടുന്ന വകുപ്പും ഇതു തന്നെയാണെന്നു വേണമെങ്കില്‍ പറയാം. ജീവന്‍ പണയംവച്ചും അപകടസ്ഥലങ്ങളില്‍ ഓടിയെത്തേണ്ടി വരുന്ന ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്‌ സ്വന്തം തടിമിടുക്കുകൊണ്ടു മാത്രമാണ്‌.
ആഭ്യന്തര വകുപ്പിന്റെ കീഴില്‍ വരുന്നതാണെങ്കിലും ഫയര്‍ഫോഴ്‌സിന്റെ വികസനത്തിന്‌ സര്‍ക്കാര്‍ ഒരുകാലത്തും ശ്രമിച്ചിട്ടില്ലെന്നതാണ്‌ യാഥാര്‍ഥ്യം. ആവശ്യമായ ആധുനിക ഉപകരണങ്ങളും മതിയായ ശമ്പളവും അലവന്‍സുകളുമില്ലാത്തിനാല്‍ ഫയര്‍ഫോഴ്‌സിലെ ജീവനക്കാര്‍ നരകയാതന അനുഭവിക്കുകയാണ്‌. രക്ഷകരാകേണ്ടവരെ രക്ഷിക്കാന്‍ തലപ്പത്തിരിക്കുന്നവര്‍ക്കും താത്‌പര്യമില്ല.
പോലീസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശമ്പളത്തിന്റെയും അലവന്‍സുകളുടെയും കാര്യത്തില്‍ ഫയര്‍ഫോഴ്‌സ്‌ മൂന്നാംകിടക്കാരായാണ്‌ പരിഗണിക്കപ്പെടുന്നത്‌. പോലീസിന്‌ അലവന്‍സ്‌ ഇനത്തില്‍ പ്രതിമാസം രണ്ടായിരത്തോളം രൂപ ലഭിക്കുമ്പോള്‍ ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍ക്ക്‌ ഇത്‌ 200 രൂപയില്‍ താഴെയാണ്‌. അതുകൊണ്ടുതന്നെ ഫയര്‍ഫോഴ്‌സില്‍ ജോലിക്കു വരാന്‍തന്നെ ഇപ്പോള്‍ ആളുകള്‍ മടികാണിക്കുകയാണ്‌. വരുന്നവര്‍തന്നെ മറ്റേതെങ്കിലും ജോലി കിട്ടിയാല്‍ ഇവിടം ഉപേക്ഷിച്ചു പോകുന്നതും പതിവായിട്ടുണ്ട്‌.പോലീസിനു വര്‍ഷം തോറും യൂണിഫോം അലവന്‍സായി 2500 രൂപ ലഭിക്കുമ്പോള്‍ ഫയര്‍ഫോഴ്‌സിന്‌ രണ്ടു വര്‍ഷം കൂടുമ്പോള്‍ ഈയിനത്തില്‍ ലഭിക്കുന്നത്‌ 1600 രൂപയാണ്‌.
വേണ്ടത്ര സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കാത്തിനാല്‍ കടുത്ത അസംതൃപ്‌തിയും ജീവനക്കാര്‍ക്കിടയിലുണ്ട്‌.
അഗ്നിപ്രതിരോധം, അഗ്നിസംരക്ഷണം, അഗ്നിശമനം എന്നിവയാണ്‌ ഫയര്‍ഫോഴ്‌സിന്റെ ചുമതലകള്‍ എന്നാല്‍ ഇപ്പോള്‍ അഗ്നിശമനം എന്ന പ്രവര്‍ത്തനം മാത്രമാണ്‌ നടക്കുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍ ഫയര്‍ഫോഴ്‌സിന്റെ ജോലി എന്താണെന്നുപോലും നിശ്ചയിച്ചിട്ടില്ലായെന്നതാണ്‌ യാഥാര്‍ഥ്യം.
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍ക്ക്‌ പരിശീലനം നല്‍കുന്നതിനായി തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ ഫോഴ്‌സ്‌ അക്കാദമിയും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്കാവുന്നില്ല.സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഈ അക്കാദമിയില്‍ ഫയര്‍ ആന്‍ഡ്‌ സേഫ്‌റ്റി കോഴ്‌സ്‌ ആരംഭിക്കുകയാണെങ്കില്‍ ഫീസിനത്തില്‍ സര്‍ക്കാരിന്‌ മികച്ച വരുമാനവും ഒപ്പം മികച്ച പരിശീലനം ലഭിച്ച ജീവനക്കാരെ ഫയര്‍ഫോഴ്‌സിലേക്കു തെരഞ്ഞെടുക്കാനും കഴിയും. ഇപ്പോള്‍ ഈ കോഴ്‌സ്‌ നടത്തി സ്വകാര്യമേഖല കൊയ്യുന്നത്‌ കോടികളാണ്‌.
വന്‍കിട സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വ്യവസായ ശാലകള്‍ പെട്രോള്‍ പമ്പുകള്‍, മറ്റു സ്ഥപനങ്ങള്‍ എന്നിവിടങ്ങളില്‍ അഗ്നിപ്രതിരോധ മാര്‍ഗം ഘടിപ്പിച്ചിരിക്കണമെന്നു നിര്‍ബന്ധമുണ്ട്‌. എന്നാല്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കാനും പിഴ ചുമത്താനും ഇപ്പോള്‍ സര്‍ക്കാര്‍ ഫയര്‍ ഫോഴ്‌സ്‌ ജീവനക്കാര്‍ക്ക്‌ അനുവാദം നല്‍കിയിട്ടില്ല.
മതിയായ ജിവനക്കാരുടെ അഭാവവും ഫയര്‍ ഫോഴ്‌സിനെ വല്ലാതെ അലട്ടുന്നുണ്ട്‌. മിക്ക സ്റ്റേഷനുകളിലും അഞ്ചു മുതല്‍ പത്തുവരെ ജീവനക്കാരുടെ കുറവാണുള്ളത്‌, അതുകൊണ്ടുതന്നെ ഉള്ള ജീവനക്കാര്‍ ഇരട്ടി ജോലിയെടുക്കേണ്ടി വരുന്ന അവസ്ഥയും ഫയര്‍ഫോഴ്‌സിലുണ്ട്‌. അടിയന്തരഘട്ടങ്ങളില്‍ ചീറിപ്പാഞ്ഞെത്തേണ്ട വാഹനങ്ങളുടെ അവസ്ഥ അതീവ ദയനീയമാണ്‌. മിക്ക സ്ഥലങ്ങളിലും വാഹനം കിതച്ചെത്തുമ്പോഴേക്കും നാശനഷ്‌ടം ഏതാണ്ട്‌ പൂര്‍ണമായി ക്കഴിഞ്ഞിരിക്കും.
ഫയര്‍ ഫോഴ്‌സിന്റെ വികസനവും ആധുനിക വത്‌കരണവും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളാണ്‌. ഇതോടൊപ്പം ഫയര്‍ ഫോഴ്‌സില്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ മതിയായ പരിശീലനം ലഭിച്ചവരെ മാത്രം നിയമിക്കണം. നീന്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാവുന്നവരെ നിയമിച്ചാല്‍ മാത്രമേ ഇതിനു പരിഹാരം കാണാനാവു. ഒപ്പം മികച്ച വാഹനങ്ങളും ആധുനിക സൗകര്യങ്ങളും ഒരുക്കിയാല്‍ മിക്ക അപകടങ്ങളില്‍ നിന്നും ഭൂരിപക്ഷംപേരെയും രക്ഷിക്കാനാവും.

(ഇനി: മുന്നറിയിപ്പുകള്‍ക്കു പുല്ലുവില; അപകടം അരികത്ത്‌)

No comments: