Wednesday, May 27, 2009

നെല്ലിയാമ്പതി



പാവപ്പെട്ടവന്റെ ഊട്ടി എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലമാണ്‌ നെല്ലിയാമ്പതി. പാലക്കാട്‌ ജില്ലയിലുള്‍പ്പെടുന്ന ഈ പ്രദേശം മഞ്ഞിന്റെ പുതപ്പുമായാണ്‌ മിക്കസമയങ്ങളിലും ദൃശ്യമാകുക. പാലക്കാടു നിന്നും എഴുപതോളം കിലോമീറ്റര്‍ അകലെയായാണ്‌ നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്‌. തേയില ,കാപ്പിത്തോട്ടങ്ങളും വനമേഖലയും,പച്ചപുതച്ച മലനിരകളുമാണ്‌ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്‌.മികച്ച രീതിയില്‍ പരിപാലിക്കുന്ന നിരവധി തേയിലത്തോട്ടങ്ങള്‍ നെല്ലിയാമ്പതിയിലുണ്ട്‌. നെല്ലിയാമ്പതിയിലുള്ള മാമ്പാറ,കേശവന്‍പാറ എന്നിവിടങ്ങളില്‍ നിന്നാല്‍ പാലക്കാട്‌ പൊള്ളാച്ചി നഗരങ്ങളുടെ വിദൂരദൃശ്യം കാണാനാവും.പാലക്കാട്‌ ജില്ല ചൂടുകൂടിയ സ്ഥലമാണെങ്കിലും എപ്പോഴും തണുപ്പു നിറഞ്ഞു നില്‍ക്കുന്ന സ്‌ഥലം കൂടിയാണ്‌ നെല്ലിയാമ്പതി.
ഏ ത ാണ്ട്‌ ഹൈറേഞ്ചിലേതുപോലുള്ള കാലാവസ്ഥയാണ്‌ ഇവിടെയും അനുഭവപ്പെടുന്നത്‌.അപൂര്‍വ സസ്യങ്ങളുടെയും പുഷ്‌പങ്ങളുടെയും സംഗമകേന്ദ്രംകൂടിയാണ്‌ നെല്ലിയാമ്പതി മലനിരകള്‍. നെല്ലിയാമ്പതി മലനിരകളില്‍ ഏറ്റവും ഉയരത്തിലുള്ളത്‌ 1572-ലധികം മീറ്റര്‍ ഉയരത്തിലുള്ള പാദഗിരി കൊടുമുടിയാണ്‌.ഇതിനടുത്തായുള്ള സീതാര്‍കുണ്ട്‌ എന്ന സ്ഥലത്ത്‌ വനവാസകാലത്ത്‌ രാമനും ലക്ഷ്‌മണനും സീതയും താമസിച്ചിരുന്നുവെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. നെല്ലിയാമ്പതിയിലെ വനമേഖലയില്‍ നിന്ന്‌ ആന ,മാന്‍ ഉള്‍പ്പെടയുള്ള നിരവധി വന്യമൃഗങ്ങളെ കാണാനാവും.നെന്‍മാറയില്‍ നിന്നാണ്‌ നെല്ലിയാമ്പതിയിലേക്കു പോകുന്നത്‌. നിരവധി ഹെയര്‍പിന്‍ വളവുകളും മലനിരകളും താഴ്‌വാരങ്ങളും നെല്ലിയാമ്പതിയിലേക്കുള്ള യാത്രതന്നെ അവിസ്‌മരണീയമാക്കുന്നു.ഇതോടൊപ്പം ഓറഞ്ചു തോട്ടങ്ങളുള്ള പ്രദേശംകൂടിയാണ്‌ നെല്ലിയാമ്പതി . നെല്ലിയാമ്പതിയിലേക്കുള്ള യാത്രാ മധ്യേയാണ്‌ പോത്തുണ്ടി ഡാം. നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരികളുടെ ഒരു ഇടത്താവളംകൂടിയാണ്‌ പോത്തുണ്ടി ഡാം.
നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വാരത്തിലായാണ്‌ പോത്തുണ്ടി ഡാം നിര്‍മിച്ചിരിക്കുന്നത്‌. നെന്മാറയിലും പരിസര പ്രദേശങ്ങളിലും നെല്‍ക്കൃഷിക്കും മറ്റും ജലസേചനത്തിനായി വെള്ളമെത്തിക്കുന്നത്‌ പോത്തുണ്ടി ഡാമില്‍ നിന്നാണ്‌. കെ.എസ്‌. ആര്‍.ടി.സി ബസുകള്‍ നെല്ലിയാമ്പതിയിലേക്ക്‌ സര്‍വീസുകള്‍ നടത്തുന്നുണ്ട്‌. ഇതോടൊപ്പം ജീപ്പുകളും യാത്രാമാര്‍ഗമാണ്‌. ഏറ്റവും അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ പാലക്കാടാണ്‌. അടുത്തുള്ള വിമാനത്താവളം അന്‍പതുകിലോമീറ്റര്‍ അകലെയുള്ള കോയമ്പത്തൂര്‍ വിമാനത്താവളമാണ്‌.

1 comment:

ശ്രീ said...

വിവരണം നന്നായിട്ടുണ്ട്. കുറച്ചധികം ചിത്രങ്ങള്‍ കൂടി ചേര്‍ത്തിരുന്നെങ്കില്‍ ...