Friday, February 13, 2009

ഇനി പാലായെക്കുറിച്ച്‌



പാലാ
മീനച്ചിലാറിന്റെ തീരത്തുള്ള പാലാ കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹിക മേഖലകളില്‍ നിര്‍ണായക സ്വാധീനമുള്ള പ്രദേശമാണ്‌.
സാമൂഹിക ആധ്യാത്മിക രംഗങ്ങളില്‍ ശക്തമായ വളര്‍ച്ച കൈവരിച്ച സ്ഥലം എന്ന പേരിലാണ്‌ പാലായുടെ പ്രശസ്‌തി.
മീനച്ചില്‍ താലൂക്കിന്റെ ആസ്ഥാനമാണ്‌ പാലാ. മീനച്ചിലാറിനെ ഒരു കാലത്ത്‌ പാലാഴി എന്നും വിളിച്ചിരുന്നു. അത്‌ ലോപിച്ചാണ്‌ പാലാ എന്ന പേരുണ്ടായത്‌.
ഫലഭൂയിഷ്‌ട പ്രദേശമായ മീനച്ചില്‍ കേരളത്തിലെ റബര്‍ കൃഷിയുടെ സിരാകേന്ദ്രമാണ്‌.
ഇന്ന്‌ പാലാ ഉള്‍ പ്പെടുന്ന വിവിധ പ്രദേശങ്ങളിലെ പ്രധാന കൃഷി റബറാ ണ്‌.പാലാ നഗരത്തി ലെത്തുന്നവര്‍ക്ക്‌ ആദ്യം കാണാനാവുന്നത്‌ നഗരമധ്യ ത്തില്‍ നില്‍ക്കുന്ന ടൗണ്‍ കുരിശു പള്ളിയാണ്‌.
ഏഴു നിലയാണ്‌ കുരിശു പള്ളിയുടെ മൊത്തം ഉയരം എ.ഡി 1002 ലാണ്‌ പാലാ ടൗണ്‍ പള്ളി സ്ഥാപിതമാ യത്‌. ഡിസംബര്‍ 8-ന്‌ ഇവിടെ നടക്കുന്ന ജൂബിലിത്തിരുനാളില്‍ ജാതിമത ഭേദമന്യേ ആയിരങ്ങളാണ്‌ പങ്കെടുക്കുന്നത്‌.
ഭാരതത്തിലെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതിചെയ്യുന്നത്‌ പാലായ്‌ക്കടുത്തുള്ള ഭരണങ്ങാനത്താണ്‌.
പ്രശസ്‌തങ്ങളായ ചേര്‍പ്പുങ്കല്‍,കുറവിലങ്ങാട്‌,അരുവിത്തുറ പള്ളികളും കടപ്പാട്ടൂര്‍ ക്ഷേത്രവും സ്ഥിതിചെയ്യുന്നതും പാലായ്‌ക്കടുത്താണ്‌. ഇന്ത്യയുടെ അന്തരിച്ച മുന്‍ പ്രസിഡന്റ്‌ കെ.ആര്‍ നാ രായണന്റെ ജന്മസ്ഥലമായ ഉഴവൂര്‍ പാലായ്‌ക്കടുത്താണ്‌ സ്ഥിതിചെയ്യുന്നത്‌ .
കേരളത്തിന്റെ അക്കാദമിക്‌ , കായിക രംഗങ്ങളില്‍ എക്കാലത്തും ഉന്നത സ്ഥാനത്ത്‌ നില്‍ക്കുകയും നിരവധി പ്രതിഭകളെ സംഭാവന ചെയ്യുകയും ചെയ്‌ത പാലാ സെന്റ്‌ തോമസ്‌ കോളജ്‌, അല്‍ഫോന്‍സ കോളജ്‌എന്നിവ പാലായുടെ അഭിമാനസ്‌തംഭങ്ങളാണ്‌.
ജിമ്മി ജോര്‍ജ്‌, ഷൈനി വില്‍സണ്‍ തുടങ്ങിയവര്‍ ഈ കലാലയങ്ങളുടെ സംഭാവനയാണ്‌. കായിക വിനോദങ്ങളുടെ കേന്ദ്രമാണ്‌ പാലാ. വോളി ബോള്‍, അത്‌ലറ്റിക്‌സ്‌, ഫുട്‌ബോള്‍ എന്നിവയില്‍ നിരവധി പ്രഗത്ഭരെ പാല സംഭാവന ചെയ്‌തിട്ടുണ്ട്‌.
കേരളത്തിന്റെ കായിക രംഗത്ത്‌ മറക്കാനാവാത്ത സംഭാവ നകള്‍ നല്‌കി യ ജി.വി രാജായുടെ ജന്മദേശം പൂഞ്ഞാറാണ്‌.
പാലാ നാരായണന്‍ നായര്‍, കട്ടക്കയം ചെറിയാന്‍ മാപ്പിള, സക്കറിയ, വെട്ടൂര്‍ രാമന്‍ നായര്‍ തുടങ്ങിയ സാഹിത്യകാരന്മാരും കെ എം മാണി, ആര്‍ വി തോമസ്‌, കെ.എം ചാണ്ടി തുടങ്ങിയ നേതാക്കളും പാലാ സ്വദേശികളാണ്‌. രാഷ്‌ട്രീയ രംഗത്തും നിരവധി പ്രമുഖര്‍ക്ക്‌ ജന്മമേകിയ ദേശമാണ്‌ പാലാ.
കേരളാ കോണ്‍ഗ്രസിന്റെ ഈറ്റില്ലവും പ്രധാന പ്രവര്‍ത്തന മണ്‌ഡലവും പാലാ കേന്ദ്രീകരിച്ചാണ്‌.
വാഗമണ്‍ ,ഇലവീഴാപ്പൂഞ്ചിറ,കോലാഹലമേട്‌ എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്കുള്ള പ്രവേശനകവാടംകൂടിയാണ്‌ പാലാ.

1 comment: