Sunday, February 8, 2009

വിരലടയാളത്തില്‍ എല്ലാമുണ്ട്‌


നാഷണല്‍
ഫോറന്‍സിക്‌ മീറ്റില്‍ ഫിംഗര്‍പ്രിന്റ്‌ വിഭാഗത്തില്‍ ഇത്തവണ വെള്ളിമെഡല്‍ നേടിയതു മലയാളിയായ ഒരു പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറാണ്‌. കുറ്റാന്വേഷണത്തില്‍ മാത്രമല്ല വിരലടയാളത്തിനു പ്രസക്തിയെന്ന്‌ അദ്ദേഹം കരുതുന്നു.

സന്ദീപ്‌ വെള്ളാരംകുന്ന്‌

സമയം രാവിലെ ഒന്‍പതു മണി. ചെന്നൈ വല്‍സരവാക്കം പോലീസ്‌ സ്റ്റേഷനിലെ ടെലിഫോ ണ്‍ ശബ്‌ദിച്ചു. ഫോണെടുത്ത സബ്‌ ഇന്‍സ്‌പെക്‌ടര്‍ രാജീവിന്‌ കേള്‍ക്കാനായത്‌ മറുതലയ്‌ക്കല്‍ നിന്നുള്ള ഭീതി നിറഞ്ഞ സ്വരം. ``സാര്‍, തെക്കേ തെരുവിലുള്ള ഒരു ഇരുനില വീട്‌ ഇന്നു രാവിലെ മുതല്‍ തുറന്നിട്ടില്ല. അയല്‍ക്കാരെ കൂട്ടി ഞങ്ങള്‍ നോക്കിയപ്പോള്‍ വീടിന്റെ ടെറസില്‍ രക്തം ഉണങ്ങിയ പാടുകള്‍. അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്‌ സാര്‍.''
വീട്ടിലെത്തിയ എസ്‌.ഐയ്‌ക്കു കാണാനായത്‌ വീട്ടിനുള്ളില്‍ വീട്ടമ്മയായ രാജിയും 13 വയസുള്ള മകള്‍ ലക്ഷ്‌മിയും 10 വയസുള്ള മകന്‍ വിഷ്‌ണുവും മരിച്ചുകിടക്കുന്നതാണ്‌. കുടുംബനാ ഥനായ പ്രകാശനെ കാണാനില്ല. മൃതദേഹങ്ങള്‍ക്കരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കത്തിയും കോടാലിയും കിടപ്പുണ്ട്‌.
ഇന്‍ക്വസ്റ്റ്‌ തയാറാക്കി സ്റ്റേഷനില്‍ മടങ്ങിയെത്തിയപ്പോള്‍ രാജീവിന്‌ വീണ്ടും ഒരു വിവരം ലഭിക്കുന്നു. മദ്രാസ്‌- ബാംഗളൂര്‍ ഹൈവേയ്‌ക്കരികില്‍ മുഖം വികൃതമാക്കിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയിരിക്കുന്നു. വല്‍സരവാക്കത്ത്‌ കാണാതായ പ്രകാശന്റേതാണ്‌ മൃതദേഹമെന്നു സംശയിക്കുന്നു. അടുത്തിടെ അയാള്‍ കുറയെധികം പണം ബാങ്കില്‍ നിന്നെടുത്തിരുന്നു. കവര്‍ച്ചയാണോ മറ്റെന്താണോ കൊലപാതകത്തിനു പിന്നിലുള്ള ലക്ഷ്യമെന്നു മനസിലായിട്ടില്ല.
കൊലപാതകങ്ങള്‍ നടന്നസ്ഥലത്തു നിന്നു ലഭിച്ച വസ്‌തുക്കളില്‍ വിരലടയാളങ്ങള്‍ പതിഞ്ഞിട്ടുണ്ട്‌. ആരാണ്‌ ഈ സംഭവത്തിലെ യഥാര്‍ഥ കൊലയാളി?
ഇത്‌ ഏതെങ്കിലും `സി.ബി.ഐ. ഡയറിക്കുറിപ്പു' സിനിമയുടെ കഥയല്ല, ടിവി സീരിയല്‍ പരസ്യവുമല്ല. ഏതാനും പോലീസ്‌ ഉദ്യോഗസ്ഥരുടെ കഴിവുകള്‍ പരിശോധിക്കാന്‍ അവരുടെ മുന്നില്‍ വയ്‌ക്കപ്പെട്ട ചോദ്യമാണിത്‌.
യഥാര്‍ഥത്തില്‍ എന്താണു സംഭവിച്ചത്‌?
ഒരു ഉത്തരം:
അന്വേഷണത്തിനെത്തിയ സബ്‌ ഇന്‍സ്‌പെക്‌ടര്‍ രാജീവ്‌ ആദ്യം ചെയ്‌തത്‌ വീടിനുള്ളില്‍ കണ്ടെത്തിയ ആയുധങ്ങളും മറ്റും തൂവാല ഉപയോഗിച്ച്‌ പൊതിഞ്ഞെടുക്കുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളിലും മറ്റും പതിഞ്ഞിട്ടുള്ള വിരലടയാളങ്ങള്‍ നഷ്‌ടപ്പെടാതിരിക്കാനായിരുന്നു ഇത്‌. പിന്നീട്‌ രാജീവ്‌ ചെയ്‌തത്‌ വീടിനുള്ളില്‍ കണ്ടെത്തിയ വസ്‌തുക്കളിലെ വിരലടയാളങ്ങള്‍ പരിശോധിക്കുകയാണ്‌. ഇതോടൊപ്പം വഴിയരികില്‍ കണ്ടെത്തിയ മൃതദേഹത്തിലും വിരലടയാള പരിശോധന നടത്തി. ഇതില്‍ നിന്നാണ്‌ എസ്‌ ഐ രാജീവിന്‌ നിര്‍ണായകമായ തെളിവു ലഭിച്ചത്‌.
മരിച്ചനിലയില്‍ വഴിയരികില്‍ കണ്ടെത്തിയയാളുടെ വിരലടയാളവും കോടാലിയില്‍ പതിഞ്ഞ വിരലടയാളവും ഒന്നു തന്നെ. അതൊരു വാടകക്കൊലയാളിയുടേതാണ്‌. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ പോലീസിനായത്‌.
വീട്ടില്‍ നിന്നുകണ്ടെത്തിയ ഡയറിയില്‍ നിന്നാണ്‌ ഇതു സംബന്ധിച്ച തെളിവു ലഭിച്ചത്‌. കുടുംബനാഥനായ രമേഷിന്‌ മറ്റൊരു സ്‌ത്രീയുമായി ബന്ധമുണ്ടായിരുന്നു. അതിനു തടസമായി നിന്ന കുടുംബത്തെ ഒഴിവാക്കാനായി വാടകക്കൊലയാളിയെ ഉപയോഗിച്ച്‌ അയാള്‍ ഭാര്യയെയും മക്കളെയും വകവരുത്തുകയായിരുന്നു. പിന്നീട്‌ ഈ വാടകക്കൊലയാളിയെയും രമേഷ്‌ കൊലപ്പെടുത്തി. മുഖം വികൃതമാക്കിയത്‌ ആളെ തിരിച്ചറിയാതിരിക്കാനാണ്‌.
വഴിയരികില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ വിരലടയാളം പരിശോധിച്ചപ്പോള്‍ അത്‌ വാടകക്കൊലയാളിയുടേതാണെന്നു കണ്ടെത്തിയതാണു നിര്‍ണായകമായത്‌. ഇത്തരത്തില്‍ വീട്ടിലും നടത്തിയ വിരലടയാള പരിശോധനകളില്‍ നിന്നാണ്‌ കുറ്റവാളിയെ കണ്ടെത്തിയത്‌ .
കഴിഞ്ഞ ജനുവരി മൂന്നു മുതല്‍ പത്തുവരെ തീയതികളില്‍ ബാംഗളൂരില്‍ നടന്ന പോലീസ്‌ ഓഫീസര്‍മാര്‍ക്കുള്ള നാഷണല്‍ ഫോറന്‍സിക്‌ മീറ്റില്‍ പങ്കെടുത്ത ടീമിനുള്ള ചോദ്യങ്ങളിലൊന്നാണു തുടക്കത്തില്‍ പറഞ്ഞത്‌. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളി ല്‍നിന്നുമുള്ള പോലീസ്‌ ഓഫീസര്‍മാര്‍ക്കായി നടത്തിയ ദേശീയതല മത്സരത്തില്‍ കേരളത്തിനു വേണ്ടി വെള്ളി മെഡല്‍ സ്വന്തമാക്കിയ കുമളി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അനില്‍ ശ്രീനിവാസ്‌ ആ ചോദ്യത്തിനു നല്‌കിയ ഉത്തരമാണു മുകളില്‍ ചേര്‍ത്തത്‌. അന്‍പത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണു നാഷണല്‍ മീറ്റില്‍ ഫിംഗര്‍ പ്രിന്റ്‌ വിഭാഗത്തില്‍ കേരളത്തിന്‌ മെഡല്‍ നേടാന്‍ കഴിയുന്നത്‌. അങ്ങനെ കേരളത്തിന്‌ വെറുമൊരു സ്വപ്‌നമായിക്കഴിഞ്ഞിരുന്ന ഫിംഗര്‍ പ്രിന്റ്‌ മെഡല്‍ കേരളത്തിലേക്കു കൊണ്ടുവന്നതിന്റെ സംതൃപ്‌തിയിലാണ്‌ അനില്‍ ശ്രീനിവാസ്‌ എന്ന ചെറുപ്പക്കാരനായ പോലീസ്‌ ഓഫീസര്‍. കഴിഞ്ഞ ഡിസംബര്‍ 5,6 തീയതികളില്‍ തിരുവനന്തപുരത്തു നടന്ന സംസ്ഥാന മീറ്റില്‍ എല്ലാ വിഭാഗത്തിലും സ്വര്‍ണം നേടിയ ശേഷമാണ്‌ അനില്‍ ശ്രീനിവാസ്‌ ബാംഗളൂരിലെ ദേശീയ മത്സരത്തില്‍ പങ്കെടുക്കാനായി പോയത്‌.
അനില്‍ ശ്രീനിവാസിന്റെ മെഡല്‍ നേട്ടത്തിനു പിന്നില്‍ വര്‍ഷങ്ങളുടെ പ്രയത്‌നത്തിന്റെ കഥയുണ്ട്‌. 2002 ലും 2007 ലും നടന്ന മത്സരങ്ങളില്‍ മെഡലൊന്നും ലഭിച്ചില്ലെങ്കിലും ഈ രംഗത്തുള്ള തന്റെ പഠനവും പരീക്ഷണങ്ങളും അദ്ദേഹം അക്ഷീണം തുടര്‍ന്നുകൊണ്ടിരുന്നു. `ഒരു സാധാരണ പോലീസ്‌ ഓഫീസര്‍ തന്റെ പരിശീലന കാലയളവില്‍ മനസിലാക്കേണ്ട കാര്യങ്ങളിലുള്ള ആഴത്തിലുള്ള പഠനം' എന്നുമാത്രമേ അതിനെക്കുറിച്ച്‌ അദ്ദേഹം പറയുന്നുള്ളൂ.ഏതായാലും ആ പഠനം ഇത്തവണ മെഡല്‍ നേട്ടത്തിലെത്തിച്ചു.
ഫിംഗര്‍ പ്രിന്റ്‌ പരിശോധന എന്ന കുറ്റാന്വേഷണ രീതിയെപ്പറ്റി ചോദിച്ചാല്‍ അദ്ദേഹം ഏറെ വാചാലനാകും.
കുറ്റാന്വേഷണ രംഗത്ത്‌ പോലീസിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ്‌ വിരലടയാളം. കവര്‍ച്ചയും കൊലപാതകവും ഉള്‍പ്പെടെയുള്ള കേസുകളില്‍ വിരലടയാള പരിശോധനയ്‌ക്കു വലിയ പ്രാധാന്യമാണുള്ളത്‌. ഓരോ വ്യക്തിയുടെയും വിരലടയാളം മറ്റുള്ളവരുടേതില്‍ നിന്നു വ്യത്യസ്‌തമായിരിക്കും. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള പരിശോധനയില്‍ തെളിയുന്ന കാര്യങ്ങള്‍ പിന്നീട്‌ കോടതിയും അംഗീകരിക്കുന്ന തലത്തിലുള്ളതാണ്‌ എന്നതാണ്‌ ഫിംഗര്‍പ്രിന്റ്‌ പരിശോധനയ്‌ക്ക്‌ ഏറെ ആധികാരികത നല്‌കുന്നത്‌.
ഒരാള്‍ക്കു കൈവിരല്‍ ഉള്ളിടത്തോളം കാലം ഒരിക്കലും മാഞ്ഞുപോകാത്തതും മായ്‌ക്കാനാവാത്തതുമാണു വിരലടയാളം.
കൈവിരലിലെ വരകള്‍ ഏതെങ്കിലും മീഡിയം ഉപയോഗിച്ച്‌ പ്രത്യേകരീതിയിലാക്കി സൂക്ഷിച്ച്‌ വേര്‍തിരിച്ചെടുക്കുന്നതാണ്‌ ഫിംഗര്‍ പ്രിന്റ്‌. ഇതു നാലുതരമാണുള്ളത്‌. ആര്‍ച്ച്‌, ലൂപ്പ്‌, വേള്‍, കോമ്പസിറ്റ്‌ എന്നിവ.
ഒരാളുടെ ഭ്രൂണാവസ്ഥയില്‍ത്തന്നെ രൂപപ്പെടുന്നതാണ്‌ വിരലടയാളം. മരിച്ച്‌ മണ്ണോടുചേരുന്നതുവരെ അതുപടിതന്നെ ഇത്‌ നിലനില്‍ക്കുന്നുവെന്നാണു കണ്ടെത്തിയിട്ടുള്ളത്‌.
സംഭവസ്ഥലത്തുനിന്നു ലഭ്യമാകുന്ന വിരലടയാളങ്ങള്‍ മൂന്നു തരത്തിലുള്ള താണ്‌. വിസിബിള്‍-കാണാനാവുന്നത്‌ (മഷിപറ്റിയതോ മറ്റോ), ലേറ്റന്റ്‌ (ഗ്ലാസുകളിലും മറ്റും പതിയുന്നവ; ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയില്ല), പ്ലാസ്റ്റിക്‌ (സോപ്പിലും മറ്റും പിടിക്കുമ്പോഴുണ്ടാകുന്നവ). ഇവയില്‍ ഏതെങ്കിലും കണ്ടുപിടിക്കാനാണു കുറ്റാന്വേഷകന്റെ ആദ്യത്തെ ശ്രമം.
വിരലടയാള പരിശോധനയ്‌ക്ക്‌ നിരവധി മാര്‍ഗങ്ങളാണ്‌ കുറ്റാന്വേഷകര്‍ അവലംബിക്കുന്നത്‌. പരിശോധനയ്‌ക്കു വിധേയമാക്കേണ്ട വിരലടയാളം പതിഞ്ഞിട്ടുള്ള വസ്‌തുവില്‍ പ്രത്യേകതരം പൗഡറിട്ടശേഷം ഡെവലപ്‌ ചെയ്‌ത്‌ വിരലടയാളം രൂപപ്പെടുത്തുകയാണ്‌ സാധാരണയായി അവലംബിക്കുന്ന പ്രാഥമിക രീതി.
ഏതെങ്കിലും കേസുകളില്‍ ഉല്‍പ്പെടുന്നവരുടെ വിരലടയാളങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ പോലീസ്‌ ശേഖരിക്കുന്നത്‌. ഇത്തരം പത്തുലക്ഷത്തോളം വിരലടയാളങ്ങളാണ്‌ കേരളാ പോലീസിന്റെ ഫിംഗര്‍പ്രിന്റ്‌്‌ ശേഖരത്തിലുള്ളത്‌.
സംശയിക്കുന്നവരുടെ വിരലടയാളങ്ങളുമായി സ്റ്റോക്കുള്ളവ ഒത്തുനോക്കുകയാണ്‌ ചെയ്യുന്നത്‌. എട്ടു കാര്യങ്ങളിലെങ്കിലും സാമ്യമുണ്ടെങ്കില്‍ മാത്രമേ തെളിവായി അംഗീകരിക്കാന്‍ സാധിക്കൂ. പതിന്നാലുവരെ പ്രത്യേകതകള്‍ സാധാരണയായി വിരലടയാള പരിശോധനയില്‍ രേഖപ്പെടുത്തുന്നു.
മുന്‍കാലങ്ങളില്‍ മരിച്ചവരുടെ വിരലടയാളങ്ങള്‍ പതിപ്പിച്ച്‌ സ്വത്തുതട്ടിയെടുക്കുന്ന സംഭവങ്ങള്‍ ധാരാളമായി നടന്നിരുന്നു. എന്നാല്‍ ഇന്ന്‌ ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്താന്‍ സംവിധാനമുണ്ട്‌.
തെരഞ്ഞെടുപ്പു കമ്മീഷന്‍ ഐഡന്റിറ്റി കാര്‍ഡ്‌ നല്‌കാനായി ഫോട്ടോ യെടുക്കുമ്പോള്‍ എല്ലാവരുടെയും വിരലടയാളങ്ങള്‍കൂടി ശേഖരിച്ചുവയ്‌ക്കുകയാണെങ്കില്‍ അത്‌ പിന്നീട്‌ ആളുകളെ തിരിച്ചറിയാന്‍ വളരെ സഹായകമാകുമെന്നാണ്‌ അനില്‍ ശ്രീനിവാസ്‌ ചൂണ്ടിക്കാട്ടുന്നത്‌.
നിരവധി കുറ്റാന്വേഷണ കേസുകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും ഫിംഗര്‍ പ്രിന്റ്‌ -ഫോറന്‍സിക്‌ പരിശോധനാ മത്സരങ്ങളില്‍ കേരള പോലീസ്‌ മിക്കപ്പോഴും പിന്നിലാവുകയാണു ചെയ്യുന്നത്‌. കേരളത്തിനു വേണ്ടി മെഡല്‍ നേടാനുള്ള മത്സരത്തിനായി അനില്‍ ശ്രീനിവാസ്‌ ബാംഗളൂരിലേക്കു തിരിച്ചത്‌ തലേന്നുവരെ ജോലിയില്‍ മുഴുകിയ ശേഷമാണ.്‌ സ്വയം നല്‌കിയ പരിശീലനവും ആത്മവിശ്വാസവും മാത്രം കൈമുതലാക്കിയാണ്‌ ഇദ്ദേഹം മത്സരത്തില്‍ പങ്കെടുത്തത്‌.
മറ്റു സംസ്ഥാനങ്ങ ളില്‍ നിന്നുള്ളവര്‍ മാസങ്ങള്‍ക്കു മുന്‍പേ വേണ്ടത്ര പരിശീലനം നടത്തിയതിനു ശേഷമായിരിക്കും മത്സരത്തില്‍ പങ്കെടുക്കാനെത്തുക. ഇക്കാര്യത്തില്‍ തമിഴ്‌നാടാണ്‌ ഏറെ മുന്നില്‍. തമിഴ്‌നാട്‌ ഇത്തരം വിഭാഗങ്ങളില്‍ മത്സരിക്കാനായി പ്രത്യേകം ടീമിനെത്തന്നെ രംഗത്തിറക്കുകയാണു പതിവ്‌. ഈ സാഹചര്യത്തിലാണ്‌ ഇത്തവണ കേരളത്തില്‍ നിന്നുള്ളവര്‍ പരിശീലനമില്ലാതെതന്നെ വെള്ളിമെഡല്‍ സ്വന്തമാക്കിയത്‌. അതുകൊണ്ടുതന്നെ കേരളത്തെ സംബന്ധിച്ച്‌ ഇത്‌ വലിയ നേട്ടം തന്നെയാണെന്ന്‌ അനില്‍ ശ്രീനിവാസ്‌ പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ അത്തിക്കയം സ്വദേശിയായ അനില്‍ ശ്രീനിവാസിന്റെ മാതാപിതാക്കള്‍ അധ്യാപകരായിരുന്നു. പഠനകാലംമുതല്‍ക്കേ ചുറ്റുമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നതില്‍ ഏറെ താത്‌പര്യം കാട്ടിയിരുന്ന അനില്‍ പോലീസുകാരനായതിനുശേഷം കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട ഹോബികളാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.
വിവിധ കേസുകളില്‍, പ്രത്യേകിച്ച്‌്‌ വാഹനമോഷണക്കേസുകളില്‍, പിടിക്കപ്പെടുന്നവരുടെ ഫോട്ടോകള്‍ എടുത്തുവയ്‌ക്കുകയെന്നതാണ്‌ ഇതിലൊന്ന്‌. ഇത്തരത്തിലുള്ള അയ്യായിരത്തിലധികം പേരുടെ ഫോട്ടോകള്‍ ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്‌. ഈ ഫോട്ടോകള്‍ ഉപയോഗിച്ച്‌ നിരവധി കേസുകളിലെ പ്രതികളെ തിരിച്ചറിഞ്ഞ്‌ പിടികൂടാനും അവസരം ലഭിച്ചിട്ടുണ്ട്‌.
വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട്‌ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വെട്ടിയെടുത്തു സൂക്ഷിക്കുകയെന്നതും ഇദ്ദേഹത്തിന്റെ ഹോബിയാണ്‌. ഇതും നിരവധി കേസുകള്‍ തെളിയിക്കാന്‍ സഹായകമായിട്ടുണ്ട്‌. മറ്റൊന്ന്‌ ഫിംഗര്‍ പ്രിന്റും കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട പുസ്‌തകങ്ങളും വാര്‍ത്തകളും ശേഖരിച്ചുവയ്‌ക്കുകയെന്നതാണ്‌. ഇന്ത്യയില്‍ ലഭ്യമല്ലാത്ത അപൂര്‍വ ഗ്രന്ഥങ്ങള്‍വരെ ഇപ്പോള്‍ അനില്‍ ശ്രീനിവാസിന്റെ ശേഖരത്തിലുണ്ട്‌.
മെഡലിന്റെ തിളക്കത്തിലും തന്റെ കൃത്യനിര്‍വഹണത്തിന്റെ തിരക്കില്‍ മുഴുകുകയാണ്‌ കുറ്റാന്വേഷണത്തിന്റെ ശാസ്‌ത്രീയതയില്‍ മനസൂന്നുന്ന ഈ പോലീസുദ്യോഗസ്ഥന്‍.
ചിത്രങ്ങള്‍: കെ.ആര്‍. രാകേഷ്‌നാഥ്‌