Thursday, February 12, 2009

മലമ്പുഴയെപ്പറ്റി ചില വിവരങ്ങള്‍

മലമ്പുഴയിലെ യക്ഷി ശില്‍പം
മലമ്പുഴ
കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്‌ പാലക്കാട്‌ ജില്ലയിലുള്‍പ്പെടുന്ന മലമ്പുഴ. നഗരത്തില്‍നിന്നും അഞ്ചുകിലോമീറ്റര്‍ അകലെയാണ്‌ മലമ്പുഴ. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതികളിലൊന്നുമാണ്‌ മലമ്പുഴ ഡാമിനോടനുബന്ധിച്ചുള്ളത്‌.കേരളത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടാണ്‌ മലമ്പുഴ . 1955- ലാണ്‌ മലമ്പുഴ ഡാമും ഇതിനോടു ചേര്‍ന്നുള്ള ഉദ്യാനവും നിര്‍മിച്ചത്‌. മലമ്പുഴ ഡാമിനോടു ചേര്‍ന്ന്‌ ഒരു ഒരു ചെറുകിട ജലവൈദ്യുതി പദ്ധതിയും പ്രവര്‍ത്തിക്കുന്നുണ്ട്‌.2069 മീറ്ററാണ്‌ ഡാമിന്റെ മൊത്തം ഉയരം.ഭാരതപ്പുഴയ്‌ക്കു കുറുകെ കെട്ടിയിരിക്കുന്ന മലമ്പുഴ ഡാമും ഇതിനോടനുബന്ധിച്ചുള്ള പ്രദേശങ്ങളും ആയിരങ്ങളെ ആകര്‍ഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രമാണ്‌.കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന പാലക്കാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലുമുള്ള നെല്‍ക്കൃഷിക്ക്‌ ഉപയോഗിക്കുന്നത്‌ മലമ്പുഴ ഡാമില്‍നിന്നുള്ള വെള്ളമാണ്‌.മറ്റൊരുവിധത്തില്‍പ്പറഞ്ഞാല്‍ പാലക്കാടു ജില്ലയെ ജലസമ്പുഷ്‌ടമാക്കുന്നത്‌ മലമ്പുഴ അണക്കെട്ടില്‍നിന്നുള്ള വെള്ളമാണ്‌.കനാല്‍ സംവിധാനത്തിലൂടെയാണ്‌ മലമ്പുഴ ഡാമില്‍ നിന്നുള്ള വെള്ളം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ജലസേചനത്തിനായി എത്തിക്കുന്നത്‌.വിവിധ ആവശ്യങ്ങള്‍ക്കായാണ്‌ മലമ്പുഴ ഡാമില്‍നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത്‌ .ജലസേചനം, കുടിവെള്ളം,വ്യ വസായം,വൈദ്യുതോത്‌പാദനം ,മത്സ്യം വളര്‍ത്തല്‍, ജലഗതാഗതം എന്നിവയ്‌ക്ക്‌ മലമ്പുഴ ഡാമില്‍നിന്നുള്ള വെള്ളം ഉപയോഗിക്കുന്നു.പാലക്കാടു ജില്ല മദ്രാസ്‌ സര്‍ക്കാരിന്റെ ഭാഗമായിരുന്ന 1914- ല്‍ മദ്രാസ്‌ സര്‍ക്കാരിന്റെ നേതൃത്വത്തിലാണ്‌ മലമ്പുഴയില്‍ ഡാം നിര്‍മിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ ഉണ്ടാകുന്നത്‌. 1949ല്‍ നിര്‍മാണം ആരംഭിച്ച്‌ ആറു വര്‍ഷം കൊണ്ട്‌ റെക്കോര്‍ഡ്‌ വേഗത്തിലാണ്‌ മലമ്പുഴ ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്‌. 1955 ഒക്‌ടോബര്‍ ഒന്‍പതിനാണ്‌ മലമ്പുഴ അണക്കെട്ട്‌ ഉദ്‌ഘാടനം ചെയ്‌തത്‌. മലമ്പുഴ ഡാമിനോടു ചേര്‍ന്നുള്ളതാണ്‌ ഗാര്‍ഡന്‍, റോപ്‌വേ, റോക്ക്‌ ഗാര്‍ഡന്‍ അക്വേറിയം, സ്‌നേക്ക്‌ പാര്‍ക്ക്‌ എന്നിവ. അതിമനോഹരമായി നിര്‍മിച്ചിട്ടുള്ള മലമ്പുഴ ഗാര്‍ഡന്റെ ഏറ്റവും പ്രധാന ആകര്‍ഷണം പ്രശസ്‌ത ശില്‍പ്പിയായ കാനായി കുഞ്ഞിരാമന്‍ സിമന്റില്‍ തീര്‍ത്ത യക്ഷിയുടെ ശില്‍പമാണ്‌. ആയിരക്കണക്കിനാളുകളാണ്‌ ഈ ശില്‍പം കാണാനായി ദിനംപ്രതി മലമ്പുഴയിലെത്തുന്നത്‌.ഡാമില്‍ ബോട്ടിംഗിനും സൗകര്യമുണ്ട്‌. ഫാന്റസി പാര്‍ക്ക്‌ എന്ന വിനോദ സഞ്ചാരകേന്ദ്രം മലമ്പുഴയില്‍നിന്നു രണ്ടുകിലോമീറ്റര്‍ അകലെയാണ്‌ സ്ഥിതിചെയ്യുന്നത്‌.നമ്മുടെ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്നത്‌ മലമ്പുഴയെയാണ്‌.