Sunday, March 1, 2009

കഥകളുടെ മുന്തിരിത്തോപ്പുകളില്‍

കെ.കെ.സുധാകരന്‍

'നമുക്കു ഗ്രാമങ്ങളില്‍ച്ചെന്നു രാപ്പാര്‍ക്കാം`-
രണ്ടു ദശകം മുമ്പു കെ.കെ. സുധാകരന്‍ എഴുതിയ ഈ നോവല്‍ ഇന്നും മലയാളകഥാസാഹിത്യത്തില്‍ പൂത്തുലയുന്ന ഒരു മുന്തിരിത്തോപ്പിന്റെ കാല്‌പനിക സൗന്ദര്യത്തോടെ ആസ്വദിക്കപ്പെടുന്നു. എഴുത്തിന്റെ 25-ാം വര്‍ഷത്തില്‍ എത്തിയിരിക്കുന്ന, ഇന്നത്തെ ഏറ്റവും തിരക്കുള്ള കഥാകാരന്മാരില്‍ ഒരാളായ, സുധാകരനെ നമുക്ക്‌ അദ്ദേഹത്തിന്റെ ഗ്രന്ഥശാലയില്‍ച്ചെന്നു പരിചയപ്പെടാം.
അദ്ദേഹത്തിന്റെ കഥകളുടെ തോട്ടത്തിലെ പഴയ ഫലങ്ങളും പുതിയ നാമ്പുകളും കാണാം.

സന്ദീപ്‌ വെള്ളാരംകുന്ന്‌

നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം.അതികാലത്ത്‌ എഴുന്നേറ്റ്‌ തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ത്തുവോയെന്നും മാതള നാരകം പൂത്തുവോയെന്നും നോക്കാം . അവിടെ വച്ച്‌ നിനക്ക്‌ ഞാന്‍ എന്റെ പ്രേമം തരും.' ബൈബിളിലെ ഉത്തമ ഗീതങ്ങളിലെ ഈ വരികള്‍ രണ്ടു പതിറ്റാണ്ടു മുമ്പ്‌ കേരളത്തിലെ യുവതീ യുവാക്കളുടെ ചുണ്ടുകളില്‍ ഒരു ഹിറ്റ്‌ ഗാനം പോലെ പതിഞ്ഞതിനു കാരണം പി.പദ്‌മരാജന്‍ സംവിധാനം ചെയ്‌ത `നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന സിനിമയാണ്‌. ആ സിനിമയ്‌ക്കു കാരണമായത്‌ കെ.കെ സുധാകരന്റെ `നമുക്കു ഗ്രാമങ്ങളില്‍ച്ചെന്നു രാപ്പാര്‍ക്കാം എന്ന നോവലും.' പലരും കരുതിയത്‌ `നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന സിനിമയുടെ കഥ പദ്‌മരാജന്‍ തന്നെയെഴുതിയതാണെന്നാണ്‌. സിനിമയുടെ ടൈറ്റില്‍സില്‍ കെ.കെ സുധാകരന്റെ കഥയോടുള്ള കടപ്പാട്‌ വ്യക്തമാക്കിയിരുന്നുവെങ്കിലും അന്ന്‌ സുധാകരന്‍ അത്രയൊന്നും പ്രസിദ്ധനല്ലായിരുന്നതിനാലാവാം സാധാരണക്കാര്‍ പലരും കഥയുടെ ക്രെഡിറ്റ്‌ പദ്‌മരാജനു കൊടുത്തത്‌ .എന്നാല്‍ ഇന്ന്‌ കെ.കെ. സുധാകരനെ അറിയാത്ത മലയാളികള്‍ ചുരുക്കമായിരിക്കും.ജനപ്രിയ വാരികകള്‍ക്കും നിലവാരമുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും ടിവിക്കുമെല്ലാം കെ.കെ സുധാകരന്‍ എന്ന പേര്‌ സുപരിചിതമാണ്‌. ഇന്നും പുതുമ മായാതെ മലയാളികള്‍ ഏറെ താത്‌പര്യത്തോടെ ആസ്വദിക്കുന്ന സിനിമകളിലൊന്നാണ്‌ `നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍.' അതിനു കാരണം പദ്‌മരാജന്റെ സംവിധാനം മാത്രമാണെന്നു പറയാനാവില്ല.സുധാകരന്റെ കഥയുടെ പുതുമ അനിഷേധ്യമാണ്‌. എഴുത്തിന്റെ രജത ജൂബിലി വര്‍ഷത്തിലെത്തി നില്‍ക്കുന്ന കെ.കെ സുധാകരന്‌ ഇപ്പോഴും പുതുമകളോടെ രചന നടത്താന്‍ കഴിയുന്നു. മുപ്പതിലധികം നോവലുകളും അത്രയും തന്നെ നോവലെറ്റുകളും അമ്പതിലേറെ കഥകളും മൂന്നു ചലച്ചിത്ര തിരക്കഥകളും നിരവധി ടിവി സീരിയല്‍ കഥകളും എഴുതിക്കഴിഞ്ഞിട്ടും ഇനിയുമേറെ എഴുതാനുണ്ട്‌ എന്ന ഉന്മേഷം മനസില്‍ പുലര്‍ത്തുന്ന കെ.കെ. സുധാകരന്‍ തന്റെ സാഹിത്യ ജീവിതത്തെക്കുറിച്ചു സംസാരിക്കുന്നു.
എഴുത്തിലേക്കുള്ള കടന്നുവരവ്‌ എങ്ങനെയായിരുന്നു?
വര്‍ഷങ്ങള്‍ നീണ്ട വായനയില്‍ നിന്നാണ്‌ എഴുത്തിന്റെ തുടക്കം. അഞ്ചാംക്ലാസുമുതല്‍ പുസ്‌തകങ്ങളായിരുന്നു എന്റെ അടുത്ത കൂട്ടുകാര്‍. ബിരുദമായപ്പോഴേക്കും അടുത്തുള്ള ലൈബ്രറികളിലെ പുസ്‌തകങ്ങളെല്ലാംതന്നെ വായിച്ചു തീര്‍ത്തിരുന്നു. കോളജ്‌ വിദ്യാഭ്യാസം മാവേലിക്കര ബിഷപ്‌ മൂര്‍ കോളജിലായിരുന്നു. അവിടത്തെ പഠനകാലത്തും നിരവധി പുസ്‌്‌തകങ്ങള്‍ വായിക്കാന്‍ അവസരം ലഭിച്ചു.വിദ്യാഭ്യാസ കാലത്ത്‌ കോളജ്‌ മാഗസിനുകളിലും മറ്റും കഥകളും മറ്റുമെഴുതിയിരുന്നുവെങ്കിലും എഴുത്തിനെ ഗൗരവമായി സ്വീകരിക്കുന്നത്‌ ലൈബ്രേറിയനായി ജോലി കിട്ടിയശേഷമാണ്‌. പുസ്‌തകങ്ങളോടും അക്ഷരങ്ങളോടുമുള്ള സ്‌നേഹമാണു ലൈബ്രറി സയന്‍സ്‌ പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്‌.
പ്രസിദ്ധീകരിച്ച ആദ്യ രചന?
1984-ല്‍ കേരള കൗമുദി സണ്‍ഡേയില്‍ പ്രസിദ്ധീകരിച്ച `ഒരു ഞായറാഴ്‌ചയുടെ ഓര്‍മയ്‌ക്ക്‌' എന്ന നോവലാണ്‌ ആദ്യ രചന. പാലാ സെന്റ്‌ തോമസ്‌ കോളജില്‍ ലൈബ്രേറിയനായിരിക്കേ 1984-ലാണ്‌ ഈ നോവല്‍ എഴുതിയത്‌. പാലായിലെ താമസത്തിനിടെ വൈകുന്നേരങ്ങളില്‍ ധാരാളം ഒഴിവു സമയം ലഭിച്ചിരുന്നു. ഈ സമയം ഒരു നേരംപോക്കിനായാണ്‌ `ഒരു ഞായറാഴ്‌ചയുടെ ഓര്‍മയ്‌ക്ക്‌' എന്ന നോവലെഴുതിയത്‌. അത്‌ `കൗമുദി'യിലുള്ള ഒരു സുഹൃത്തിന്‌ വായിക്കാന്‍ കൊടുക്കുകയും അവര്‍ അത്‌ പ്രസിദ്ധീകരിക്കുകയുമായിരുന്നു. ഈ നോവല്‍ പിന്നീട്‌ ജേസി `നീയെത്ര ധന്യ'എന്ന പേരില്‍ ചലച്ചിത്രമാക്കി.
എഴുത്തിന്റ രീതിയും സമയവുമൊക്ക?
എഴുതുന്നതിന്‌ അങ്ങനെ പ്രത്യേക സമയമൊന്നുമില്ല.എവിടെപ്പോയാലും പേപ്പറും പേനയും എന്റെ കൈയിലുണ്ടാവും.എത്ര തിരക്കിലും ബഹളത്തിലുമിരുന്ന്‌ എനിക്ക്‌ എഴുതാന്‍ കഴിയുന്നുണ്ട്‌. ഓടുന്ന ട്രെയിനിലിരുന്നും ഞാന്‍ എഴുതിയിട്ടുണ്ട്‌.വായനക്കാര്‍ ആസ്വദിക്കുന്നവയാകണം ഞാന്‍ എഴുതുന്ന നോവലുകളും കഥകളുമെന്ന്‌ എനിക്കു നിര്‍ബന്ധമുണ്ട്‌ .അതുകൊണ്ടാണ്‌ എഴുത്തില്‍ എന്റേതായ പാത സ്വീകരിക്കുന്നത്‌.
രചനകളിലെല്ലാം സ്‌ത്രീ കഥാപാത്രങ്ങള്‍ക്കു വലിയ പ്രാമുഖ്യമുണ്ടല്ലോ?
എന്റെ മിക്ക നോവലുകളിലും വളരെ ബോള്‍ഡായ സ്‌ത്രീകളെയാണു ഞാന്‍ അവതരിപ്പിച്ചിട്ടുള്ളത്‌.അതു മന:പൂര്‍വമല്ല. സ്‌ത്രീകള്‍ക്കും പല കാര്യങ്ങളിലും തീരുമാനമെടുക്കാന്‍ കഴിയുമെന്നും അവരെക്കൊണ്ടു പലകാര്യങ്ങളും ചെയ്യാനാകുമെന്നുമാണു ഞാന്‍ വിശ്വസിക്കുന്നത്‌ .എന്റെ രചനകളിലൂടെ അതു പുറത്തുവരുന്നുവെന്നേയുള്ളൂ.ഇത്തരത്തില്‍ ബോള്‍ഡായ സ്‌ത്രീക്ക്‌ ഉദാഹരണമാണ്‌ `നമുക്കു ഗ്രാമങ്ങളില്‍ച്ചെന്നു രാപാര്‍ക്കാം` എന്ന നോവലിലെ സോഫിയ എന്ന കഥാപാത്രം. വളരെ തീവ്രമായ സ്‌ത്രീപുരുഷ ബന്ധത്തെപ്പറ്റിയും കുടുംബ ബന്ധങ്ങള്‍ ചിത്രീകരിക്കാനും മഹത്ത്വം ഉയര്‍ത്തിക്കാട്ടാനുമാണ്‌ ഞാന്‍ ശ്രമിച്ചിട്ടുള്ളത്‌.
`നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളെക്കുറിച്ച്‌ ?
1985 ല്‍ `കലാകൗമുദി`യില്‍ പ്രസിദ്ധീകരിച്ചതായിരുന്നു `നമുക്കു ഗ്രാമങ്ങളില്‍ച്ചെന്നു രാപ്പാര്‍ക്കാം` എന്ന നോവല്‍ . ആ നോവല്‍ വായിച്ച പത്മരാജന്റെ ഭാര്യ രാധാലക്ഷ്‌മി ഈ നോവല്‍ സിനിമയ്‌ക്കു പറ്റിയതാണെന്നു പത്മരാജനോടു പറയുകയും അദ്ദേഹം അതു ചലച്ചിത്രമാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇങ്ങനെയാണ്‌ 1986-ല്‍ പുറത്തിറങ്ങിയ `നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍`എന്ന ചലച്ചിത്രത്തിന്റെ പിറവി. ഒരു ഓണക്കാലത്ത്‌ പുറത്തിറങ്ങിയ ഈ ചിത്രം ചലച്ചിത്രം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. മലയാള സിനിമയില്‍ അന്നുവരെ കാണാത്ത, പുതുമയുള്ള, കഥയായിരുന്നതിനാല്‍ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എനിക്ക്‌ ഏറെ അംഗീകാരം നേടിത്തന്ന ഒന്നായിരുന്നു ഈ ചിത്രം. എഴുത്തിനെ കൂടുതല്‍ ഗൗരവപൂര്‍വം കാണാന്‍ തുടങ്ങിയതും ഇതിനുശേഷമാണ്‌ .
ബൈബിളിലെ കാവ്യ ഭംഗിയിലേക്കുള്ള ഒരു ക്ഷണവും കൂടിയായല്ലോ ഈ ചിത്രം?
മലയാളികള്‍ക്ക്‌ അന്നു വരെ പരിചിതമല്ലാത്ത മുന്തിരിത്തോപ്പുകളുടെ പശ്ചാത്തലവും ബൈബിള്‍ വാക്യങ്ങളിലൂടെയുള്ള പ്രണയത്തിന്റെ വികാസവുമെല്ലാം `നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുക`ളുടെ പ്രത്യേകതയായിരുന്നു. കാമുകന്‍ കാമുകിയോട്‌ തന്റെ പ്രണയം അറിയിക്കുന്നത്‌ ബൈബിളിലെ ` സോംഗ്‌ ഓഫ്‌ സോംഗ്‌സ്‌' വാക്യങ്ങളിലൂടെയാണ്‌.`നമുക്കുഗ്രാമങ്ങളില്‍ച്ചെന്നു രാപാര്‍ക്കാം' എന്നു പറഞ്ഞതിനുശേഷം ബാക്കി ഭാഗം പറയാതെ ബൈബിളിലെ സോളമന്റെ ഉത്തമഗീതങ്ങള്‍ നോക്കാനാണ്‌ കാമുകന്‍ പറയുക. ബൈബിള്‍ വായിക്കുമ്പോഴാണ്‌ കാമുകന്‍ തന്റെ ഇഷ്‌ടം വെളിപ്പെടുത്താന്‍ ആ വാക്യങ്ങള്‍ ഉപയോഗിക്കുകയായിരുന്നുവെന്ന്‌ കാമുകി പോലും മനസിലാക്കുന്നത്‌. മലയാളിക്ക്‌ ഇതൊരു പുതുമയായിരുന്നു. ഈ മൊബൈല്‍ യുഗത്തില്‍പ്പോലും `നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന സിനിമ സ്വീകരിക്കപ്പെടുന്നത്‌ അതിലെ പ്രമേയത്തിന്റെ പുതുമയും സ്വീകാര്യതയുംകൊണ്ടാണ്‌ .
പത്മരാജനുമൊത്തുള്ള അനുഭവങ്ങള്‍?
മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്‌ടമാണ്‌ പത്മരാജന്റെ അകാലത്തിലുള്ള വേര്‍പാട്‌ . പത്മരാജനോടൊത്തുള്ള സിനിമാ അനുഭവം ഇന്നും മറക്കാനാവാത്ത ഓര്‍മയായാണ്‌ എന്റെ മനസിലുള്ളത്‌. പ്രതിഭയുള്ളവരെ കണ്ടെത്താനും അവരെ ലോക സമക്ഷം എത്തിക്കാനുമുള്ള പത്മരാജന്റെ താത്‌പര്യം എടുത്തുപറയേണ്ടതാണ്‌. അതുപോലെ, തന്റെ സിനിമകളില്‍ ഒരിക്കലും ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള പരീക്ഷണങ്ങള്‍ നടത്താനും പദ്‌മരാജനു കഴിഞ്ഞു. `നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുക'ളിലെ സോളമന്റെയും സോഫിയയുടെയും ദു:ഖം ഓരോരുത്തരുടെയും വ്യക്തിപരമായ ദു:ഖമായി മാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പദ്‌മരാജനുമാത്രം സിനിമയില്‍ ചെയ്യാനാവുന്ന നിരവധി കഥകള്‍ ഇപ്പോഴും എന്റെ കൈയിലുണ്ട്‌.
കെ.കെ. സുധാകരനു സാഹിത്യലോകത്തെ സ്ഥാനം?
ഗൗരവമുള്ള സാഹിത്യമെന്നും പൈങ്കിളി സാഹിത്യമെന്നും രണ്ടു വ്യത്യസ്ഥ ധ്രുവങ്ങളിലുള്ള രചനകള്‍ മാത്രമുള്ള സ്ഥാനത്ത്‌ ഇതിനു രണ്ടിനും നടുക്കുള്ള ഒരു പാത സ്വീകരിക്കാനായിരുന്നു എന്റെ തീരുമാനം. ഇതില്‍ നിന്നാണ്‌ ഇടത്തരക്കാരായ വായനക്കാരെ ലക്ഷ്യമിട്ടുള്ള എന്റെ രചനകള്‍ തുടങ്ങുന്നത്‌. എന്റെ നോവലുകളിലും കഥകളിലും കൂടുതല്‍ പരാമര്‍ശിച്ചിട്ടുള്ളത്‌ സാധാരണക്കാരായ ആളുകളുടെ കുടുംബബന്ധങ്ങളാണ്‌ . ഇത്തരത്തില്‍ മലയാളത്തില്‍ എന്റേതായ സ്ഥാനം കണ്ടെത്താന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടെന്നാണ്‌ എന്റെ വിശ്വാസം. എങ്കിലും ഗൗരവമുള്ള രചനകളെ വളരെ ഗൗരവത്തോടെ തന്നെയാണ്‌ ഞാന്‍ വായിക്കുന്നതും സമീപിക്കുന്നതും. ആധുനിക സാഹിത്യത്തില്‍ എനിക്ക്‌ ഏറ്റവും ഇഷ്‌ടമുള്ളത്‌ എംടിയുടെ രചനകളാണ്‌.
പൈങ്കിളി സാഹിത്യത്തെപ്പറ്റി...
പൈങ്കിളി സാഹിത്യമെന്നു പറഞ്ഞ്‌ ജനപ്രിയ സാഹിത്യത്തെ പലരും ആക്ഷേപിക്കാറുണ്ട്‌. മുട്ടത്തുവര്‍ക്കിയുടെയും കാനത്തിന്റെയുമൊക്കെ നോവലുകള്‍ ഞാന്‍ ആസ്വദിച്ചുതന്നെ വായിച്ചവയാണ്‌ . അക്ഷരങ്ങളുടെ ലോകത്തേ്‌ക്ക്‌ എന്നെ കൈപിടിച്ചു നടത്തിയത്‌ ഇവരെപ്പോലുള്ള എഴുത്തുകാരാണെന്നു പറയാന്‍ എനിക്കു മടിയില്ല. പൈങ്കിളി സാഹിത്യമെന്നു മറ്റുള്ളവര്‍ അവഗണിക്കുന്ന സാധാരണക്കാരുടെ കഥകളാണ്‌ ജനങ്ങളെ സാഹിത്യവുമായി അടുപ്പിക്കുന്നത്‌. പുതു തലമുറകളെ വായനയുടെ ലോകത്തേയ്‌ക്കു കൈപിടിച്ചു നടത്തുന്നതും അവരെ അക്ഷരങ്ങള്‍ മറന്നുപോകാതിരിക്കാന്‍ പ്രാപ്‌തരാക്കുന്നതും ഇത്തരം ജനപ്രിയ എഴുത്തുകാരാണെന്നാണ്‌ എന്റെ അഭിപ്രായം.
പൈങ്കിളി സാഹിത്യരംഗം ഇന്നൊരു വലിയ മത്സര രംഗമാണല്ലോ?
ജനപ്രിയ വാരികകള്‍ക്കു വേണ്ടി ഈ കിടമത്സര കാലത്ത്‌ നോവലെഴുതുകയെന്നത്‌ ഏറെ ശ്രമകരമാണ്‌. ഈ മത്സരം എപ്പോഴും ആരോഗ്യകരമായ മത്സരമാണെന്നു പറയാനാവില്ല. ഓരോ ആഴ്‌ചയും വായനക്കാരെ ഉദ്വേഗത്തില്‍ നിര്‍ത്താന്‍ തക്കവിധത്തില്‍ വേണം അവയ്‌ക്കു വേണ്ടി എഴുതാന്‍.
ഇടക്കാലത്ത്‌ വാരികകളില്‍ തുടര്‍ക്കഥകളുടെ രംഗത്തും സജീവമായിരുന്നല്ലോ?
എഴുത്തില്‍ സജീവമായ ഇടക്കാലത്താണ്‌ അത്തരമൊരു പരീക്ഷണത്തിനു മുതിര്‍ന്നത്‌. ഇടക്കാലത്ത്‌ പ്രസിദ്ധീകരണം നിലച്ചുപോയ `മനോരാജ്യം' എന്ന വാരികയ്‌ക്കു വേണ്ടിയായിരുന്നു അത്‌. അല്‌പം നിലവാരമുള്ള നോവലുകള്‍ പ്രസിദ്ധീകരിച്ചിരുന്ന മനോരാജ്യത്തിന്‌ ഇത്തരത്തില്‍ നിരവധി നോവലുകള്‍ നല്‍കി. ഇടക്കാലത്ത്‌ എം പ്രസാദചന്ദ്രന്‍, ആന്‍സി ജോസഫ്‌ എന്നീ പേരുകളിലും ഞാന്‍ നോവലുകള്‍ എഴുതിയിരുന്നു.
എഴുത്തിന്റെ ലോകത്തെപ്പറ്റി?
ആദ്യം കേരള സര്‍വകലാശാലയുടെ കീഴില്‍ ലൈേ്രബറിയനായാണ്‌ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്‌ .പിന്നീട്‌ എംജി സര്‍വകലാശാലയുടെ തുടക്കം മുതല്‍ അവിടേക്കു മാറുകയായിരുന്നു. എപ്പോഴും പ്രവര്‍ത്തന രംഗം ലൈബ്രറിയായിരുന്നതിനാല്‍ വായനയ്‌ക്ക്‌ കൂടുതല്‍ സമയം ലഭിച്ചു.
ടിവി സീരിയല്‍ രംഗത്തെപ്പറ്റി?
ഞാനെഴുതിയ പല നോവലുകളും സീരിയലുകളായി പ്രമുഖ ചാനലുകള്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്‌. ഏഷ്യാനെറ്റ്‌, സംപ്രേഷണം ചെയ്യുന്ന `എന്റെ മാനസ പുത്രി,'സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന `പാരിജാതം' എന്നിവയുള്‍പ്പെടെ ധാരാളം സീരിയലുകള്‍.ഈ സീരിയലുകളെല്ലാം റേറ്റിംഗില്‍ ഏറെ മുന്‍പന്തിയിലാണ്‌. അടുത്തിടെ ശ്രീനിവാസനും ലക്ഷ്‌മി ശര്‍മയും അഭിനയിച്ചു പുറത്തിറങ്ങിയ `ആയുര്‍ രേഖ' എന്ന സിനിമ `രേഖയിലില്ലാത്തത്‌' എന്ന എന്റെ നോവലെറ്റിനെ ആസ്‌പദമാക്കിയായിരുന്നു.
പ്രധാന രചനകള്‍?
ഫെബ്രുവരി ഏഴാം നാള്‍, മുഖമറിയാതെ കഥയറിയാതെ, മിസ്‌ഡ്‌ കോള്‍ ,വശീകരണയന്ത്രം, അവള്‍ എന്നും തനിയെ, കുതിരകള്‍, വനശലഭങ്ങള്‍ തുടങ്ങിയവയാണ്‌ പ്രധാന നോവലുകള്‍.
രേഖയിലില്ലാത്തത്‌, മാനസ മൈന, പ്ലെസന്റ്‌ വില്ലയിലെ പേയിംഗ്‌ ഗസ്റ്റ്‌ എന്നീ നോവലെറ്റുകള്‍ ഉള്‍പ്പെടുത്തി `രേഖയിലില്ലാത്തത്‌' എന്ന പേരില്‍ പുസ്‌തകമായി ഡിസി ബുക്‌സ്‌ അടുത്തിടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. കൂടാതെ നിലവേ നീ സാക്ഷി, രണ്ടു പേര്‍ ചുംബിക്കുന്നു, ഒരു രാത്രിയെങ്കിലും എന്നിങ്ങനെ പല നോവലെറ്റുകളും എനിക്കു പ്രിയപ്പെട്ടതായുണ്ട്‌.
`നീല മറുക്‌' എന്ന പേരില്‍ കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചവയും പുസ്‌തക രൂപത്തിലാവാത്തവയുമായ കഥകള്‍ ധാരാളം.
എഴുത്തിന്റെ രീതി?
ഒട്ടുമിക്ക ആനുകാലികങ്ങളിലും സ്ഥിരമായി കഥകളും നോവലുകളും നോവലെറ്റുകളും എഴുതുന്നു. പിന്നെ മിക്ക പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെയും വാര്‍ഷികപ്പതിപ്പുകളില്‍ എഴുതാറുണ്ട്‌.
കുടുംബത്തെപ്പറ്റി?
ഭാര്യ ശ്രീദേവി തിരുവനന്തപുരത്തു പിഡബ്ല്യുഡിയില്‍ ജൂനിയര്‍ സൂപ്രണ്ടാണ്‌ . മക്കള്‍.നീന, ചിത്ര ഇരുവരും വിദ്യാര്‍ഥിനികള്‍. ഇപ്പോള്‍ മാവേലിക്കരയില്‍ സ്ഥിര താമസം.

ഫോട്ടോ: കെ.ജെ. ജോസ്‌




No comments: