Wednesday, March 11, 2009

മറയൂരിലേയ്‌ക്കു പോകാം

മറയൂരിലെ മുനിയറകളിലൊന്ന്‌


ഇടുക്കി ജില്ലയിലുള്‍പ്പെടുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്‌ മറയൂര്‍. മറഞ്ഞിരുന്ന ഊര്‌ എന്നപേരില്‍ നിന്നാണ്‌ ഈ സ്ഥലത്തിന്‌ മറയൂര്‍ എന്നപേരു ലഭിച്ചത്‌. വനവാസകാലത്ത്‌ പാണ്‌ഡവര്‍ മറഞ്ഞിരുന്ന സ്ഥലമായതിനാലാണ്‌ മറയൂരിന്‌ ഈ പേര്‍ ലഭിച്ചതെന്നാണ്‌ സ്ഥലപുരാണം.
പുരാണ കാലത്ത്‌ മുനിമാര്‍ തപസു ചെയ്‌തിരുന്നെതെന്നു കരുതുന്ന നിരവധി മുനിയറകളുടെ ഭാഗങ്ങള്‍ ഇപ്പോഴും മറയൂരില്‍ അവശേഷിക്കുന്നുണ്ട്‌. മലനിരകളുടെയും വനത്തിന്റെയും സാന്നിധ്യം, ചിന്നാര്‍, നിരവധി ചെറിയ വെള്ളച്ചാട്ടങ്ങള്‍, കാര്‍ഷിക സംസ്‌കാരം നിറഞ്ഞു നില്‍ക്കുന്ന ഗ്രാമങ്ങള്‍ എന്നിവ മറയൂരിന്റെ ആകര്‍ഷകഘടകങ്ങളാണ്‌. വര്‍ഷത്തിന്റെ ഭൂരിഭാഗം സമയവും തണുപ്പ്‌ അനുഭവപ്പെടുന്ന മറയൂരില്‍ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ കനത്ത തണുപ്പാണ്‌. എന്നാല്‍ വേനല്‍ക്കാലത്ത്‌ താപനില 36 ഡിഗ്രിസെല്‍ഷ്യസായി വര്‍ധിക്കുകയും ചെയ്യും.
സാധാരണ 21 മുതല്‍ 27 വരെയാണ്‌ മറയൂരിലെ താപനില. മറയൂരിലെ ചന്ദനക്കാടുകള്‍ ഏറെ പ്രസിദ്ധമാണ്‌. കേരളത്തിലെ ഏക സ്വഭാവിക ചന്ദനക്കാടുകളാണ്‌ മറയൂരിലേത്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യമുള്ള ചന്ദനം എത്തിക്കുന്നത്‌ മറയൂരിലെ ചന്ദന ഡിപ്പോയില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചന്ദനലേത്തില്‍ നിന്നാണ്‌. കേരളത്തിലെ ഏക ചന്ദന ഡിപ്പോയും മറയൂരിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ചന്ദനമോഷ്‌ടാക്കളുടെ നിരന്തരമായ ഭീഷണിയുള്ളതിനാല്‍ ചന്ദനക്കാടുകള്‍ക്ക്‌ കനത്ത സുരക്ഷയാണ്‌ അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.
മറയൂരിലെ പ്രശസ്‌തമായ മറ്റൊരു വസ്‌തുവാണ്‌ മറയൂര്‍ ഉണ്ടശര്‍ക്കര. കൃഷിക്കാരുടെ വീടുകളില്‍ത്തന്നെ പ്രത്യേക രീതിയിലാണ്‌ ശര്‍ക്കര സംസ്‌കരിച്ചെടുക്കുന്നത്‌.
ആപ്പിള്‍,വെളുത്തുള്ളി, കാരറ്റ്‌ തുടങ്ങിയവയുടെ കൃഷി വ്യാപകമായുള്ള പ്രദേശംകൂടിയാണ്‌ മറയൂര്‍. മറയൂരില്‍ നിന്ന്‌ 18 കിലോമീറ്റര്‍ അകലെയാണ്‌ ചിന്നാര്‍ വന്യജീവി സങ്കേതം.
സഞ്ചാരികള്‍ക്ക്‌ ഇവിടടെയുള്ള വാച്ച്‌ ടവറില്‍ കയറിയാല്‍ വനത്തിലൂടെ മേയുന്ന മൃഗങ്ങളെ കാണാന്‍ സാധിക്കും. അപൂര്‍വങ്ങളായ നിരവിധ പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രംകൂടിയാണ്‌ മറയൂര്‍ കാടുകള്‍. നക്ഷത്ര ആമയുള്‍പ്പെടെയുള്ള വ്യത്യസ്ഥ തരത്തിലുള്ള ജീവികളെയും പക്ഷികളെയും ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.
മുതുവാന്‍മാര്‍, ആദിവാസികള്‍ തുടങ്ങിയ ഗോത്രവര്‍ഗക്കാരാണ്‌ മറയൂരിലെ പ്രദേശവാസികളില്‍ അധികവും.
മൂന്നാറില്‍ നിന്നു 42 കിലോമീറ്ററാണ്‌ മറയൂരിലേയ്‌ക്കുള്ള ദൂരം. മൂന്നാറില്‍നിന്ന്‌ ഉടുമല്‍പേട്ടവഴി തമിഴ്‌നാട്ടിലെ വിനോദസഞ്ചാരകേന്ദ്രമായ കൊടൈ ക്കനാലിലേയ്‌ക്കും ഈവഴിപോകാം.

No comments: