Wednesday, March 4, 2009

വാഗമണ്‍


ഇടുക്കി- കോട്ടയം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ്‌ വാഗമണ്‍. കോടമഞ്ഞ്‌ പുതച്ചുകിടക്കുന്ന മൊട്ടക്കുന്നുകളുടെ മനംമയക്കുന്ന കാഴ്‌ചയാണ്‌ വാഗമണിന്റെ പ്രത്യേകത. വിനോദസഞ്ചാര കേന്ദ്രമെന്നതിലുപരി ഒരു ആത്മീയകേന്ദ്രമെന്ന പരിവേഷം കൂടി വാഗമണിനുണ്ട്‌. സമുദ്രനിരപ്പില്‍നിന്ന്‌ നാലായിരത്തോളം അടി ഉയരത്തിലുള്ള വാഗമണ്‍ കുരിശുമല പ്രശസ്‌തമായ തീര്‍ഥാടന കേന്ദ്രമാണ്‌.ദുഃഖവെള്ളിയാഴ്‌ചയോടുബന്ധിച്ചുള്ള ആഴ്‌ചകളില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ വാഗമണ്‍ കുരിശുമല കയാറാനെത്താറുണ്ട്‌. വാഗമണിലുള്ള തങ്ങള്‍ പാറയാണ്‌ മറ്റൊരു പ്രധാന തീര്‍ഥാടന കേന്ദ്രം. ഇതിനു സ മീ പത്തു ള്ള മുരുകന്‍ മലയും സ ഞ്ചാ രികള്‍ക്ക പ്രി യ പ്പെട്ട താ ണ്‌.വാഗമണ്‍ ഇപ്പോള്‍ അഡ്വഞ്ചര്‍ ടൂറിസത്തിന്റെയും പ്രിയപ്പെട്ട സങ്കേതമാണ്‌. ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള താരങ്ങള്‍ വര്‍ഷം തോറും ഇവിടെ നടക്കുന്ന പാരാഗ്ലൈഡിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തുന്നു. അപൂര്‍വ സസ്യങ്ങളുടെയും ഓര്‍ക്കിഡുകളുടെയും സങ്കേതം കൂടിയാണ്‌ വാഗമണ്‍ മലനിരകള്‍. അത്യപൂര്‍വമായ നിരവധി സസ്യങ്ങള്‍ വാഗമണ്‍ മലനിരകളില്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌.
ഭാരതീയ പൈതൃകത്തില്‍ ക്രൈസ്‌തവ സന്ന്യാസിമാര്‍ നടത്തുന്ന കുരിശുമല ആശ്രമമാണ്‌ വാഗമണിലെ മറ്റൊരു പ്രത്യേകത. ആശ്രമം സ്ഥാപിച്ചത്‌ വിദേശിയായ ഫ്രാന്‍സിസ്‌ ആചാര്യയെന്ന മിഷനറിയാണ്‌. 2002 -ല്‍ അന്തരിച്ച ഫ്രാന്‍സിസ്‌ ആചാര്യയുടെ ഭൗതിക ശരീരം അടക്കം ചെയ്‌തിരിക്കുന്നതും വാഗമണ്‍ മലനിരകളിലാണ്‌. ആശ്രമത്തോടനുബന്ധിച്ചു നടത്തുന്ന ഫാം ശാസ്‌ത്രീയമായ പശുപരിപാലന രീതികളാല്‍ ശ്രദ്ധേയമാണ്‌. ഭാരതീയ പൈതൃകത്തിലുള്ള ആശ്രമ മാതൃകകള്‍ പിന്തുടരുന്ന കുരിശുമല ആശ്രമത്തില്‍ ജോലികളെല്ലാം ചെയ്യുന്നത്‌ അന്തേവാസികള്‍ തന്നെയാണെന്ന പ്രത്യേകതയുമുണ്ട്‌. ഇന്‍ഡോ-സിസ്‌ പദ്ധതിയുടെ ഭാഗമായുള്ള അത്യുത്‌പാദനശേഷിയുള്ള പശുക്കളുടെ ബീജോത്‌പാദന കേന്ദ്രം വാഗമണിനു സമീപമുള്ള കോലാഹലമേട്ടിലാണ്‌.വാഗമണി ലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ്‌ വിശാലമായ തേയിലത്തോട്ടങ്ങളുടെയും പൈന്‍ മരക്കാടുകളുടെയും സാന്നിധ്യം. മലയാളത്തിലേതുള്‍പ്പെടെ നിരവധി സിനിമകളുടെ ഷൂട്ടിംഗ്‌ ലോക്കേഷനായും വാഗമണ്‍ നിറഞ്ഞുനില്‍ക്കുന്നു. കോട്ടയത്തു നിന്നു 64 കിലോമീറ്ററാണ്‌ വാഗമണിലേയ്‌ക്കുള്ള ദൂരം.എന്താ കൂട്ടുകാരേ ഈ അവധിക്കാലത്ത്‌ നമുക്ക്‌ വാഗമണിലേയ്‌ക്കൊരു യാത്ര പോയാലോ.

1 comment:

kaayalarikath said...

വന്നിട്ടുണ്ട് രണ്ട് തവണ ആ മനോഹര ദൃശ്യം കാണാന്‍.വീണ്ടും വരുന്നുണ്ട് ഈ ഗാന്ധി ജയന്ധി ദിനത്തില്‍ .മനോഹരം തന്നെ.കൂടുതല്‍ വിവരങ്ങള്‍ നല്‍കൂ