Sunday, August 16, 2009

ഡ്രൈവിംഗ്‌ സ്‌കൂള്‍ ഓടുന്നു പുസ്‌തകങ്ങളുമായി



നാട്ടുകാരില്‍ വായനശീലം വളര്‍ത്താനുള്ള ശ്രമമാണു 'നാട്ടുവെളിച്ചം` പ്രതാപന്‍ ഇരുപത്തഞ്ചോളം വര്‍ഷമായി ചെയ്യുന്നത്‌. കിട്ടിയ സര്‍ക്കാര്‍ ജോലി ഇതിനായി ഉപേക്ഷിച്ചു. ഇപ്പോള്‍ ഡ്രൈവിംഗ്‌ സ്‌കൂള്‍ നടത്തുന്നു. ഈ കാറിന്റെ ഒരു പ്രയോജനം വായനക്കാര്‍ക്കു പുസ്‌തകങ്ങള്‍ എത്തിച്ചുകൊടുക്കാമെന്നതാണ്‌- സൗജന്യമായി.




1985നവംബര്‍ മാസത്തിലെ ഒരു സായാഹ്നം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്‌ക്കടുത്തുള്ള പട്ടണക്കാട്‌ ഗവണ്‍മെന്റ്‌ സ്‌കൂളില്‍ ഗ്രാമോത്സവം പരിപാടി നടക്കുന്നു. സമ്മേളനത്തിന്റെ ഉദ്‌ഘാടകന്‍ ഗ്രന്ഥശാലാസംഘം സ്ഥാപകന്‍ പി.എന്‍. പണിക്കര്‍. മാര്‍ക്കറ്റില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനിറങ്ങിയ പ്രീഡിഗ്രി വിദ്യാര്‍ഥി പ്രതാപന്‍ സ്‌കൂളിനു മുന്നിലെ ആള്‍ക്കൂട്ടം കണ്ട്‌ അവിടെയെത്തി. പൊതുസമ്മേളനമാണെന്നറിഞ്ഞപ്പോള്‍ താത്‌പര്യമായി. പി.എന്‍. പണിക്കരുടെ പ്രസംഗമാണ്‌ . പുസ്‌തക വായനയില്‍ താല്‍പര്യമുള്ള പ്രതാപന്‍ പ്രസംഗം ശ്രദ്ധയോടെ കേട്ടു. ``അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മാര്‍ഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ച്‌ രാഷ്‌ട്രപുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ താത്‌പര്യമുള്ള യുവാക്കളെ ക്ഷണിക്കുന്നു. അവര്‍ ധനമോഹം ഇല്ലാത്തവരായിരിക്കണം, സ്‌ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നവരായിരിക്കരുത്‌. സാമൂഹിക സേവനത്തില്‍ തത്‌പരരായിരിക്കണം. അക്ഷരങ്ങളുടെ ലോകത്ത്‌ ജീവിക്കുകയെന്നതാണ്‌ ഇവര്‍ക്കുള്ള പ്രതിഫലം'' എന്ന പണിക്കരുടെ വാക്കുകള്‍ പ്രതാപനെ പ്രത്യേകം ആകര്‍ഷിച്ചു.
യോഗം കഴിഞ്ഞ്‌ വീട്ടിലെത്തിയ പ്രതാപന്‍ രാത്രി ചിന്തയിലാണ്ടു. പി.എന്‍. പണിക്കരുടെ ക്ഷണം മനസില്‍ വന്നലയ്‌ക്കുകയായിരുന്നു. രാത്രി മുഴുവന്‍ നീണ്ട ആലോചനയ്‌ക്കൊടുവില്‍ പ്രതാപന്‍ രാവിലെ ഉണര്‍ന്നത്‌ പുതിയൊരു നിയോഗവുമായാണ്‌ . `നാട്ടുവെളിച്ചം പ്രതാപ'നെന്ന സാമൂഹിക സാക്ഷരതാ പ്രവര്‍ത്തകന്റെ തുടക്കം അവിടെയാണ്‌ . നാട്ടുകാരുടെ ഉള്‍ക്കണ്ണുകള്‍ക്കു വെളിച്ചം പകരാനുള്ള പ്രതാപന്റെ പ്രവര്‍ത്തനങ്ങള്‍ രജതജൂബിലി വര്‍ഷത്തിലേക്കു കടക്കുന്നു.
പട്ടണക്കാട്‌ സ്‌കൂളിലെ പ്രസംഗം പ്രതാപന്റെ ജീവിതത്തില്‍ വഴിത്തിരിവാകുകയായിരുന്നു. അന്നു തീരുമാനിച്ചതാണ്‌ അറിവിന്റെ വെളിച്ചം പകരുന്നതിലൂടെ രാഷ്‌ട്രപുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കുവഹിക്കുകയെന്നത്‌. സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുള്ള ആഗ്രഹം അന്നത്തെ അരൂര്‍ പഞ്ചായത്തു പ്രസിഡന്റായിരുന്ന കനകം കൃഷ്‌ണപിള്ള വഴി പി.എന്‍. പണിക്കരെ അറിയിച്ചപ്പോള്‍ ഒരെടുത്തുചാട്ടത്തില്‍ നിന്നു പ്രതാപനെ പിന്തിരിപ്പിക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. ഒരു പ്രീഡിഗ്രി വിദ്യാര്‍ഥിയുടെ ചാപല്യമോ എന്ന സംശയത്തോടെയാണ്‌ പണിക്കര്‍ പ്രതാപന്റെ അഭിനിവേശത്തെ വീക്ഷിച്ചത്‌. എന്നാല്‍ പ്രതാ പന്റെ ആത്മാര്‍ഥതയും നിശ്ചയദാര്‍ഢ്യവും സത്യസന്ധതയും മനസിലാക്കിയതോടെ പണിക്കര്‍ ആ യുവാവിനെ ഒപ്പംകൂട്ടി.
പ്രതാപന്റെ സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ തുടക്കം അട്ടപ്പാടി, അഗളി പ്രദേശങ്ങളിലെ ആദിവാസികള്‍ക്കിടയിലായിരുന്നു. പിന്നീടു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനു ഗ്രാമങ്ങളില്‍ പ്രതാപന്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്‌. പണിക്കരോടൊപ്പം, അദ്ദേഹം പോകുന്ന സ്ഥലങ്ങളിലെല്ലാം പോയി സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
ഊര്‍ജസ്വലമായി ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കേയാണ്‌ ആകസ്‌മികമായി പി.എന്‍. പണിക്കരുടെ വേര്‍പാട്‌. അദ്ദേഹത്തിന്റെ മരണശേഷം പ്രതാപന്റെ ജീവിതത്തില്‍ ആകെ ശൂന്യതയായി. മുന്നില്‍ നിന്നു നയിക്കാനാരുമില്ലാത്ത അവസ്ഥ. വീട്ടിലാണെങ്കില്‍ കടുത്ത സാമ്പത്തികഞെരുക്കം. ജീവിക്കാന്‍ പ്രത്യേകിച്ച്‌ വരുമാനമൊന്നുമില്ല. ഇതിനിടയില്‍ പ്രതാപന്‌ മുനിസിപ്പല്‍ വിഭാഗത്തില്‍ സര്‍ക്കാര്‍ ജോലി കിട്ടിയിരുന്നു. പക്ഷേ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കു മുടക്കം വരുമെന്നുകണ്ടപ്പോള്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. അപ്പോഴാണ്‌ മുന്‍പു പഠിച്ച ഡ്രൈവിംഗ്‌ ഉപജീവനമാര്‍ഗമാക്കാമെന്നു തോന്നിയത്‌. പ്രതാപന്‍ ചേര്‍ത്തലയിലുള്ള കാര്‍ത്തിക ഡ്രൈവിംഗ്‌ സ്‌കൂളില്‍ ഡ്രൈവിംഗ്‌ പഠിപ്പിക്കാന്‍ തുടങ്ങി. വായനയ്‌ക്കും സാക്ഷരതാ പ്രവര്‍ത്തനത്തിനും ഒപ്പം കൊണ്ടുപോകാവുന്ന ജോലി. പത്തുവര്‍ഷത്തോളം ഇതു തുടര്‍ന്നു. രണ്ടുവര്‍ഷം മുന്‍പ്‌ പ്രതാപന്‍ സ്വന്തമായി ഡ്രൈവിംഗ്‌ സ്‌കൂള്‍ ആരംഭിച്ചു. അതിനു സഹായം നല്‌കിയത്‌ കാര്‍ത്തിക ഡ്രൈവിംഗ്‌ സ്‌കൂളിന്റെ ഉടമതന്നെ. സാധാരണയായി ഒരുഡ്രൈവിംഗ്‌ സ്‌കൂള്‍ ഉടമ മറ്റൊരാള്‍ ഇതേ രംഗത്തു വരുന്നത്‌ പ്രോത്സാഹിപ്പിക്കില്ലെങ്കിലും പ്രതാപന്റെ സാമൂഹിക സേവന സന്നദ്ധതയും സത്യസന്ധതയും അറിയാവുന്ന പഴയ ബോസ്‌ സഹായിക്കു കയായിരുന്നു. നാട്ടുവെളിച്ചം പ്രതാപന്‍ എന്നറിയപ്പെട്ടിരുന്ന പ്രതാപന്‍ തന്റെ ഡ്രൈവിംഗ്‌ സ്‌കൂളിന്‌ `നാട്ടുവെളിച്ചം' എന്നുതന്നെ പേരു നല്‌കി. പ്രതാപന്‌ ഈ പേരു ലഭിക്കാന്‍ കാരണമുണ്ട.്‌ 1990 കാലത്ത്‌ സ്റ്റേറ്റ്‌ റിസോഴ്‌സ്‌ സെന്റര്‍ `നാട്ടുവെളിച്ച'മെന്നപേരില്‍ ഒരു ചുമര്‍പത്രിക ഇറക്കിയിരുന്നു. ഇത്‌ ഈ പ്രദേശത്തു കൊണ്ടുനടന്ന്‌ ചുമരുകളില്‍ ഒട്ടിക്കുന്ന ജോലി പ്രതാപനായിരുന്നു ചെയ്‌തിരുന്നത്‌. ക്രമേണ വി. പ്രതാപന്‍ നാട്ടുവെളിച്ചം പ്രതാപനായി അറിയപ്പെട്ടു തുടങ്ങി. പ്രതാപന്‍ പുതിയ പേര്‌ അഭിമാനപൂര്‍വം സ്വീകരിക്കുകയും ചെയ്‌തു.
അക്ഷരങ്ങളെ ജീവനുതുല്യം സ്‌നേഹിക്കുകയും വായനയുടെ വ്യാപനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രതാപന്റെ പരിശ്രമങ്ങള്‍ ചേര്‍ത്തലക്കാരില്‍ പലര്‍ക്കും നിത്യകാഴ്‌ചയാണ്‌. എറണാകുളം ചേര്‍ത്തല ദേശീയ പാതയില്‍ കളവംകോടിനു സമീപമുള്ള രണ്ടുമുറി കെട്ടിടമാണു പ്രതാപന്റെ വീടും പ്രവര്‍ത്തന കേന്ദ്രവും. റോഡരികില്‍ എല്ലാവര്‍ക്കും സ്വാഗതതമോതി `നാട്ടുവെളിച്ച'മെന്ന ബോര്‍ഡുണ്ട്‌. വീടിനുളളില്‍ കടന്നാല്‍ ആദ്യം നമ്മെ വരവേല്‍ക്കുന്നത്‌ പി.എന്‍. പണിക്കരുടെ ചിത്രവും അതിനുതാഴെയായി `വായിച്ചു വളരുക' `നാമൊന്ന്‌' എന്നിങ്ങനെയുള്ള പണിക്കര്‍ വാക്യങ്ങളുമാണ്‌. ഷെല്‍ഫില്‍ നിരനിരയായി അടുക്കി വച്ചിരിക്കുന്ന പുസ്‌തകങ്ങള്‍. നോവലുകളും കഥകളും കവിതകളും ലേഖനസമാഹാരങ്ങളും വൈജ്ഞാനിക ഗ്രന്ഥങ്ങളുമെല്ലാം ഈ പുസ്‌തക ശേഖരത്തിലുണ്ട്‌. രണ്ടു മുറിമാത്രമുള്ള വീടിന്റെ ഒരു മുറിയുടെ നല്ലൊരുഭാഗവും പുസ്‌തകങ്ങള്‍ കൈയടക്കിയിരിക്കുന്നു. ഇതുതന്നെ ഡ്രൈവിംഗ്‌സ്‌കൂളിന്റെ ഓഫീസും.
ആര്‍ക്കു വേണമെങ്കിലും ഇവിടെ വന്നു പുസ്‌തകങ്ങള്‍ വായിക്കാം. ഇപ്പോള്‍ നിരവധിപ്പേര്‍ ഇവിടെ പുസ്‌തകം വായി ക്കാനെത്തുന്നുണ്ട്‌. പുസ്‌തകങ്ങള്‍ വായിക്കാന്‍ കൊടുത്തുവിടുന്നുമുണ്ട്‌. എല്ലാം സൗജന്യം. പക്ഷേ രണ്ടു ദിവസത്തേക്കു മാത്രമേ പുസ്‌തകങ്ങള്‍ കൊടുത്തുവിടുകയുള്ളൂ. കൂടുതല്‍ ദിവസത്തേക്കു പുസ്‌തകങ്ങള്‍ കൊടുത്തുവിട്ടാല്‍ നഷ്‌ടപ്പെടാനുള്ള സാധ്യത ഏറെയാണെന്നു പ്രതാപന്‍ പറയുന്നു. തന്റെ പക്കല്‍ നിന്നു പുസ്‌തകങ്ങള്‍ വായിക്കാനെടുത്ത ആരും തന്നെ അവ തിരിച്ചുതരാതിരുന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മറ്റുള്ളവരെ വായിക്കാന്‍ പ്രേരിപ്പിക്കുകമാത്രമല്ല കഴിയുന്നത്ര പുസ്‌തകങ്ങള്‍ വായിക്കുകയെന്നതും പ്രതാപന്റെ ശീലമാണ്‌. രാവിലെയും വൈകിട്ടും ഓരോ മണിക്കൂറെങ്കിലും പുസ്‌തകവായനയ്‌ക്കു മാറ്റിവയ്‌ക്കും.
തന്റെ ഡ്രൈവിംഗ്‌ സ്‌കൂളില്‍ പഠനത്തിനെത്തുന്നവര്‍ക്ക്‌ ഡ്രൈവിംഗിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനു മുന്‍പ്‌ വായനയുടെ മഹത്ത്വത്തെക്കുറിച്ചാവും പ്രതാപന്‍ സംസാരിക്കുന്നത്‌. ഡ്രൈവിംഗ്‌ പഠിക്കാനെത്തിയ നൂറുകണക്കിനാളുകള്‍ ഇപ്പോള്‍ പുസ്‌തകങ്ങളുടെ ഉറ്റ കൂട്ടുകാരായി മാറിയിട്ടുണ്ട്‌.
ലൈബ്രറിയില്‍ പോകാന്‍ സമയമില്ലെന്നുപറഞ്ഞ്‌ വായനയെ മറക്കുന്നവര്‍ക്കു മുന്നില്‍ ഇപ്പോള്‍ പുസ്‌കങ്ങള്‍ എത്തിച്ചു കൊടുക്കാനും തുടങ്ങിയിരിക്കുന്നു പ്രതാപന്‍. കമ്പനികളിലും മറ്റും തൊഴിലെടുക്കുന്നവര്‍ക്ക്‌ പതിവായും വ്യാപകമായും പുസ്‌തകങ്ങള്‍ എത്തിച്ചു നല്‌കാന്‍ ഉദ്ദേശിക്കുന്നു. ഇപ്പോള്‍ തന്റെ ഡ്രൈവിംഗ്‌ സ്‌കൂളിന്റെ വാഹനത്തിലാണു പുസ്‌തകങ്ങള്‍ വായനക്കാര്‍ക്ക്‌ എത്തിക്കുന്നത്‌. തൊഴിലാളികള്‍ക്കും മറ്റും സൗജന്യമായി പുസ്‌തകങ്ങള്‍ ഇങ്ങനെ ലഭ്യമാക്കുന്നതിലൂടെ ഒരു വായനാ വിപ്ലവം തന്നെസൃഷ്‌ടിക്കാനാകുമെന്നു പ്രതാപന്‍ വിശ്വസിക്കുന്നു. തന്റെ ഈ പുതിയ പരിപാടിവഴി നിരവധിപ്പേര്‍ പുസ്‌തകവായനയിലേക്കു തിരിഞ്ഞിട്ടുണ്ടെന്നു പ്രതാപന്‍ പറഞ്ഞു. മറ്റൊരു വാഹനം നിറയെ പുസ്‌തകങ്ങള്‍ നിറച്ച്‌ വായനക്കാര്‍ക്കെത്തിക്കാനുള്ള ശ്രമത്തിലാണ്‌ പ്രതാപനിപ്പോള്‍.
പ്രതാപന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയുമായി നിരവധിപ്പേരെത്തുന്നുണ്ട്‌. ഇതില്‍ ഡോക്‌ടര്‍മാര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെയുണ്ട്‌. തനിക്കു പിന്തുണയുമായി എത്തുന്നവരോട്‌ പ്രതാപനുള്ള അഭ്യര്‍ഥന ഒന്നുമാത്രം. കഴിയുമെങ്കില്‍ ഒരു പുസ്‌തകമെങ്കിലും വാങ്ങി നല്‌കുക. പ്രതാപന്‍ സമ്മാനങ്ങള്‍ സ്വീകരിക്കുന്നതും പുസ്‌തകങ്ങളായി മാത്രമാണ.്‌ ഇത്തരത്തില്‍ ലഭിക്കുന്ന പുസ്‌തകങ്ങളെല്ലാം നിരവധി വായനക്കാരില്‍ എത്തുന്നു.
സാമൂഹിക സാക്ഷരതാ രംഗത്തുമാത്രം തന്റെ പ്രവര്‍ത്തനങ്ങള്‍ ഒതുക്കാന്‍ പ്രതാപന്‍ തയാറല്ല. നാടിന്റെ ഏതാവശ്യത്തിനും മുന്നിലിറങ്ങാന്‍ നാട്ടുകാര്‍ക്കൊപ്പം ഇദ്ദേഹവുമുണ്ട്‌. പ്രതാപന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു.
മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ്‌ മൂന്നു തവണ പ്രതാപനു ലഭിച്ചു. സാമൂഹിക നീതി പ്രവര്‍ത്തനത്തിനുള്ള കാന്‍ഫെഡ്‌ അവാര്‍ഡ്‌, ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യരുടെ ഭാര്യ ശാരദാ കൃഷ്‌ണയ്യരുടെ പേരിലുള്ള അവാര്‍ഡ്‌, ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യാ ഇന്റര്‍നാഷണല്‍ ഫ്രണ്ട്‌ഷിപ്പ്‌ സൊസൈറ്റിയുടെ വിജയരത്തന്‍ പുരസ്‌കാരം എന്നിവ.
സ്‌ത്രീധനരഹിത വിവാഹത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൂടിയാണ്‌ പ്രതാപന്‍. തന്റെ ജീവിതത്തില്‍ ഈ ആദര്‍ശം പ്രാവര്‍ത്തികമാക്കുകയും ചെയ്‌തു. ആറുവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ്‌ അയല്‍വാസിയായ സിനിമോളെ പ്രതാപന്‍ ജീവിതസഖിയാക്കിയത്‌. ഡ്രൈവിംഗ്‌ സ്‌കൂളിന്റെ പ്രവര്‍ത്തനത്തിലും പ്രതാപന്റെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലും കൈത്താങ്ങായി സിനിമോളുണ്ട്‌. മക്കള്‍: യദുകൃഷ്‌ണന്‍, ശ്രീലക്ഷ്‌മി.
ചിത്രങ്ങള്‍: പി.ജി. രവികുമാര്‍

No comments: