

റോഡപകടത്തില്‍പ്പെട്ടവരെ കണ്ടാല്‍ വെറുതേ നോക്കിനില്‌ക്കുകയോ കടന്നുകളയുകയോ ചെയ്യുന്നവരാണു ബഹുഭൂരിപക്ഷവും. ഇതാ, വ്യത്യസ്‌തനായൊരു മനുഷ്യന്‍.
കഴിഞ്ഞ ഓഗസ്റ്റ് 30 ഞായര്‍. സമയം പാതിരാത്രിയോടടുത്ത്. റോഡില്‍ വാഹനങ്ങള്‍ നന്നേ കുറവ്. ഉള്ളവയാകട്ടെ, തിരക്കൊഴിവു മുതലാക്കി, ആവുന്നത്ര സ്‌പീഡില്‍ പായുകയാണ്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഒരു രോഗിയെ എത്തിച്ചശേഷം ചേര്‍ത്തലയിലേക്കു തിരികെ വരുകയാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായ സുഗുണന്‍. ഇടയ്‌ക്ക് റോഡില്‍ ചെറിയ ഒരാള്‍ക്കൂട്ടം. വാഹനം നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ കണ്ടു, ഒരു കാറും ലോറിയും തമ്മില്‍ ഇടിച്ചിരിക്കുകയാണ്. പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനായി വാഹനങ്ങള്‍ക്കു കൈകാണിക്കുന്നുണ്ടെങ്കിലും പാഞ്ഞു പോകുന്ന വാഹനങ്ങളൊന്നും നിര്‍ത്തുന്നില്ല. രക്തത്തില്‍ കുളിച്ചു കിടക്കുന്ന നാലുപേരെ സുഗുണന്‍ കണ്ടു. ചെറുതായി അനക്കമുള്ളത് ഒരാള്‍ക്കാണ്. സുഗുണന്‍ ഉടന്‍ തന്നെ അയാളെ പഞ്ചായ ത്തംഗത്തിന്റെ സഹായത്തോടെ ആംബുലന്‍സില്‍ ചേര്‍ത്തല കെവി എം ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍പ്പെട്ട മറ്റു മൂന്നു പേര്‍ മരിച്ചിരുന്നു. അന്നു സുഗുണന്‍ ആശുപത്രിയിലെത്തിച്ചതിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത് കൊല്ലം സ്വദേശിയായ അഷ്‌കര്‍ എന്ന യുവാവാണ്.
ഇത് സുഗുണന്‍ എന്ന ആംബുലന്‍സ് ഡ്രൈവറുടെ ജീവിതത്തിലെ അത്ര അസാധാരണത്വ മൊന്നുമില്ലാത്ത സംഭവം. ഇതുപോലെ നിരവധിയാളുകളെയാണ് അപകടസ്ഥലങ്ങളില്‍ നിന്നു സുഗുണന്‍ വാരിയെടുത്ത് ആശുപത്രികളിലെത്തിച്ചു രക്ഷപ്പെടുത്തിയിട്ടുള്ളത്. അപകടങ്ങള്‍ കാണുമ്പോള്‍ മുഖം തിരിക്കുകയും വാഹനങ്ങള്‍ക്കു വേഗം കൂട്ടി പായുകയും ചെയ്യുന്ന ആളുകള്‍ ധാരാളമുള്ള നമ്മുടെ നാട്ടില്‍ സുഗുണന്റെ നടപടി അസാധാരണമാകുന്നു. എവിടെ അപകടം കണ്ടാലും ഉടന്‍തന്നെ അവിടെയിറങ്ങി അപകടത്തില്‍പ്പെട്ടവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയെന്നത് സുഗുണന്റെ പതിവായിത്തീര്‍ന്നിരിക്കുന്നു.
സുഗുണന്‍ ഈ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഇരുപതിലധികം വര്‍ഷങ്ങളായി. ടാക്‌സി ഡ്രൈവറായിരിക്കുമ്പോള്‍ തുടങ്ങിയതാണ്. പതിന്നാലു വര്‍ഷം മുമ്പു ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലിക്കു കയറിയതിനു ശേഷമാണ് കൂടുതല്‍പേരെ രക്ഷി ച്ചിട്ടുള്ളത്. അടുത്തുള്ള പ്രദേശങ്ങളില്‍ എന്തെ ങ്കിലും അപകടം നടന്നായി അറിഞ്ഞാല്‍ ഉടന്‍തന്നെ സുഗുണന്‍ അവിടെ ഓടിയെത്തും. പരിക്കേറ്റവരെ കഴിയുന്നത്ര വേഗത്തില്‍ ആംബുലന്‍സില്‍ ആശു പത്രിയിലെത്തിക്കും. അപകടത്തില്‍ പ്പെട്ടവരെ ആശുപത്രി യിലാക്കാന്‍ വൈമുഖ്യം കാട്ടുന്ന പ്രവണത നമ്മുടെ നാട്ടില്‍ ഞെട്ടിക്കും വിധം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ തിരുവോണ ദിവസം നടന്ന സംഭവം സുഗുണന്‍ പറഞ്ഞു. ബൈക്കുകള്‍ കൂട്ടിയിടിച്ച് അപടത്തില്‍പ്പെട്ട യുവാവിനെ സുഗുണന്‍ ആംബുലന്‍സില്‍ കയറ്റി. പക്ഷേ കൂടെപ്പോകാന്‍ ആരും തയാറായില്ല. ആംബുലന്‍സില്‍ രോഗിയെ സേഫ്‌റ്റി ബെല്‍റ്റിട്ടു കിടത്തി ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തിച്ചു സുഗുണന്‍ അയാളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു.
ഇതുപോലെ എത്രയോ രക്ഷപ്പെടുത്തലുകള്‍! തൈക്കലില്‍ വര്‍ഗീയകലാപം ഉണ്ടായപ്പോഴും, പട്ടണക്കാട് അപകടമുണ്ടായപ്പോഴും മതിലകത്ത് പോസ്റ്റല്‍ വര്‍ക്കേഴ്‌സിന്റെ വാഹനം അപകടത്തില്‍പ്പെട്ടപ്പോഴും, പള്ളിത്തോട്ടില്‍ വാഹനാപകടം ഉണ്ടായപ്പോഴുമെല്ലാം.
ഇതുവരെ എത്രപേരെ രക്ഷിച്ചിട്ടുണ്ടെന്നു ചോദിച്ചാല്‍ താന്‍ ഇത്തരം കാര്യങ്ങളുടെ കണക്കു സൂക്ഷിക്കാറില്ലെന്നു സുഗുണന്റെ മറുപടി. എങ്കിലും ഏകേദേശം? നൂറിലധികം വരുമെന്ന് സുഗുണന്‍ ഓര്‍ത്തുനോക്കിയിട്ടു പറഞ്ഞു.
രക്ഷപ്പെടുത്തിയവരില്‍ ചിലര്‍ തിരികെയെത്തി നന്ദി പറയാന്‍ തയാറാകും. ചിലര്‍ പണവും മറ്റും സമ്മാനിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇതു തനിക്കു ലഭിച്ചിട്ടുള്ള ഒരു നിയോഗമായി മാത്രമാണു താന്‍ കാണുന്നതെന്നും യാതൊരു പ്രതിഫലവും തനിക്ക് ഇത്തരം കാര്യങ്ങള്‍ക്ക് ആവശ്യമില്ലെന്നും സുഗുണന്‍ പറയുന്നു. അപകടത്തില്‍പ്പെടുന്ന ഓരോരുത്തരെയും സഹോദരനായാണ് താന്‍ കാണുന്നതെന്നും അതുകൊണ്ടാണ് താന്‍ ഇതില്‍ ഉറച്ചു നില്‍ക്കുന്നതെന്നും സുഗുണന്‍ വിശദീകരിക്കുന്നു.
തന്റെ ഇത്രയും വര്‍ഷത്തെ ഡ്രൈവര്‍ജീവിതത്തിനിടയില്‍ ഒരു അപകടം പോലും ഉണ്ടാക്കിയിട്ടില്ല എന്നു സുഗുണന്‍. അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ ആരും തയാറാകാത്തതിനു പിന്നില്‍ പോലീസ് കേസ് ഉള്‍പ്പെടെയുള്ള നൂലാമാലകള്‍ ഉണ്ടാകുമെന്ന ഭയമാണെന്നു സുഗുണന്‍ കരുതുന്നു. ആശുപത്രിയില്‍ എത്തിക്കുന്നയാള്‍ പ്രതിയാക്കപ്പെടുന്ന അവസ്ഥാവിശേഷം ഇവിടെയുണ്ട്. സുഗുണനും ഇത്തരം അനുഭവങ്ങള്‍ അപരിചിതമല്ല.
തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താലൂക്കാശുപത്രി സൂപ്രണ്ടില്‍ നിന്നും ചെയര്‍മാനില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നിര്‍ലോപമായ സഹകരണമാണു ലഭിക്കുന്നതെന്നു സുഗുണന്‍ സംതൃപ്‌തിയോടെ പറഞ്ഞു. കഴിഞ്ഞ ദിവസം താലൂക്കാശുപത്രി അധികൃതരുടെ യോഗം സുഗുണനെ അനുമോദിച്ചിരുന്നു. സുഗുണന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഭാര്യ സരളയും മൂന്നു മക്കളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ധാര്‍മിക പിന്തുണയുമുണ്ട്. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും, അപകടത്തില്‍പ്പെടുന്നവരായിതാന്‍ കണ്ടെത്തുന്നവരുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍തന്നെയാണ് സുഗുണന്റെ തീരുമാനം.
ഫോട്ടോ: പി.ജി. രവികുമാര്‍


No comments:
Post a Comment